നരകം ശാശ്വതമെന്ന വാദത്തിന് മറുപടി

നരകത്തിലെ ശിക്ഷ ശാശ്വതമാണെന്ന് അഭിപ്രായമുള്ളവര്‍ ഉന്നയിക്കുന്ന തെളിവുകളെ ഇബ്‌നുല്‍ ഖയ്യിം ഖണ്ഡിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട ചിലത് താഴെ എടുത്തുദ്ധരിക്കുന്നു.

1) നിഷേധികളായിട്ടുള്ള ആളുകള്‍ നരകത്തില്‍ ശാശ്വതരായിരിക്കുമെന്നും എന്നെന്നും അതില്‍ തന്നെ വസിക്കുന്നവരായിരിക്കും എന്നും കുറിക്കുന്ന ആയത്തുകള്‍. അദ്ദേഹം പറഞ്ഞു: ശാശ്വതത്തെ കുറിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന خُلُود، تَأْبِيد എന്നിവ അറുതിയില്ലായ്മയെ കുറിക്കുന്നില്ല, മറിച്ച് ദീര്‍ഘിച്ച കാലത്തെയാണത് കുറിക്കുന്നത്. قَيد مُخَلّد (ശാശ്വത തടവ്) എന്ന് ദീര്‍ഘകാല തടവിന് ഉപയോഗിക്കാറുണ്ടല്ലോ. تَأْبِيد ഓരോ വസ്തുവിലും അതിന്റേതായ തരത്തിലാണ്. അതൊരു ആയുസ്സ് കാലമോ ഐഹികലോകം നിലനില്‍ക്കുന്നിടത്തോളം കാലമോ ആവാം. ഏകദൈവത്വം അംഗീകരിച്ചവരില്‍ നിന്നുള്ള വന്‍പാപങ്ങളെ കുറിച്ചുള്ള പരാമര്‍ശത്തില്‍ خُلود എന്ന പദം ഉപയോഗിച്ചതായി കാണാം. അല്ലാഹു പറയുന്നു: 'എന്നാല്‍ ഒരാള്‍ ഒരു വിശ്വാസിയെ മനഃപൂര്‍വം വധിക്കുന്നുവെങ്കിലോ, അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ ശാശ്വതമായി വസിക്കും.' (അന്നിസാഅ്: 30) അപ്രകാരം ആത്മഹത്യ ചെയ്തവര്‍ക്കുള്ള ശിക്ഷയെ കുറിച്ച് പറയുന്നു: 'അവന്റെ ആയുധം അവന്റെ കയ്യിലുണ്ടാവും, നരകത്തില്‍ അതുപയോഗിച്ച് അവന്‍ കുത്തികൊണ്ടിരിക്കും, എന്നെന്നും അതില്‍ ശാശ്വതനായിരിക്കും അവന്‍.'

2) നരകത്തില്‍ നിന്ന് പുറത്തു കടക്കില്ലെന്ന് വ്യക്തമാക്കുന്ന ആയത്തുകള്‍. 'നരകത്തീയില്‍ നിന്ന് പുറത്തു കടക്കുന്നവരല്ല അവര്‍.' (അല്‍-ബഖറ: 167)
'അവര്‍ അവിടെനിന്നു പുറംതള്ളപ്പെടുകയുമില്ല.' (അല്‍-ഹിജ്ര്‍: 48)
'അവരുടെ കഥകഴിക്കുകയില്ല; മരിച്ച് മുക്തരാകാന്‍.' (ഫാതിര്‍: 36) ഈ ആയത്തുകളെല്ലാം നിരുപാധികമായിട്ടാണ് പരാമര്‍ശിക്കുന്നതെങ്കിലും 'അല്ലാഹു ഉദ്ദേശിച്ചാല്‍ ഒഴികെ' എന്ന ഉപാധി എല്ലാറ്റിലും ബാധകമാണെന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടിട്ടുള്ളത്. നേരത്തെ പരാമര്‍ശിച്ച സൂറത്തുല്‍ ഹൂദിലെ ആയത്ത് (107) ഖുര്‍ആനിലെ എല്ലാ താക്കീതുകളിലും ബാധകമാണെന്ന അഭിപ്രായം പോലെയാണിത്.

നകരം അവശേഷിക്കുന്ന കാലത്തോളം അവരും അതില്‍ ശാശ്വതരായി അവശേഷിക്കുമെന്നതാണ് അവയുടെ ഉദ്ദേശ്യമെന്ന് ഇബ്‌നുല്‍ ഖയ്യിം പറയുന്നു. നരകം എന്നെന്നും നിലനില്‍ക്കുന്ന ഒന്നാണെന്നതിന് അതില്‍ തെളിവില്ല. നരകത്തിന്റെ ശാശ്വതത്വത്തെയും അതില്‍ ശിക്ഷയനുഭവിക്കുന്നവരുടെ ശാശ്വതത്തെയും രണ്ടായി വേര്‍തിരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.

3) ഇജ്മാഅ് (ഐക്യകണ്‌ഠേനെയുള്ള അഭിപ്രായം): ഇബ്‌നുല്‍ ഖയ്യിം പറയുന്നു: തര്‍ക്കങ്ങള്‍ അവശേഷിക്കാത്ത ഒരു വിഷയത്തിലാണ് ഇജ്മാഅ് ഉള്ളതായി കരുതപ്പെടാനാവുകയുള്ളൂ. മുന്‍ കാലത്തും ഇപ്പോഴും തര്‍ക്കമുള്ള ഒരു വിഷയമാണിത്. അവരുടെ വാദത്തിന് വിരുദ്ധമായ റിപോര്‍ട്ടുകളാണ് സഹാബിമാരില്‍ നിന്നും താബിഇകളില്‍ നിന്നും റിപോര്‍ട്ട് ചെയ്യപ്പെട്ട് വന്നിട്ടുള്ളത്.

അല്ലാഹു ഉദ്ദേശിക്കുന്നത് പോലെയാണ് എല്ലാം
ഇക്കാര്യങ്ങളെല്ലാം പറഞ്ഞ ശേഷം ഇബ്‌നുല്‍ ഖയ്യിം അല്ലാഹുവിന്റെ ഉദ്ദേശ്യത്തിലേക്ക് മടക്കുകയാണ് ചെയ്യുന്നത്. നരകം നശിക്കുമെന്ന് ഉറപ്പിച്ചു പറയുന്നില്ല, അതെന്നെന്നും നിലനില്‍ക്കുമെന്നും തറപ്പിച്ച് പറയുന്നില്ല. ശിഫാഉല്‍ അലീലില്‍ അദ്ദേഹം പറയുന്നു: ഈ വിഷയത്തില്‍ ഞാന്‍ അമീറുല്‍ മുഅ്മിനീന്‍ അലിക്കൊപ്പമാണ്. അദ്ദേഹം പറഞ്ഞത് സ്വര്‍ഗാവകാശികള്‍ സ്വര്‍ഗത്തിലും നരകാവകാശികള്‍ നരകത്തിലും പ്രവേശിക്കും. അതിനെ നന്നായി വിശേഷിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു: അതിന് ശേഷം അല്ലാഹു തന്റെ അടിമകളുടെ കാര്യത്തില്‍ അവനുദ്ദേശിക്കുന്നത് നടപ്പാക്കും.

ഇബ്‌നു അബ്ബാസ്(റ) തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു: അല്ലാഹുവിന്റെ അടിമകളുടെ കാര്യത്തില്‍ അവന് മേല്‍ വിധികല്‍പിക്കള്‍ ആര്‍ക്കും അനുയോജ്യമായ കാര്യമല്ല. 'അല്ലാഹു അരുളും: `ശരി, ഇനി നരകമാകുന്നു നിങ്ങളുടെ സങ്കേതം. അതില്‍ നിങ്ങള്‍ എന്നെന്നും വസിക്കുന്നവരാകുന്നു.` അല്ലാഹു രക്ഷിക്കാനുദ്ദേശിച്ചവര്‍ മാത്രം അതില്‍നിന്നു രക്ഷപ്പെടുന്നു.' (അല്‍-അന്‍ആം: 128) എന്ന സൂക്തത്തിന്റെ വിശദീകരണത്തിലാണ് ഇത് പറയുന്നത്.
അബൂസഈദില്‍ ഖുദ്‌രി പറയുന്നു: 'നിശ്ചയം നിന്റെ റബ്ബ് ഇച്ഛിച്ചതു ചെയ്യുന്നതിന് പരമാധികാരമുള്ളവനാകുന്നു.' (ഹൂദ്: 107) എന്നതിലേക്കാണ് ഖുര്‍ആനിലെ എല്ലാ സൂക്തങ്ങളും ചെന്നെത്തുന്നത്.
ഖതാദയുടെ അഭിപ്രായമായി രേഖപ്പെടുത്തുന്നു: 'നിന്റെ റബ്ബ് ഉദ്ദേശിച്ചാലൊഴികെ' (ഹൂദ് : 108) അതിനെ കുറിച്ച് ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹു മാത്രമാണ്.
ഇബ്‌നു സൈദ് പറയുന്നു: 'അവര്‍ക്ക് ഇടതടവില്ലാതെ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കും.' (ഹൂദ്: 108) എന്നതിലൂടെ സ്വര്‍ഗവാസികളുടെ കാര്യത്തില്‍ എന്താണ് അല്ലാഹുവിന്റെ ഉദ്ദേശ്യമെന്ന് നമ്മെ അവന്‍ അറിയിച്ചു. എന്നാല്‍ നരകവാസികളുടെ കാര്യത്തിലെ അവന്റെ ഉദ്ദേശ്യമെന്താണെന്ന് നമ്മെ അറിയിച്ചിട്ടില്ല. (തുടരും)

മൊഴിമാറ്റം: നസീഫ്

നരകത്തിലെ ശിക്ഷ അവസാനിക്കുമോ?
നരകത്തില്‍ ധിക്കാരികളെ കാത്തിരിക്കുന്നത്

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics