മണലാരണ്യത്തില്‍ വിസ്മയം തീര്‍ത്ത പുഷ്പനഗരിയിലൂടെ

മണലാരണ്യങ്ങള്‍ ദൈവാനുഗ്രഹങ്ങളിലെ സവിശേഷമായ ഒന്നാണ്. അതിന്റെ പരിസര പ്രകൃതി ചിത്രീകരിക്കാനും സംസ്‌കാര പൈതൃകത്തെ കുറിച്ച് വര്‍ണിക്കാനും അക്ഷരങ്ങള്‍ക്കാവില്ല. സമ്പുഷ്ടമായ പൗരാണിക അറബ് സാംസ്‌കാരിക തനിമ കാത്ത് സൂക്ഷിക്കാന്‍ അറബികളുടെ ശ്രമങ്ങള്‍ പലപ്പോഴും നമ്മെ ആശ്ചര്യപ്പെടുത്തും. സൗദി അറേബ്യയില്‍ ജിദ്ദയില്‍ നിന്നും 350 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വ്യവസായിക നഗരിയായ യാമ്പുവിലെ ഒരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഈ കുറിപ്പുകാരന് പ്രവാസ ജീവിതത്തിനിടയില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ ചില ദൃശ്യങ്ങള്‍ വായനക്കാരുമായി പങ്കുവെക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. ചെങ്കടല്‍ തീരത്ത് തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുന്ന യാമ്പുവിന് ചരിത്രകാരന്മാര്‍ ചെങ്കടലിന്റെ 'മുത്ത്' എന്ന വിശേഷണമാണ് നല്‍കിയിരിക്കുന്നത്. കടലിന്റെര ഉറവിടം എന്ന അര്‍ഥം വരുന്ന 'അല്‍ യന്ബുഉല്‍ ബഹ്ര്‍!' എന്നാണ് ഈ വ്യവസായ പട്ടണത്തിന് അറബിയില്‍ വിളി ക്കുന്ന നാമം. ഇസ്‌ലാമും ഇസ്‌ലാമിന്റെ ശത്രുക്കളും ആദ്യമായ് ഉണ്ടായ യുദ്ധമാണ് ബദ്ര്‍ യുദ്ധം. ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയ ബദറിലേക്ക് യാമ്പുവില്‍ നിന്നും വെറും 90 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. മദീനയിലേക്ക് 230 കിലോ മീറ്ററും പരിശുദ്ധ മക്കനഗരിയിലേക്ക് 370 കിലോമീറ്ററും ആണ് അകലമുള്ളത്. പഴയ കാലത്ത് ചെറിയ വ്യാപാരങ്ങള്‍ നടത്തിയിരുന്ന കൊച്ചു തുറമുഖമായിരുന്ന യാമ്പു ഇപ്പോള്‍ അഭൂതപൂര്‍വമായ വികസനത്തിന്റെ കുതിപ്പിലാണ്. പെട്രോളിയത്തിന്റെറയും കെമിക്കല്‍ ഉത്പന്നങ്ങളുടെയും അന്താരാഷ്ട്ര കയറ്റുമതിയുടെ സൗദിയിലെ പ്രധാന തുറമുഖമാണ് ഇപ്പോള്‍ ഈ പ്രദേശം. പ്രവാചകന്മാരുടെ കാലത്തെ പല ചരിത്ര സംഭവങ്ങള്‍ക്കും മൂകസാക്ഷിയായി മാറിയ ചെങ്കടലിന്റെ തീരത്ത് ശാന്ത സുന്ദരമായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ നഗരം അപൂര്‍വ പുഷ്പമേള ഒരുക്കുന്ന നഗരിയെന്ന ബഹുമതിയിലൂടെ ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.

അറേബ്യന്‍ മണ്ണിലെ ഊഷരമായ മരുത്തടമെന്നു കരുതപ്പെടുന്ന പാഴ്ഭൂമിയില്‍ കാലികളെ വളര്‍ത്തിയും കൃഷി നടത്തിയും ജീവിതം നയിച്ചിരുന്നവരായിരുന്നു പഴയ അറബികള്‍. കാലഗമനത്തില്‍ ആധുനികതയുടെ ആര്‍ഭാടത്തില്‍ മുങ്ങി ജീവിക്കുമ്പോള്‍ പഴമയുടെ പൊരുളും സംസ്‌കാരിക തനിമയും കെടാതെ സൂക്ഷിക്കാനും അറബികള്‍ക്ക് സാധിച്ചു. മരുഭൂമിയിലെ ജനജീവിതത്തിന്റെ താളക്രമത്തിന്നു കാലോചിതമായ പരിവര്‍ത്തനങ്ങള്‍ വന്നത് പോലെ മേളകളിലും വേറിട്ട മാറ്റങ്ങള്‍ നമുക്ക് ദൃശ്യമാണ്. മരുഭൂമിയുടെ വരള്‍ച്ചക്കും വിരസതക്കും വിട നല്‍കി സ്വദേശികളുടെയും വിദേശികളുടെയും മനംകവരാന്‍ വിസ്മയക്കാഴ്ച തീര്‍ക്കുന്ന ഏതൊരു ദൃശ്യവും രാപ്പകലുകളെ ധന്യമാക്കുന്നു. ചേതോഹാരിത മുറ്റി നില്‍ക്കുന്ന വര്‍ണാഭയില്‍ കുളിച്ച പൂങ്കാവനങ്ങള്‍ ഏതൊരു മനുഷ്യ മനസ്സിനെയും കീഴടക്കുന്നത് തന്നെയാണ്. അതും മരുഭൂമിയുടെ മരുത്തടത്തിലെവിടെയോ ആകുമ്പോള്‍ നമ്മുടെ ആശ്ചര്യം ഒന്നുകൂടി വര്‍ധിക്കും. പ്രകൃതിയെ അടുത്തറിഞ്ഞ അറേബ്യന്‍ സമൂഹം മരുഭൂമിയിലെ കണ്ണഞ്ചിപ്പിക്കുന്ന പൂക്കളുടെ അപൂര്‍വമായ കാഴ്ച ഭംഗി ആവിഷ്‌കരിക്കുന്നത് കാണുമ്പോള്‍ നമ്മെ അത്ഭുതസ്തബ്ധരും ആനന്ദഭരിതരുമാക്കുന്നു.

വര്‍ഷം തോറും നടക്കാറുള്ള 'ഫ്ലവര്‍ ആന്റ് ഗാര്‍ഡന്‍ ഫെസ്റ്റ്' ഈ നഗരിയിലെ വേറിട്ട കാഴ്ചയാണ്. ഒമ്പതാമത്തെ വര്‍ഷമാണ് തുടര്‍ച്ചയായി ഈ ദൃശ്യവിരുന്ന് സംഘടിപ്പിച്ചു വരുന്നത്. സൗദി ഭരണകൂടത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണാധികാരമുള്ള 'റോയല്‍ കമ്മീഷന്‍' വിഭാഗമാണ് മേളയുടെ സംഘാടകര്‍. വിപുലമായ മുന്നൊരുക്കങ്ങളോടെയാണ് ഓരോ വര്‍ഷവും ഇത് നടത്താറുള്ളത്. അപരിചിതമായ പുഷ്പാനുഭവങ്ങള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു തരുന്ന വര്‍ണ വൈ വിധ്യമുള്ള പൂക്കളുടെ വര്‍ണോത്സവത്തിനു യാമ്പു റോയല്‍ കമീഷനിലെ അല്‍ മുനാസബാത്ത് എന്ന പേരിലുള്ള പാര്‍ക്കാണ് സജ്ജമാക്കാറുള്ളത്. പൂര്‍ണമായും സൗജന്യമായി പ്രദര്‍ശനം ദര്‍ശിക്കാന്‍ മൂന്നാഴ്ചക്കാലം അവസരം ലഭിക്കുന്നു. പ്രദര്‍ശനം കാണാന്‍ ഓരോ ദിവസവും പതിനായിരങ്ങള്‍ ആണ് യാമ്പുവിലെത്താറു ള്ളത്. കഴിഞ്ഞ വര്‍ഷം നടത്തിയ മേളയിലെ വിശാലമായ പുഷ്പപരവതാനി കാണികള്‍ക്ക് വിസ്മയ കാഴ്ച ഒരുക്കിയതോടൊപ്പം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുകയും ചെയ്തു. ചൈനയുടെ 7500 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടന്നിരുന്ന പരവതാനിയെ പിന്തള്ളി ഇത് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ച വിവരം ഗിന്നസ് ബുക്ക് പ്രതിനിധി പ്രവീണ്‍ പട്ടേല്‍ യാമ്പുവിലെത്തിയാണ് പ്രഖ്യാപിച്ചത്. ഏഴു പൂക്കള്‍ വീതമുള്ള മൂന്നു ലക്ഷത്തിലധികം വിവിധയിനം ചെടികളാല്‍ നയന മനോഹരമായി ഒരുക്കിയ ദൃശ്യവിരുന്നിലെ പ്രധാന ആകര്‍ഷണവും 10712 ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചു കിടക്കുന്ന ഈ പൂപരവതാനി തന്നെയാണ്.

സന്ദര്‍ശകകര്‍ക്ക് കമനീയമായ ഉത്സവമൊരുക്കാന്‍ തയ്യാറാക്കിയ മനം കുളിര്‍ക്കുന്ന വൈവിധ്യ മാര്‍ന്ന പൂക്കളുടെയും അലങ്കാര ചെടികളുടെയും വന്‍ ശേഖരം അവി സ്മരണീയ കാഴ്ചയാവാറുണ്ട്. വിവിധ തരം റോസ് പൂക്കളുടെയും മുല്ലപ്പൂക്കളുടെയും വൈവിധ്യങ്ങള്‍, ജമന്തി, ലില്ലിയം ഡാലിയ, ചെണ്ടുമല്ലി, കാര്‍ണീഷ്യം, ജര്‍ബറ, ശീതപ്പൂ തുടങ്ങി എണ്ണമറ്റ ഇനം പൂക്കളുടെ സൗന്ദര്യം കണ്ണഞ്ചിപ്പിക്കുന്നത് തന്നെയാണ്. യാമ്പു റോയല്‍ കമ്മീഷനു കീഴിലെ പ്രത്യേക നഴ്‌സറികളില്‍ കൃഷി ചെയ്ത് പൂക്കള്‍ ഒരുക്കിയാണ് മേളയിലേക്ക് ആവശ്യമായ പൂക്കളിലധികവും എത്തുന്നത്. പ്രദര്‍ശനം വീക്ഷിക്കാന്‍ എത്തുന്ന സന്ദര്‍ശകരെ വരവേല്‍ക്കാന്‍ യാമ്പു റോയല്‍ കമ്മീഷന്‍ വഴിയോരങ്ങളും ചുറ്റുപാടുള്ള പാര്‍ക്കുകളും ഓഫീസ് അങ്കണങ്ങളും വിദ്യാലയങ്ങളും പൂക്കളാല്‍ അലങ്കരിക്കുക പതിവാണ്. കെട്ടിലും മട്ടിലും മോടി പിടിപ്പിച്ച പ്രവേശന കവാടത്തിനരികെ 65 അന്താരാഷ്ട്ര ഭാഷകളിലും സന്ദര്‍ശകരെ സ്വാഗതം ചെയ്തുള്ള വലിയ സ്വാഗത ഭിത്തിയും പന്ത്രണ്ടു ലക്ഷത്തി എഴുപതിനായിരം പുഷ്പങ്ങളില്‍ തീര്‍ത്ത സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ രേഖാചിത്രവും സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന കാഴ്ച്ചകളാണ്. പുഷ്പ നഗരിയിലേക്ക് പോകുമ്പോള്‍ റോഡിനിരുവശവും നാട്ടിലെ കായലോരങ്ങളെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ തെങ്ങുകള്‍ വളര്‍ന്ന് നില്‍ക്കുന്ന കാഴ്ച മലയാളിയെ ജന്മനാടിന്റെ ഓര്‍മകളിലേക്ക് നയിക്കുന്നു. പ്രത്യേക നിര്‍മാണ വൈഭവത്തോടെ കലാപരമായി ഒരുക്കിയ അഴകാര്‍ന്ന നടപ്പാതകളും പുഷ്പനഗരിയുടെ മനോഹരമായ കാഴ്ചയാണ്.

റോയല്‍ കമീഷന്‍ നാല്‍പതാം വാര്‍ഷികമാഘോഷിക്കുന്ന വേളയിലെ പുഷ്‌പോത്സവങ്ങള്‍ക്ക് ഒന്നുകൂടി ചാരുതയേകാന്‍ വലിയ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധവെച്ചിട്ടുണ്ട്. ജിദ്ദ, ത്വാഇഫ്, തബൂക്ക്, മദീന, മക്ക, കസീം തുടങ്ങിയ ദൂരദേശങ്ങളില്‍ നിന്ന് മേളയിലേക്ക് സന്ദര്‍ശക പ്രവാഹം എന്നുമുണ്ടാകാറുണ്ട്. ഒറ്റക്കും കുടുംബത്തോടോപ്പവും ഉല്ലാസ യാത്രയായും വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന സ്വദേശികളും വിദേശികളും യാമ്പുവിലെത്തുമ്പോള്‍ സന്ദര്‍ശിക്കാന്‍ വേറെയും ഇടങ്ങളുണ്ട്. ബീച്ച് ഹൈവേയിലെ വിശാലമായ ചൈന ഹാര്‍ബര്‍ പാര്‍ക്കും യാമ്പു തടാകവും ഹെറിട്ടേജ് സിറ്റിയും ശറം ബീച്ചിലെ ബോട്ടിങ്ങും ഉല്ലാസദായകം തന്നെ. പ്രദര്‍ശന നഗരിയുടെ രാത്രിക്കാഴ്ച്ച മനോഹരമാക്കാന്‍ സംവിധാനിച്ച വര്‍ണ മനോഹരമായ കണ്ണഞ്ചി പ്പിക്കുന്ന വൈദ്യുത ദീപങ്ങളുടെ അലങ്കാരങ്ങളും പരിമളം പരത്തുന്ന പൂക്കളും സൗരഭ്യവും സൗന്ദര്യവും ചൊരിഞ്ഞ് കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ആനന്ദം പകരും. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള വിനോദ പരിപാടികളും ഉദ്യാന നിര്‍മാണത്തിലെ വിദഗ്ധ കമ്പനികളുടെ കേന്ദ്രങ്ങളും പ്രശസ്ത റെസ്റ്റോറന്റുകളുടെ രുചി വൈവിധ്യമാര്‍ന്ന ഫുഡുകോര്‍ട്ടുകളും അലങ്കാരമത്സ്യങ്ങളുടെ അക്വാറിയവും പാരമ്പര്യ കൈത്തൊഴില്‍ ഉല്‍പന്നങ്ങളുടെയും വിവിധയിനം വളര്‍ത്തുപക്ഷികളുടെ പ്രദര്‍ശനവും വില്പനയും കലാസാംസ്‌കാരിക പരിപാടികളും യാമ്പുവിന്റെ സായാഹ്നങ്ങളെ സജ്ജീവമാക്കുന്നു.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics