നരകത്തിലെ ശിക്ഷ അവസാനിക്കുമോ?

നരകവാസികളോടുള്ള അല്ലാഹുവിന്റെ കാരുണ്യത്തിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമായി നരകത്തിലെ ശിക്ഷ നിശ്ചിത കാലം കഴിഞ്ഞാല്‍ അവസാനിപ്പിക്കുമെന്ന് കുറിക്കുന്ന മൂന്ന് ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഒന്നാണിത്. അല്ലാഹു ഉദ്ദേശിച്ച ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അവര്‍ക്കുള്ള ശിക്ഷ അവന്‍ അവസാനിപ്പിക്കും. അതിന് തെളിവായി മൂന്ന് സൂക്തങ്ങളെയാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ എടുത്തുകാണിക്കുന്നത്.

ഒന്ന്, 'അല്ലാഹു അരുളും: `ശരി, ഇനി നരകമാകുന്നു നിങ്ങളുടെ സങ്കേതം. അതില്‍ നിങ്ങള്‍ എന്നെന്നും വസിക്കുന്നവരാകുന്നു.` അല്ലാഹു രക്ഷിക്കാനുദ്ദേശിച്ചവര്‍മാത്രം അതില്‍നിന്നു രക്ഷപ്പെടുന്നു.' (അല്‍-അന്‍ആം: 128)
രണ്ട്, 'നിര്‍ഭാഗ്യവാന്മാരായവര്‍ നരകത്തിലേക്കു പോകുന്നു. (കഠിനമായ താപത്താലും ദാഹത്താലും) അവിടെ അവര്‍ കിതച്ചുകൊണ്ടും ചീറിക്കൊണ്ടുമിരിക്കും. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലം അവര്‍ ഇതേ അവസ്ഥയില്‍ കഴിയേണ്ടിവരും നിന്റെ റബ്ബ് മറിച്ചു വിചാരിച്ചാലല്ലാതെ. നിശ്ചയം നിന്റെ റബ്ബ് ഇച്ഛിച്ചതു ചെയ്യുന്നതിന് പരമാധികാരമുള്ളവനാകുന്നു. എന്നാല്‍ ഭാഗ്യം സിദ്ധിച്ചവരോ, അവര്‍ പോകുന്നത് സ്വര്‍ഗത്തിലേക്കാകുന്നു. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലം അവരതില്‍ നിത്യവാസികളാകുന്നുനിന്റെ റബ്ബ് മറിച്ചു വിചാരിച്ചാലല്ലാതെ. അവര്‍ക്ക് ഇടതടവില്ലാതെ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും.' (ഹൂദ്: 106-108)

ദൗര്‍ഭാഗ്യവാന്‍മാരായിട്ടുള്ള നരകത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍ ആകാശഭൂമികള്‍ നിലനില്‍ക്കുന്ന കാലത്തോളം അല്ലാഹു ഉദ്ദേശിച്ചാല്‍ ഒഴികെ അതില്‍ ശാശ്വതരായിരിക്കും എന്നാണ് അല്ലാഹു പറയുന്നത്. അവരുടെ ശാശ്വതത്വം ദൈവനിശ്ചയവുമായി ബന്ധപ്പെട്ടതാണെന്ന് ഇത് വ്യക്തമാക്കുന്നു. 'നിശ്ചയം നിന്റെ നാഥന്‍ അവന്‍ ഇച്ഛിക്കുന്നത് നടപ്പാക്കുന്നു' എന്ന് പറഞ്ഞ് ഒന്നു കൂടി അതിനെ ശക്തിപ്പെടുത്തുന്നു. സകല സൃഷ്ടികളുടെയും സ്രഷ്ടാവും ആധിപത്യനുടയവനും നിരുപാധികം തീരുമാനമെടുക്കാന്‍ അധികാരമുള്ളവനുമാണവന്‍. അവന്‍ എന്തെങ്കിലും പ്രവര്‍ത്തിക്കാനുദ്ദേശിച്ചാല്‍ അവനെ തടയാനോ എതിര്‍ക്കാനോ ആരും തന്നെയില്ല. പ്രത്യേകിച്ചും അല്ലാഹുവിന്റെ കാരുണ്യവുമായി ബന്ധപ്പെട്ട വിഷയമാണിത്. കോപത്തേക്കാള്‍ അവനില്‍ മികച്ചു നില്‍ക്കുന്ന വിശേഷണമാണല്ലോ കാരുണ്യം. കാരുണ്യവാന്‍മാരിലെ ഏറ്റവും വലിയ കാരുണ്യവാന്‍ എന്ന് സ്വന്തത്തെ വിശേഷിപ്പിച്ച അവന്റെ കാരുണ്യം എല്ലാറ്റിലും വിശാലമായി കിടക്കുകയാണ്.

സ്വര്‍ഗത്തിലെ അനുഗ്രഹങ്ങളെ കുറിച്ച് പറഞ്ഞിരിക്കുന്നതും അത് നിലനില്‍ക്കുന്നതാണെന്നാണെന്ന് കാണാം. അതൊരിക്കലും നീങ്ങി പോവുകയില്ലെന്ന് പറഞ്ഞതിന് ശേഷം 'നിന്റെ നാഥന്‍ വിചാരിച്ചാലല്ലാതെ' എന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ തന്നെയും തൊട്ടുടനെ വീണ്ടും പറയുന്നു: 'നിലക്കാത്ത സമ്മാനം' എന്ന്.

ഇക്കാര്യം വ്യക്തമാക്കുന്ന മൂന്നാമത്തെ ആയത്താണ് സൂറത്തുന്നബഇല്‍ വന്നിരിക്കുന്ന 'യുഗങ്ങള്‍ അവരതില്‍ വസിക്കും' എന്ന സൂക്തം.

കാരുണ്യത്തിന്റെ നിറകുടമായ അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ച് പ്രതീക്ഷ ജനിപ്പിക്കുന്നവയാണ് ഈ മൂന്ന് സൂക്തങ്ങളും. ഒരു മാതാവിന് തന്റെ കുഞ്ഞിനോടുള്ള കാരുണ്യത്തേക്കാള്‍ തന്റെ അടിമകളോട് കാരുണ്യമുള്ളവനാണവന്‍. ആയിരമോ ലക്ഷങ്ങളോ വര്‍ഷത്തെ ശിക്ഷയുടെ കാലാവധി പിന്നിട്ട തന്റെ നിഷേധികളായ അടിമകള്‍ക്ക് അവന്‍ ആശ്വാസം നല്‍കുകയാണവന്‍. അവരെ ഇല്ലാതാക്കി കൊണ്ടാണത്. അവശേഷിക്കുക സ്വര്‍ഗത്തിലുള്ള വിശ്വാസികള്‍ മാത്രമാണ്. അടിമകളോടുള്ള അവന്റെ കാരുണ്യവും ദയയുമാണത് കുറിക്കുന്നത്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയും അദ്ദേഹത്തിന്റെ ശിഷ്യന്‍ ഇമാം ഇബ്‌നുല്‍ ഖയ്യിമും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇബ്‌നുല്‍ ഖയ്യിം അല്‍-ജൗസിയുടെ حادي الأرواح الى بلاد الأفراح، شفاء العليل في مسائل القضاء والقدر والحكمة والتعليل എന്നീ രണ്ട് സുപ്രസിദ്ധ  ഗ്രന്ഥങ്ങളിലത് വിശദീകരിക്കുന്നുണ്ട്. അതിന്റെ രത്‌നചുരുക്കം ഇവിടെ പരാമര്‍ശിക്കാനാഗ്രഹിക്കുകയാണ്.

ഒന്ന്: നരകത്തിന്റെ അനശ്വരതയെ കുറിച്ച് അദ്ദേഹം പറയുന്നു
നരകത്തിന്റെ അനശ്വരതയെ കുറിച്ച് അല്ലെങ്കില്‍ അത് നശിക്കുമെന്നതിനെ കുറിച്ച് ഏഴ് അഭിപ്രായങ്ങള്‍ പറഞ്ഞതില്‍ ഏഴാമത്തെതായി അദ്ദേഹം വിശദീകരിക്കുന്നത് നരകത്തിന് അത് ഇല്ലാതാക്കപ്പെടുന്ന ഒരു നിശ്ചിത കാലാവധി ഉണ്ടെന്നാണ്. പിന്നെ അതിന്റെ നാഥനും സ്രഷ്ടാവുമായ അല്ലാഹു അതിനെ നശിപ്പിക്കും. അതിന് വ്യത്യസ്തമായ തെളിവുകള്‍ അദ്ദേഹം നിരത്തുന്നുണ്ട്. അവയില്‍ പെട്ടതാണ്:-

1) നരകം ശാശ്വതമല്ലെന്ന് കുറിക്കുന്ന മൂന്ന് ഖുര്‍ആന്‍ സൂക്തങ്ങള്‍: സൂറത്തുന്നബഇലെ 23-ാം സൂക്തമായ 'യുഗങ്ങള്‍ അവരതില്‍ വസിക്കും' എന്നതാണ് അതില്‍ ഒന്നാമത്തേത്. യുഗങ്ങള്‍ അവരതില്‍ കഴിയും എന്നതു കൊണ്ട് നിര്‍ണിതമായ ഒരു കാലയളവാണ് ഉദ്ദേശ്യം. കാരണം അനന്തമായി നീണ്ടു പോകുന്ന ഒന്നിനെ കുറിക്കാന്‍ അഹ്ഖാബ് എന്നു പറയാറില്ല. ഈ സമുദായത്തില്‍ ഖുര്‍ആനികാശയങ്ങള്‍ ഏറ്റവും നന്നായി മനസ്സിലാക്കിയ സഹാബിമാര്‍ മനസ്സിലാക്കിയത് ഇതായിരുന്നു.

സൂറത്തുല്‍ അന്‍ആമിലെ 'അല്ലാഹു അരുളും: `ശരി, ഇനി നരകമാകുന്നു നിങ്ങളുടെ സങ്കേതം. അതില്‍ നിങ്ങള്‍ എന്നെന്നും വസിക്കുന്നവരാകുന്നു.` അല്ലാഹു രക്ഷിക്കാനുദ്ദേശിച്ചവര്‍മാത്രം അതില്‍നിന്നു രക്ഷപ്പെടുന്നു.' എന്നതാണ് രണ്ടാമത്തെ തെളിവ്. മൂന്നാമത്തേത് സൂറത്തുല്‍ ഹൂദിലെ 'നിര്‍ഭാഗ്യവാന്മാരായവര്‍ നരകത്തിലേക്കു പോകുന്നു. (കഠിനമായ താപത്താലും ദാഹത്താലും) അവിടെ അവര്‍ കിതച്ചുകൊണ്ടും ചീറിക്കൊണ്ടുമിരിക്കും. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലം അവര്‍ ഇതേ അവസ്ഥയില്‍ കഴിയേണ്ടിവരും നിന്റെ റബ്ബ് മറിച്ചു വിചാരിച്ചാലല്ലാതെ. നിശ്ചയം നിന്റെ റബ്ബ് ഇച്ഛിച്ചതു ചെയ്യുന്നതിന് പരമാധികാരമുള്ളവനാകുന്നു. എന്നാല്‍ ഭാഗ്യം സിദ്ധിച്ചവരോ, അവര്‍ പോകുന്നത് സ്വര്‍ഗത്തിലേക്കാകുന്നു. ആകാശവും ഭൂമിയും ഉള്ളിടത്തോളം കാലം അവരതില്‍ നിത്യവാസികളാകുന്നുനിന്റെ റബ്ബ് മറിച്ചു വിചാരിച്ചാലല്ലാതെ. അവര്‍ക്ക് ഇടതടവില്ലാതെ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും.' എന്ന സൂക്തവും. നരകവാസികളെ കുറിച്ച് പറഞ്ഞ ശേഷമുള്ള 'അല്ലാഹു ഉദ്ദേശിച്ചാലല്ലാതെ' എന്ന വേര്‍തിരിക്കല്‍ സ്വര്‍ഗവാസികളെ കുറിച്ചും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ശക്തമായ മറ്റ് തെളിവുകള്‍ ഒന്നും ഇ്ല്ലായിരുന്നുവെങ്കില്‍ രണ്ടിനും ഒരേ അര്‍ത്ഥം തന്നെയാണ് കല്‍പിക്കേണ്ടത്. എന്നാല്‍ നരകവാസികളെ കുറിച്ച പരാമര്‍ശത്തിന് ശേഷം അല്ലാഹു 'നിശ്ചയം നിന്റെ നാഥന്‍ അവനിച്ഛിക്കുന്നത് പ്രവര്‍ത്തിക്കുന്നവനാണ്' എന്നാണ് പറയുന്നത്. അതേസമയം സ്വര്‍ഗവാസികളെ കുറിച്ച പരാമര്‍ശത്തില്‍ 'നിലക്കാത്ത സമ്മാനം' എന്നുമാണ് പറഞ്ഞിട്ടുള്ളത്. അല്ലാഹുവിന്റെ സമ്മാനവും അനുഗ്രഹവും ഒരിക്കലും നിലക്കുകയില്ലെന്നാണ് ഇത് നമ്മെ അറിയിക്കുന്നത്. ഇതിനെ കുറിച്ച് സഹാബിമാര്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നും നമുക്ക് നോക്കാം.

2) സഹാബികളുടെയും താബിഇകളുടെയും അഭിപ്രായം:
ഉമര്‍(റ) പറയുന്നു: നരകവാസികള്‍ നരകത്തില്‍ മണല്‍ത്തരികളുടെ എണ്ണത്തോളം (എണ്ണിത്തിട്ടപ്പെടുത്താനാവാത്ത കാലത്തെ കുറിക്കുന്നതിനുള്ള പ്രയോഗം) കാലം കഴിഞ്ഞാല്‍ അതില്‍ നിന്ന് മോചിതരാകുന്നു ഒരു ദിവസം അവര്‍ക്കുണ്ട്.
ഇബ്‌നു മസ്ഊദ്(റ) പറയുന്നു: നരകത്തിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെടുന്ന ഒരു ദിവസം വരാനുണ്ട്. അന്നതില്‍ ആരും അതിലുണ്ടാവുകയില്ല. യുഗാന്തരങ്ങളോളം അവരതില്‍ താമസിച്ചതിന് ശേഷമായിരിക്കും അത്.
അബ്ദുല്ലാഹ് ബിന്‍ അംറ് ബിന്‍ ആസില്‍ നിന്നും ഇപ്രകാരം റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അബൂഹുറൈറ പറയുന്നു: നരകത്തിന് അതില്‍ ആരും അവശേഷിക്കാത്ത ഒരു ദിനം വരും. ശേഷം അദ്ദേഹം സൂറത്തുല്‍ ഹൂദിലെ 106 മുതലുള്ള മൂന്ന് സൂക്തങ്ങള്‍ അദ്ദേഹം പാരായണം ചെയ്തു.
'അല്ലാഹു ഉദ്ദേശിച്ചാല്‍ ഒഴികെ' എന്നുള്ളത് ഖുര്‍ആനിലെ താക്കീതുകളെ സംബന്ധിച്ച എല്ലാ ആയത്തുകള്‍ക്കും ഒപ്പം വന്നിട്ടുണ്ട്.
സൂറത്തുല്‍ ഹൂദിലെ 'അല്ലാഹു ഉദ്ദേശിച്ചാല്‍ ഒഴികെ' ഭാഗത്തെ വിശദീകരിച്ച് ഇബ്‌നു അബ്ബാസ് പറയുന്നു: അഗ്നിയോട് അവരെ ഭക്ഷിക്കാന്‍ അല്ലാഹു കല്‍പിക്കും.

3) അല്ലാഹുവിന്റെ കാരുണ്യം എല്ലാറ്റിനെയും ചൂഴ്ന്നു നില്‍ക്കുന്നു: അല്ലാഹുവിന്റെ കോപത്തേക്കാള്‍ മികച്ച് നില്‍ക്കുന്നത് അവന്റെ കാരുണ്യമാണ്. അവന് സ്വയം നിര്‍ബന്ധമാക്കിയ ഒന്നാണ് കാരുണ്യം. ശിക്ഷിക്കപ്പെടുന്ന നരകവാസികളിലും ആ കാരുണ്യമെത്തുന്നു. ശിക്ഷയില്‍ അവര്‍ അനന്തമായി തുടരുമ്പോള്‍ അവരിലേക്ക് അവന്റെ കാരുണ്യം എത്താതിരിക്കുകയാണ് ചെയ്യുന്നത്. 'നാഥാ, കാരുണ്യത്താലും ജ്ഞാനത്താലും നീ സകല വസ്തുക്കളെയും വലയം ചെയ്തിരിക്കുന്നുവല്ലോ.' (ഗാഫിര്‍: 7) അതുകൊണ്ട് തന്നെ അല്ലാഹുവിന്റെ അറിവ് എത്തുന്നിടത്ത് അവന്റെ കാരുണ്യവും എത്തേണ്ടതുണ്ട്.

അല്ലാഹു സ്വന്തത്തെ കാരുണ്യവാനും പാപങ്ങള്‍ പൊറുക്കുന്നവനും എന്ന നാം വിളിച്ചിരിക്കുന്നു. അതേസമയം ശിക്ഷിക്കുന്നവന്‍ എന്ന അര്‍ത്ഥമുള്ള നാമം അവനില്ല. എന്നാല്‍ ശിക്ഷിക്കല്‍ അവന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് താനും. അല്ലാഹു പറയുന്നു: 'പ്രവാചകന്‍, എന്റെ ദാസന്മാര്‍ക്ക് പറഞ്ഞുകൊടുക്കുക: ഞാന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു. അതോടൊപ്പം എന്റെ ശിക്ഷ അത്യധികം നോവുറ്റതുമാകുന്നു.' (അല്‍-ഹിജ്ര്‍: 49-50) സമാനആശയമുള്ള വേറെയും ആയത്തുകളുണ്ട്. പൊറുക്കുന്നവനും പാപങ്ങള്‍ പൊറുക്കുന്നവനും കാരുണ്യവാനുമെന്ന് സ്വന്തത്തെ വിശേഷിപ്പിച്ച അല്ലാഹു താന്‍ പ്രതികാരം ചെയ്യുന്നവനാണെന്നോ ശിക്ഷിക്കുന്നവനാണെന്നോ സ്വയം വിശേഷിപ്പിച്ചിട്ടില്ല. എന്നാല്‍ അല്ലാഹുവിന്റെ നാമങ്ങള്‍ എണ്ണിപ്പറയുന്ന ഹദീസില്‍ അത്തരം വിശേഷണം കാണാം, അത് തന്നെ സ്ഥിരീകരിക്കപ്പെടാത്തതാണ്.

4) അഹ്‌ലുസ്സുന്നയുടെ വീക്ഷണത്തില്‍ താക്കീതുകള്‍ റദ്ദാക്കാവുന്നതാണ്: താക്കീതുകള്‍ റദ്ദാക്കുന്നത് മാന്യതയും വിട്ടുവീഴ്ച്ചയും മാപ്പുനല്‍കലുമാണ്. അത് മുഖേന നാഥന്‍ വാഴ്ത്തപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുന്നു. കാരണം അവന്റെ അവകാശത്തില്‍ പെട്ടതാണത്. മാന്യന്‍ തന്റെ അവകാശം പൂര്‍ണമായി പിടിച്ചെടുക്കില്ല. അപ്പോള്‍ എല്ലാ മാന്യന്‍മാരേക്കാളും മാന്യനായ അല്ലാഹുവിന്റെ മാന്യത എത്ര അപാരമായിരിക്കും! ഇബ്‌നുല്‍ ഖയ്യിം ഇതിനെ ശക്തപ്പെടുത്തുന്ന കവിതകളും വരികളും എടുത്ത് പരാമര്‍ശിക്കുന്നുണ്ട്.

നിരുപാധികമായ താക്കീതുകളെ കുറിച്ചാണ് ഈ അഭിപ്രായം പറഞ്ഞിട്ടുള്ളത്. അപ്പോള്‍ 'നിശ്ചയം നിന്റെ നാഥന് അവന്‍ ഇച്ഛിക്കുന്നത് പ്രവര്‍ത്തിക്കുന്നവനാണ്' എന്ന് വേര്‍തിരിച്ച് പറഞ്ഞിട്ടുള്ള കാര്യത്തില്‍ അത് എത്രത്തോളം ശരിയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. അതുകൊണ്ട് തന്നെ അവര്‍ പറയുന്നു: ഖുര്‍ആനിലെ എല്ലാ താക്കീതുകളിലും അത് വന്നിട്ടുണ്ട്. (തുടരും)

മൊഴിമാറ്റം : നസീഫ്‌

അതിക്രമികള്‍ക്കായി ഒരുക്കപ്പെട്ട നരകം
നരകം ശാശ്വതമെന്ന വാദത്തിന് മറുപടി

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics