ആഘാതങ്ങളെ നേരിടാന്‍ മക്കളെ സജ്ജരാക്കാം

ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ കുട്ടികളെ സംബന്ധിച്ചടത്തോളം വലിയ ഷോക്കായിരിക്കുമത്. വല്ല്യുമ്മയുമായി വളരെ അടുത്തിടപഴകുന്ന കുട്ടിയുടെ വല്ല്യുമ്മയുടെ മരണം, രോഗം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുക, തന്റെ സ്‌കൂളില്‍ വെച്ച് രണ്ടു പേര്‍ മാന്യതക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നത് കാണുക, ഉപ്പ ഉമ്മയെ മാരകമായി മര്‍ദിക്കുന്നതിന് സാക്ഷിയാവുക തുടങ്ങിയ സാഹചര്യങ്ങള്‍ അത്തരത്തിലുള്ളതാണ്. ഇത്തരം സാഹചര്യങ്ങളില്‍ കുട്ടിക്കുണ്ടാകുന്ന ഷോക്കിനെ എങ്ങിനെ നാം കൈകാര്യം ചെയ്യും? അതിന്റെ ആഘാതം എങ്ങനെ അവര്‍ക്ക് ലഘുകരിച്ച് കൊടുക്കും? എങ്ങനെ അവരെ അതിനെ മറികടക്കുന്നവരാക്കി മാറ്റും?

വളരെയധികം പ്രസക്തിയുള്ള ഒരു ചോദ്യമാണിത്. കുട്ടികളുടെ മാനസികവും വൈകാരികവുമായ സംന്തുലിതത്വം മടക്കി കൊണ്ടുവരുന്നതിന് രക്ഷിതാക്കള്‍ ഇതിനെ കുറിച്ച് ബോധവാന്‍മാരായിരിക്കണം. കൗമാര പ്രായക്കാരായ കുട്ടികളിലാകുമ്പോള്‍ ഇതിന്റെ ആഘാതം പലപ്പോഴും കൂടുതല്‍ ശക്തമാവുന്നു. രണ്ട് കാരണങ്ങളാണ് അതിനുള്ളത്. ഒന്നാമത്തേത് അപ്രതീക്ഷിതമായിട്ടുണ്ടാവുന്ന സംഭവം സൃഷ്ടിക്കുന്ന ആഘാതം. ആ പ്രത്യേക ഘട്ടത്തിന്റെ മാറിമറിയുന്ന സവിശേഷമായ മാനസികാവസ്ഥയാണ് രണ്ടാമത്തേത്. അതുകൊണ്ടാണ് പലരും അത്തരം അവസ്ഥകളില്‍ മരണത്തെയും ആത്മഹത്യയെയും കുറിച്ച് ചിന്തിക്കുന്നത്.

ഈ ചോദ്യത്തിനുള്ള മറുപടിയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് മാതാപിതാക്കളോട് രഹസ്യമായി ഒരു കാര്യം പറയാനുണ്ട്. അപ്രതീക്ഷിത സംഭവങ്ങളും പരീക്ഷണങ്ങളും ജീവിതത്തിന്റെ ഭാഗമാണെന്ന് ഉള്‍ക്കൊള്ളാന്‍ നമുക്കാവണം. ഒരു അവസ്ഥയും സ്ഥിരമല്ല. കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യുന്നതിനിടയില്‍ അല്ലാഹു ഒരവസ്ഥയില്‍ നിന്നും മറ്റൊരവസ്ഥയിലേക്ക് മാറ്റുമെന്നുള്ള കവിയുടെ വാക്യം അര്‍ത്ഥവത്താണ്.

മാറ്റങ്ങള്‍ പലതരത്തിലുള്ളതാണ്. മഴ, കാറ്റ്, വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള കാലാവസ്ഥാ പരമായ മാറ്റങ്ങളുണ്ട്. വിവാഹമോചനം, മരണം, രോഗം, റോഡപകടങ്ങള്‍, ആക്രമണത്തിന് വിധേയമാകുക തുടങ്ങിയ സാമൂഹിക മാറ്റങ്ങളാവാം. പ്രകൃതം മാറിമറിയല്‍, ഉറക്കത്തിന്റെ ആധിക്യം, ഇടക്കിടെ വരുന്ന മാനസിക സമ്മര്‍ദങ്ങളും സംഘര്‍ഷങ്ങളും, ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം തുടങ്ങിയ ഓരോ ജീവിത ഘട്ടത്തിലേക്കും മാറുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകള്‍ തുടങ്ങിയവയെല്ലാം മാനസികമായ മാറ്റങ്ങളാണ്.

നഷ്ടപ്പെടലുകളോ വിയോഗമോ പോലുള്ള കാര്യങ്ങള്‍ ഉണ്ടാക്കുന്ന ആഘാതം കുട്ടികളില്‍ അവരുടെ കുട്ടിത്തത്തിന്റെ ലോകം തകര്‍ന്നടിയുന്നതിലേക്ക് എത്തിക്കുന്നു. സുരക്ഷിതത്വ ബോധം അവര്‍ക്ക് നഷ്ടമാകുന്നു. അതിനെ വേണ്ടവിധം കൈകാര്യം ചെയ്തില്ലെങ്കില്‍ ലോകത്തെ ഭയത്തോടെ നോക്കികാണുന്ന പ്രകൃതത്തിന്റെ ഉടമയായിട്ടവന്‍ മാറുന്നു. തന്നെ വേദനിപ്പിക്കാനും അക്രമിക്കാനുമാണ് ആളുകള്‍ ശ്രമിക്കുന്നതെന്ന് അവന്‍ കരുതുന്നു. അല്ലെങ്കില്‍ ചുറ്റുപാടിലുമുള്ളവരിലുള്ള വിശ്വാസം അവന് നഷ്ടമാകുന്നു. ചിലപ്പോഴെല്ലാം ഇത്തരം ആഘാതത്തിന്റെ പ്രയാസം ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്നതിന് കാരണമാകാറുണ്ട്. അതവരില്‍ ഭയവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുന്നു. പലപ്പോഴും ബുദ്ധിയെയും ശരീരത്തെയുമെല്ലാം ബാധിക്കുന്ന മാനസിക രോഗത്തിന്റെ അവസ്ഥയിലേക്കും അത് മാറുന്നു. മറ്റുചിലപ്പോള്‍ അവന്റെ ഉറക്കം, ആഹാരം, പഠനം തുടങ്ങിയ കാര്യങ്ങളിലായിരിക്കും അത് പ്രതിഫലിക്കുക.

ആഘാതങ്ങളെ നേരിടാന്‍ അവശ്യമായ ശേഷി കുട്ടികളെ പഠിപ്പിക്കുന്നതില്‍ നാം വിജയിച്ചാല്‍ അവര്‍ക്ക് നല്ല ശിക്ഷണം നല്‍കുന്നതിലും നേരെയാക്കുന്നതിലും നമുക്ക് വിജയിക്കാം. ചെറുപ്പത്തില്‍ അവന്റെ പ്രിയപ്പെട്ട കുരുവി കുഞ്ഞിന്റെ മരണത്തില്‍ തന്നെ ആ പാഠം നാം ആരംഭിച്ചാല്‍ നല്ല രീതിയിലുള്ള വളര്‍ച്ച നമുക്കതില്‍ പ്രതീക്ഷിക്കാം. ഭാവിയില്‍ അവന്‍ നേരിടേണ്ടി വരുന്ന ആഘാതങ്ങളെ ക്രിയാത്മകമായി നേരിടാനുള്ള ശക്തി വലുതാകുമ്പോള്‍ അവനില്‍ കാണാം.

ആഘാതങ്ങള്‍ ഒരുതരത്തില്‍ പരീക്ഷണങ്ങളാണ്. ചെറിയവരെയും വലിയവരെയും ഒരുപോലെ ബാധിക്കുന്നവയാണ് പരീക്ഷണങ്ങള്‍. 'മരണവും ജീവിതവുമുണ്ടാക്കിയവന്‍, നിങ്ങളില്‍ ആരാണ് ഭംഗിയായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍.' എന്നാണ് അല്ലാഹു പറയുന്നത്. പരീക്ഷണങ്ങളും ആഘാതങ്ങളും മനുഷ്യനെ ജീവിതത്തിലെ ലക്ഷ്യങ്ങളെയും വ്യക്തിത്വത്തെയും ജനങ്ങളോടുള്ള തന്റെ നിലപാടുകളെയും കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നവനാക്കുന്നു. സ്വന്തത്തെ കുറിച്ച് കൂടുതല്‍ അറിയാനത് സഹായിക്കുന്നു. എന്നാല്‍ ജീവിതത്തിലെ ആഘാതങ്ങളെ ക്രിയാത്മകമായി നേരിടുന്നതിന് മക്കളെ സഹായിക്കാനുതകുന്ന ഏഴ് കാര്യങ്ങളാണ് ഇവിടെ പറയാനുദ്ദേശിക്കുന്നത്.

1) തന്റെ സ്രഷ്ടാവിനെ മനസ്സിലാക്കി അവനുമായുള്ള കുട്ടിയുടെ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് ഏഴു കാര്യങ്ങളില്‍ ഒന്നാമത്തേത്. സ്രഷ്ടാവായ അല്ലാഹു കാരുണ്യവാനും ഉദാരനും യുക്തിജ്ഞനും നീതിമാനുമാണ്. തനിക്ക് ഒരു ആഘാതമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ എന്തോ യുക്തിയും നീതിയും അല്ലാഹു കണക്കാക്കിയിട്ടുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ അത് മനസിന് ശാന്തിയും കുളിര്‍മയും നല്‍കും.
2) അല്ലാഹു മനുഷ്യന് വിധിച്ചിരിക്കുന്ന എല്ലാത്തിലും നന്മയുണ്ടെന്ന് അവനെ പഠിപ്പിക്കണം. എന്നാല്‍ നമുക്ക് അപ്രതീക്ഷിതമായ ഒരു ആഘാതമുണ്ടാകുന്ന വേളയില്‍ അതിലെ നന്മ എന്തെന്ന് നമുക്ക് അറിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഭാവിയില്‍ നമുക്കത് കണ്ടെത്താനാവും.
3) കുട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്ന ആഘാതത്തെ കുറിച്ചുള്ള അവന്റെ സംസാരത്തിനും ആവലാതിക്കും ചെവികൊടുക്കുക. അവനില്‍ നിന്ന് വിട്ടുനില്‍ക്കുകയോ അവന്റെ വായടപ്പിക്കുന്ന രീതിയിലുള്ള മറുപടികള്‍ നല്‍കി സംസാരം അവസാനിപ്പിക്കുകയോ ചെയ്യരുത്. തന്റെ ദുഖങ്ങളെയും സങ്കടങ്ങളെയും കുറിച്ച് അവന്‍ ആവോളം പറയട്ടെ എന്നാണ് വെക്കേണ്ടത്. അതിലൂടെ അവന്റെ ഉള്ളിലുള്ളതെല്ലാം പുറത്ത് വരട്ടെ. നല്ല ഒരു കേള്‍വിക്കാരനാവുന്നതിലൂടെ ആഘാതത്തിന്റെ ശക്തി വലിയൊരളവ് വരെ കുറക്കാന്‍ നമുക്ക് സാധിക്കും.
4) ദേഷ്യം നിറഞ്ഞിരിക്കുന്ന അവന്റെ വൈകാരിക പ്രകടനങ്ങളെ ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കണം. കുട്ടി തെറ്റായ രൂപത്തില്‍ തന്റെ വികാരം പ്രകടിപ്പിക്കും, പ്രത്യേകിച്ചും കൗമാര പ്രായത്തിലുള്ളവര്‍. ആത്മഹത്യയെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്, ജീവിതത്തില്‍ നിന്നൊന്ന് രക്ഷപ്പെട്ടിരുന്നെങ്കില്‍, മരണമാണ് നല്ലത് തുടങ്ങിയ തെറ്റായ വാക്കുകള്‍ അവരില്‍ നിന്നുണ്ടാവും. അപ്പോള്‍ നാം അവരെ അകറ്റി നിര്‍ത്തുകയല്ല വേണ്ടത്. മറിച്ച് അവരുടെ ഉള്ളിലുള്ള ഇത്തരം തെറ്റായ ചിന്തകളൊക്കെ നിശബ്ദരായി നാം കേള്‍ക്കണം. തന്റെ ഉള്ളിലുള്ള രോഷവും ദേഷ്യവുമെല്ലാം അവന്‍ പറഞ്ഞ് അവസാനിപ്പിച്ചതിന് ശേഷം സ്വബോധാവസ്ഥയിലേക്ക് തിരിച്ച് കൊണ്ടു വരണം. തന്റെ ഈ തോന്നലുകളൊന്നും ശരിയല്ലെന്ന് ശാന്തമായി അവനെ ബോധ്യപ്പെടുത്തണം.
5) കുട്ടിയെ അവനിഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് തിരിച്ചു വിടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. വര, പെയിന്റിംഗ്, കായിക വിനോദങ്ങള്‍ തുടങ്ങിയവയെല്ലാം അതിന് ഉദാഹരണങ്ങളാണ്. അതിലൂടെ അവനുണ്ടായിരിക്കുന്ന തെറ്റായ ചിന്തകള്‍ നീക്കി ഉന്മേഷവും ചടുലതയും പ്രധാനം ചെയ്യും.
6) സംഭവിച്ച ദുരന്തത്തിന്റെ പേരില്‍ അവരുടെ മുമ്പില്‍ വെച്ച് നാം തകര്‍ന്നു പോവുകയോ പൊട്ടിക്കരയുകയോ ചെയ്യരുത്. അഥവാ കരച്ചിലടക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവരില്‍ നിന്ന് മാറി നിന്നായിരിക്കണമത്.
7) നെഗറ്റീവായ തന്റെ വികാരങ്ങള്‍ അവന്‍ പങ്കുവെക്കുമ്പോള്‍ അവന്റ കണ്ണുകളിലേക്കായിരിക്കണം നാം നോക്കേണ്ടത്. അതവര്‍ക്ക് ആശ്വാസവും നിര്‍ഭയത്വവും നല്‍കും. ഇടക്കിടെ അല്ലാഹുവെ കുറിച്ച ഓര്‍മപ്പെടുത്തലുകള്‍ നടത്തുകയും സ്വന്തത്തോട് അണച്ചുപിടിച്ചും അവനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചും കൊണ്ടിരിക്കുകയും ചെയ്യുക.

ഇനി അങ്ങേയറ്റം ദുഖിതനും നിശബ്ദനുമായിട്ടാണ് നാം അവനെ കാണുന്നതെങ്കില്‍ അവന്റെ മനസ്സ് തുറന്ന് സംസാരിപ്പിക്കുന്നതിന് നാം ശ്രമിക്കണം. അപ്രതീക്ഷിതമായ എന്തോ ഒന്ന് സംഭവിച്ച കാരണം അതിന്റെ ആഘാതത്തില്‍ കഴിയുന്ന കുട്ടിക്ക് അതില്‍ നിന്ന് മോചനം നല്‍കുന്നതിന്റെ ഭാഗമാണ് അവന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിക്കുന്നത് എന്ന് നാം തിരിച്ചറിയുക.

മൊഴിമാറ്റം : നസീഫ്‌

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics