മിഅ്‌റാജ് രാവിന്റെ സവിശേഷത പണ്ഡിതന്‍മാരുടെ വീക്ഷണത്തില്‍

റജബ് മാസത്തിലെ ഇരുപത്തിയേഴാം രാവിനെ മുസ്‌ലിംകളില്‍ ചിലര്‍ ഇസ്‌റാഅ് മിഅ്‌റാജ് രാവായി ആഘോഷിക്കാറുണ്ട്. പ്രവാചകന്‍(സ) ഇസ്‌റാഅ് യാത്ര നടത്തിയത് ഈ രാവിലായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണത്. യഥാര്‍ത്ഥത്തില്‍ നബി(സ)യുടെ ഇസ്‌റാഅ് റജബ് 27-നായിരുന്നുവെന്നത് സ്ഥിരീകരിക്കപ്പെടാത്ത ഒന്നാണ്. റബീഉല്‍ ആഖിര്‍ ഇരുപത്തിയേഴിനായിരുന്നു(1) എന്നും അതല്ല റബീഉല്‍ അവ്വല്‍ 27-നായിരുന്നു(2) എന്നും പറയപ്പെടുന്നുണ്ട്.

ഇബ്‌നു റജബ് പറയുന്നു: നബി(സ)യുടെ ഇസ്‌റാഅ് റജബ് 27-നായിരുന്നുവെന്ന് ആധികാരികമല്ലാത്ത പരമ്പരയിലൂടെ അല്‍-ഖാസിം ബിന്‍ മുഹമ്മദില്‍ നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇബ്‌റാഹീം ഹര്‍ബിയെ പോലുള്ളവര്‍ അത് നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.(3)
ചില കാഥികരുടെ വാക്കുകളാണതെന്ന് ഹാഫിദ് ഇബ്‌നു ഹജര്‍ അതിനെ കുറിച്ച് വിവരിച്ചിട്ടുണ്ട്.(4)

ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നു ബാസ് പറയുന്നു: 'ഇസ്‌റാഅ് മിഅ്‌റാജ് സംഭവിച്ച രാത്രിയേതാണെന്ന് നിര്‍ണയിച്ചു കൊണ്ടുള്ള ശരിയായ ഹദീസുകളൊന്നും തന്നെ വന്നിട്ടില്ല. അത് റജബിലാണോ അല്ലയോ എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല. അത് ഏതാണെന്ന് നിര്‍ണയിച്ച് വന്നിട്ടുള്ള റിപോര്‍ട്ടുകളൊന്നും ആധികാരികമല്ലെന്നാണ് ഹദീസ് നിദാശാസ്ത്ര വിദഗ്ദര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്.' അത് ഏത് ദിവസമാണെന്ന് പോലും കൃത്യമായി അറിയാത്ത സാഹചര്യത്തില്‍ അതിനെങ്ങനെ പ്രത്യേക സവിശേഷതകള്‍ കല്‍പിച്ചു നല്‍കും? പ്രവാചകന്‍(സ)യോ അനുയായികളോ അത് ആഘോഷിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അത് ആഘോഷിക്കാന്‍ അനുവാദവുമില്ല. ഇസ്‌ലാം അംഗീകരിച്ചിട്ടുള്ള ഒരു കാര്യമായിരുന്നു അതെങ്കില്‍ ഒന്നുകില്‍ നബി(സ) പ്രവൃത്തിയിലൂടെ അതിന് മാതൃക കാണിച്ചു തരേണ്ടിയിരുന്നു, അല്ലെങ്കില്‍ വാക്കാല്‍ അറിയിക്കുകയെങ്കിലും വേണ്ടിയിരുന്നു. അങ്ങനെ ഒന്ന് സംഭവിച്ചിരുന്നുവെങ്കില്‍ സഹാബിമാര്‍ അത് റിപോര്‍ട്ട് ചെയ്യുകയും അറിയപ്പെടുന്ന ഒന്നായി അത് മാറുകയും ചെയ്യുമായിരുന്നു.(5)

ശൈഖ് മുഹമ്മദ് ബിന്‍ ഉഥൈമീന്‍ പറയുന്നു: 'പ്രവാചകന്‍(സ) അല്ലാഹുവിന്റെ അടുത്തേക്ക് യാത്ര നടത്തിയ മിഅ്‌റാജ് രാവ് റജബ് 27-നായിരുന്നെന്ന് ജനങ്ങളില്‍ ചിലര്‍ വാദിക്കാറുണ്ട്. ചരിത്രപരമായി സ്ഥിരീകരിക്കപ്പെട്ട ഒന്നല്ല ഇത്. സ്ഥിരപ്പെടാത്ത എല്ലാ കാര്യങ്ങളും അസാധുവാണ്.(6)

മറ്റൊരിടത്ത് അദ്ദേഹം പറയുന്നു: മിഅ്‌റാജ് രാവ് റജബ് 27-നാണെന്ന് സ്ഥിരപ്പെട്ടു എന്ന് സങ്കല്‍പിച്ചാല്‍ തന്നെ, അതില്‍ പുതിയ ആഘോഷങ്ങളോ ആരാധനാ കര്‍മങ്ങളോ ആവിഷ്‌കരിക്കല്‍ നമുക്ക് അനുവദനീയമല്ല. കാരണം പ്രവാചകന്‍(സ)യില്‍ അത്തരത്തില്‍ സ്ഥിരപ്പെട്ട റിപോര്‍ട്ടുകളൊന്നും ഇല്ല എന്നതാണ്. മിഅ്‌റാജ് യാത്ര നടത്തിയ പ്രവാചകന്‍(സ) അത് പറഞ്ഞതിന് ആധികാരിക റിപോര്‍ട്ടുകളില്ല. പ്രവാചക ചര്യക്കും ശരീഅത്തിനും ഏറ്റവുമധികം പ്രാധാന്യം നല്‍കിയ അദ്ദേഹത്തിന്റെ ആദ്യകാല അനുയായികളും അതിന് മാതൃക കാണിച്ചതിന് സ്ഥിരീകരിക്കപ്പെട്ട തെളിവുകളില്ല. പ്രവാചകനോ അനുയായികളോ അതിന് നല്‍കാത്ത പ്രാധാന്യം അതിന് നല്‍കാന്‍ നമുക്കെന്ത് അനുവാദമാണുള്ളത്.'(7)

ഓരോ വര്‍ഷവും ആവര്‍ത്തിച്ചു വരുന്ന റജബ് 27-ന് പ്രത്യേക സവിശേഷത നല്‍കുകയും പുതിയ പുതിയ ആഘോഷങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്യുന്നതിന് ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ പിന്‍ബലമില്ലെന്ന് മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നും വ്യക്തമാണ്. പൂര്‍വികരായ സഹാബിമാരോ താബിഇകളോ ഇത് ചെയ്തതിനും യാതൊരു തെളിവുമില്ല.(8)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറയുന്നു: 'റബീഉല്‍ അവ്വലിലെ നബിയുടെ ജന്മദിനമെന്ന് പറയപ്പെടുന്ന ദിനങ്ങള്‍, റജബിലെ ചില രാത്രികള്‍, ദുല്‍ഹജ്ജ് 18, റജബിലെ ആദ്യ വെള്ളിയാഴ്ച്ച, ശവ്വാല്‍ 8 പോലുള്ള പുണ്യവാന്‍മാരുടെ പെരുന്നാളുകളെന്ന് വിഡ്ഢികള്‍ വിശേഷിപ്പിക്കുന്ന ദിവസങ്ങള്‍ക്ക് ഇല്ലാത്ത സവിശേഷത കല്‍പിക്കുന്നത് പൂര്‍വികര്‍ അനഭികാമ്യമാക്കിയിട്ടുള്ള ബിദ്അത്താണ്. അവരത് ചെയ്തിരുന്നില്ല. പരിശുദ്ധനായ അല്ലാഹുവാണ് അതിനെ കുറിച്ച് നന്നായി അറിയുന്നവന്‍.' (9)

ഇബ്‌നുന്നുഹാസ് പറയുന്നു: അവയെല്ലാം (ഇസ്‌റാഅ് മിഅ്‌റാജ് ആഘോഷം ഉള്‍പ്പടെ) ദീനിലെ കൂട്ടിചേര്‍ക്കലാണ്. പിശാചിന്റെ ആളുകള്‍ ദീനില്‍ കടത്തിക്കൂട്ടിയവയാണവ. അതോപ്പം ധൂര്‍ത്തും സമ്പത്തിന്റെ ദുര്‍വിനിയോഗവും കൂടിയാണത്.'(10)

മിഅ്‌റാജ് രാത്രി ആഘോഷിക്കുന്നതിനെയും അന്ന് വിളക്ക് കത്തിക്കുന്നതിനെയും പാട്ടുപാടുന്നതിനെയും കുറിച്ച് സയ്യിദ് റശീദ് റിദയോട് ഒരിക്കല്‍ ചോദിച്ചു. അതിനദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: 'നിങ്ങള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ബിദ്അത്തുകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുക. അതില്‍ ഇസ്‌ലാമിന്റെ യാതൊരു വിധ അടയാളവും അതിലില്ല. എന്നാല്‍ അതിനെ ഇല്ലാതാക്കുകയും അസാധുവാക്കുകയും ചെയ്യേണ്ടത് യുക്തിയോടെയും സദുപദേശത്തോടെയുമായിരിക്കണം. മുസ്‌ലിംകള്‍ക്കിടയില്‍ പിളര്‍പ്പും വിഭാഗീയതയും ഉണ്ടാകുന്നത് സൂക്ഷിക്കുകയും വേണം.'(11)

ശൈഖ് മുഹമ്മദ് ബിന്‍ ഇബ്‌റാഹീം ആലുശ്ശൈഖ് പറയുന്നു: 'ഇസ്‌റാഅ് മിഅ്‌റാജിനെ അനുസ്മരിച്ച് ആഘോഷിക്കുന്നത് തെറ്റാണ്. അത് ദീനില്‍ കൂട്ടിചേര്‍ക്കലുമാണ്. ശരീഅത്ത് പ്രാധാന്യം നല്‍കാത്ത ദിനങ്ങള്‍ക്ക് മഹത്വം കല്‍പിച്ച് ജൂതന്മാരെയും ക്രിസ്ത്യാനികളെയും അനുകരിക്കുകയാണ് അവര്‍ ചെയ്യുന്നത്. മഹാനായ പ്രവാചകന്‍(സ)യാണ് നമുക്ക് ശരീഅത്ത് വിശദീകരിച്ചു തന്നിട്ടുള്ളത്. എന്തൊക്കെയാണ് അനുവദനീയം, നിഷിദ്ധം എന്ന് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. പിന്നീട് ഖലീഫമാരും സഹാബികളിലെ ഇമാമുമാരും താബിഈ പണ്ഡിതന്‍മാരും ജീവിച്ചപ്പോഴൊന്നും ഇത്തരത്തില്‍ അവര്‍ ആഘോഷിച്ചതായി കാണുന്നില്ല.(12)

ഇസ്‌റാഅ് മിഅ്‌റാജ് ആഘോഷങ്ങള്‍ നടത്തുന്നതും അതില്‍ പങ്കാളിയാവുന്നതും അനുവദനീയമല്ലെന്നും ബിദ്അത്താണെന്നും ഇതില്‍ നിന്നെല്ലാം വളരെ വ്യക്തമാണ്.

വിവ: അഹ്മദ് നസീഫ്‌

 

(1) ذكره النووي رحمه الله عن إبراهيم الحربي: شرح صحيح مسلم (2/209).
(2) انظر: سبل الهدى والرشاد للصالحي (3/56).
(3) لطائف المعارف (ص:290).
(4) تبين العجب بما ورد في فضل رجب (ص:11).
(5) مجموع فتاوى ومقالات متنوعة (1/183).
(6) مجموع فتاوى الشيخ محمد بن عثيمين (3/297)، وانظر: قاموس البدع (ص:718).
(7) مجموع فتاوى ابن عثيمين (2/297).
(8) الأعياد المحدثة وموقف الإسلام منها (ص:208).
(9) مجموع الفتاوى (25/298).
(10) تنبيه الغافلين (ص:330).
(11) فتاوى محمد رشيد رضا (6/2479).
(12) فتاوى الشيخ محمد بن إبراهيم (3/103).

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics