നരകത്തില്‍ ധിക്കാരികളെ കാത്തിരിക്കുന്നത്

'അതില്‍ കുളിരോ പാനീയമോ ആസ്വദിക്കുന്നതല്ല. ചുട്ടുതിളച്ച വെള്ളവും വ്രണങ്ങളുടെ ദുര്‍ന്നീരും ഒഴികെ.' ധിക്കാരികളായിട്ടുള്ള ആളുകള്‍ അല്ലാഹു അവര്‍ക്കായി ഒരുക്കിയ നരകത്തില്‍ മനസ്സിന് കുളിര്‍മ്മ നല്‍കുന്ന കാര്യങ്ങളോ ആഹരിക്കാനുള്ള വിഭവങ്ങളോ, കരളിനെ പോലും കരിയിച്ചു കളയുന്ന ചൂടില്‍ ദാഹം തീര്‍ക്കുന്ന പാനീയമോ അനുഭവിക്കുകയില്ല. കമ്പിളിയുടെ മറയിട്ട് തടയാവുന്ന തണുപ്പായിരിക്കില്ല അത്, മറിച്ച് ഒരുഫലവും ചെയ്യാത്ത അവരെ വേദനിപ്പിക്കുക മാത്രം ചെയ്യുന്ന തണുപ്പ്.

ഈ ആയത്തിലെ 'ബര്‍ദ്' കൊണ്ടുദ്ദേശിക്കുന്നത് ഉറക്കമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാരണം ശരീരത്തെ തണുപ്പിക്കുന്ന ശാന്തതയാണത്. അഥവാ ശരീരത്തിനത് ആശ്വാസവും വിശ്രമവും നല്‍കുന്നു. അബൂ ഉബൈദയെ പോലുള്ളവരുടെ അഭിപ്രായം ഇതാണ്.

ഹമീം
ചുട്ടുതിളക്കുന്ന വെള്ളമാണ് ഹമീം. അബൂ ഉബൈദയും നുഹാസും പറയുന്നു: ഹമീം എന്നതിന്റെ അടിസ്ഥാന ആശയം തിളച്ച വെള്ളമാണ്. കുളിമുറിയെ കുറിക്കാനുപയോഗിക്കുന്ന 'ഹമ്മാം' പനിയെ കുറിക്കുന്ന 'ഹുമ്മ' എന്നീ പദങ്ങള്‍ അതില്‍ നിന്ന് നിഷ്പന്നമായിട്ടുള്ളതാണ്. അപ്രകാരം സൂറത്തുല്‍ വാഖിഅയില്‍ കറുത്ത പുകഛായയെ കുറിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന 'യഹ്മൂം' എന്ന പദവും ഇതില്‍ നിന്നുള്ളത് തന്നെ. അങ്ങേയറ്റം കഠിനമായ ചൂടിനെയാണത് കുറിക്കുന്നത്. മുറിവ് പഴുത്ത് അതില്‍ നിന്നും പുറത്തു വരുന്ന ചലവും നീരുമാണ് 'ഗസ്സാഖ്'. നരകത്തില്‍ കഴിയുന്നവര്‍ അതില്‍ എന്തെങ്കിലും സുഗന്ധമോ ആശ്വാസമോ അനുഭവിക്കുകയില്ലെന്ന് ചുരുക്കം.

'അനുയോജ്യമായ പ്രതിഫലം.'
അവര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പ്രതിഫലമാണ് അവര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്നത്. അവരെ ഈ ശിക്ഷക്ക് അര്‍ഹരാക്കിയിരിക്കുന്ന് അവര്‍ ഇഹലോകത്ത് ചെയ്ത പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. മുഖാതല്‍ പറയുന്നു: കുറ്റത്തിന് അനുയോജ്യമായ ശിക്ഷയായിരിക്കും നല്‍കുക. ശിര്‍കിനേക്കാള്‍ വലിയ പാപമില്ല, നരകത്തേക്കാള്‍ വലിയ ശിക്ഷയും.
ഹസനും ഇക്‌രിമയും പറയുന്നു: മോശമായ പ്രവര്‍ത്തനങ്ങളായിരുന്നു അവര്‍ ചെയ്തിരുന്നത്. അതുകൊണ്ട് മോശമായത് തന്നെ അല്ലാഹു അവര്‍ക്ക് നല്‍കി.

'അവര്‍ വിചാരണയെക്കുറിച്ച് വിചാരമേയില്ലാത്തവരായിരുന്നു.'
ധിക്കാരികളായിട്ടുള്ള നിഷേധികള്‍ അവരുടെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അല്ലാഹു അവരെ വിചാരണ ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇഹലോകത്തെ ജീവിതത്തിന് ശേഷം മറ്റൊരു ലോകമുണ്ടെന്നും അവര്‍ വിശ്വസിച്ചിരുന്നില്ല. മരണത്തിന് ശേഷം അവിടെ വീണ്ടും ജീവിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയും ഇവിടെ പറഞ്ഞതിനെയും പ്രവര്‍ത്തിച്ചതിനെയും ഉദ്ദേശിച്ചതിനെയും കുറിച്ചെല്ലാം വിചാരണ ചെയ്യപ്പെടുമെന്നുമുള്ള വിശ്വാസം അവര്‍ക്കുണ്ടായിരുന്നില്ല. പരലോകത്തിലും അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നതിലും വിശ്വാസമില്ലാത്ത ഒരാളെങ്ങനെ വിചാരണയെ പ്രതീക്ഷിക്കും? വിചാരണക്ക് ശേഷമുള്ള രക്ഷാശിക്ഷകള്‍ അവന്‍ പ്രതീക്ഷിക്കുന്നതെങ്ങനെ?

'നമ്മുടെ സൂക്തങ്ങളെ നിശ്ശേഷം തള്ളിക്കളഞ്ഞവര്‍.'
പ്രവാചകന്‍മാര്‍ കൊണ്ടുവന്ന കാര്യങ്ങളെയും അല്ലാഹു ഇറക്കിയ ഗ്രന്ഥത്തെയും അവര്‍ കളവാക്കി. അല്ലാഹുവെയും സൃഷ്ടികള്‍ക്കായുള്ള അവന്റെ തെളിവുകളെയും തള്ളിക്കളഞ്ഞവരാണവര്‍. പ്രവാചകന്‍മാരിലൂടെ അവതരിപ്പിച്ചതുണ്ട് അക്കൂട്ടത്തില്‍. തന്റെ അടിമകളുടെ പ്രകൃതത്തില്‍ അല്ലാഹു നട്ടുപിടിപ്പിക്കുകയും അവരുടെ ബുദ്ധിയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തവുമുണ്ട്. അതിനെ ധിക്കരിച്ചും കളവാക്കിയുമാണ് അവരതിനെ അഭിമുഖീകരിച്ചത്.

'ഓരോ സംഗതിയും തിട്ടമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.'
അടിമകളുടെ എല്ലാ പ്രവര്‍ത്തനങ്ങളും നാം (അല്ലാഹു) അറിഞ്ഞിട്ടുണ്ട്. വളരെ സൂക്ഷ്മമായി അത് രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ചെറുതോ നിസ്സാരമോ ആയ കാര്യങ്ങള്‍ പോലും അതില്‍ നിന്ന് വിട്ടുപോകുന്നില്ല. അത് നന്മയാണെങ്കില്‍ നന്മയായിട്ടും തിന്മയാണെങ്കില്‍ തിന്മയായും രേഖപ്പെടുത്തു. അല്ലാഹു പറയുന്നത് കാണുക: 'അല്ലാഹു അവരുടെ ചെയ്തികളൊക്കെയും തിട്ടപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. അവന്‍ ഓരോ സംഗതിക്കും സാക്ഷിയാണ്.' (അല്‍-മുജാദില: 6)

അടിമകളുടെ കാര്യത്തില്‍ ചുമതലപ്പെടുത്തപ്പെട്ടിരിക്കുന്ന മലക്കുകളാണ് ഈ രേഖ തയ്യാറാക്കുന്നത്. എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി വെക്കാനാണ് അവര്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ക്കു മേല്‍നോട്ടക്കാരെ നിശ്ചയിച്ചിട്ടുണ്ട്; നിങ്ങളുടെ കര്‍മങ്ങളൊക്കെയും അറിയുന്ന ആദരണീയരായ എഴുത്തുകാരെ.' (82: 10-11) മറ്റൊരിടത്ത് പറയുന്നു: 'ഇവരുടെ രഹസ്യങ്ങളും ഗൂഢാലോചനകളുമൊന്നും നാം കേള്‍ക്കുന്നില്ലെന്നാണോ ധരിച്ചുവെച്ചിട്ടുള്ളത്? ഒക്കെയും നാം കേട്ടുകൊണ്ടിരിക്കുകയാകുന്നു. നമ്മുടെ മലക്കുകള്‍ ഇവര്‍ക്കരികില്‍ത്തന്നെ എല്ലാം രേഖപ്പെടുത്തി കൊണ്ടിരിക്കുന്നുമുണ്ട്.' (43: 80)

'നിങ്ങള്‍ക്ക് ശിക്ഷയല്ലാതെ വര്‍ധിപ്പിക്കാന്‍ പോകുന്നില്ല.'
വിചാരണയെ നിഷേധിക്കുകയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്ത നരകാവകാശികളായവരോടുള്ള അല്ലാഹുവിന്റെ താക്കീതാണിത്. ശക്തമായ താക്കീതാണ് അല്ലാഹു അവര്‍ക്ക് നല്‍കുന്നത്. നിങ്ങള്‍ ശിക്ഷ അനുഭവിച്ചു കൊള്ളുക, ശിക്ഷയല്ലാതെ മറ്റൊന്നും നിങ്ങള്‍ക്ക് നാം വര്‍ധിപ്പിച്ചു തരില്ല എന്നതാണ് ആ താക്കീത്. അതായത് അവര്‍ക്ക് ശിക്ഷ നല്‍കുമ്പോള്‍ ഓരോ തവണയും അതിന്റെ കാഠിന്യവും ശക്തിയും വര്‍ധിക്കും. അല്ലാഹു പറയുന്നു: 'അത് അണയുമ്പോഴെല്ലാം ആളിക്കത്തുന്ന തീ അവര്‍ക്ക് നാം വര്‍ധിപ്പിച്ചു കൊടുക്കും.' (അല്‍-ഇസ്‌റാഅ്: 97) മറ്റൊരിടത്ത് ഇങ്ങനെ കാണാം: 'അവരുടെ ചര്‍മങ്ങള്‍ വെന്തുപാകമാകുമ്പോഴെല്ലാം, തല്‍സ്ഥാനത്തു വേറെ ചര്‍മങ്ങള്‍ മാറ്റിക്കൊടുത്തുകൊണ്ടിരിക്കും; അവര്‍ നന്നായി പീഡനമനുഭവിക്കേണ്ടതിന്ന്.' (അന്നിസാഅ്: 56) ഇതെല്ലാം ശിക്ഷയിലുള്ള അധികരിപ്പിക്കലാണ്.

ഇബ്‌നു കഥീര്‍ പറയുന്നു: നകരവാസികളോട് പറയപ്പെടും, 'നിങ്ങള്‍ ഏതൊന്നിലാണോ അത് ആസ്വദിച്ചു കൊള്ളുവിന്‍, അതേ തരത്തിലുള്ള ശിക്ഷയല്ലാതെ നിങ്ങള്‍ക്ക് വര്‍ധിപ്പിച്ചു തരില്ല. 'ഇതുപോലുള്ള മറ്റു പലതരം ശിക്ഷകളും അവിടെയുണ്ട്.' (8:58)
അബ്ദുല്ലാഹ് ബിന്‍ അംറ് പറയുന്നു: നരകവാസികളുടെ കാര്യത്തില്‍ ഇതിനേക്കാള്‍ കടുത്ത ഒരു ആയത്തും അവതരിച്ചിട്ടില്ല. 'നിങ്ങള്‍ക്ക് ശിക്ഷയല്ലാതെ വര്‍ധിപ്പിക്കാന്‍ പോകുന്നില്ല.' ശിക്ഷയില്‍ എന്നെന്നും വരുത്തുന്ന വര്‍ധനവാണത്. അല്ലാഹുവേ, നരകശിക്ഷയില്‍ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കേണമേ. (തുടരും)

മൊഴിമാറ്റം : നസീഫ്

നരകം ശാശ്വതമെന്ന വാദത്തിന് മറുപടി
മുത്തഖികള്‍ക്കുള്ള പ്രതിഫലം

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics