മുത്തഖികള്‍ക്കുള്ള പ്രതിഫലം

'നിശ്ചയം, ഭക്തജനങ്ങള്‍ക്കുള്ളത് വിജയസ്ഥാനമാകുന്നു. ഉദ്യാനങ്ങളും മുന്തിരിവള്ളികളും വയസ്സൊത്ത മാദകത്തിടമ്പുകളും നിറഞ്ഞ ചഷകങ്ങളും. അവരവിടെ കെട്ട വര്‍ത്തമാനങ്ങളോ വ്യാജങ്ങളോ കേള്‍ക്കുകയില്ല. നിന്റെ നാഥങ്കല്‍നിന്നുള്ള പ്രതിഫലവും, മതിയായ ഔദാര്യവുമായി.'
നരകത്തെ നിഷേധിക്കുകയും അതിനനുസൃതമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തതിന്റെ ഫലമായി നരകശിക്ഷക്ക് അര്‍ഹരായി മാറുന്ന ദൗര്‍ഭാഗ്യാവാന്‍മാരെ കുറിച്ചുള്ള പരാമര്‍ശത്തിന് ശേഷം അല്ലാഹു തന്റെ ഭാഗ്യവാന്‍മാരായ അടിമകളെ കുറിച്ചാണ് വിവരിക്കുന്നത്. അവര്‍ക്കവിടെ അല്ലാഹു ഒരുക്കിവെച്ചിരിക്കുന്ന ആദരവിനെയും സന്തോഷത്തെയും പ്രീതിയെയും ശാശ്വതമായ അനുഗ്രഹങ്ങളെയും കുറിച്ചും വിശദമാക്കുന്നു.

ജീവിതത്തില്‍ തഖ്‌വ പുലര്‍ത്തിയവരായ ആളുകള്‍ക്ക് അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നത് ആകാശ ഭൂമിയോളം വിശാലമായ സ്വര്‍ഗമാണെന്ന് അല്ലാഹു പറഞ്ഞിട്ടുണ്ട്. അല്ലാഹു നരകത്തില്‍ നിന്ന് കാത്തുരക്ഷിച്ചവരാണവര്‍. അവരുടെ കാര്യങ്ങളെല്ലാം അല്ലാഹു എളുപ്പമാക്കിയിരിക്കുന്നു. അല്ലാഹു പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും കര്‍മങ്ങള്‍ക്ക് വലിയ പ്രതിഫലം നല്‍കപ്പെട്ടവരുമാണവര്‍. ഇത്തരത്തിലെല്ലാമാണ് വിശുദ്ധ ഖുര്‍ആന്‍ അവരെ വിശേഷിപ്പിച്ചിട്ടുള്ളത്.

 

ഇത്തരത്തില്‍ തഖ്‌വ പുലര്‍ത്തിയവര്‍ക്ക് 'മഫാസ്' ഉണ്ടെന്നാണ് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നത്. നരകാവകാശികള്‍ അകപ്പെട്ടിട്ടുള്ളതില്‍ നിന്നുള്ള മോചനത്തിന്റെയും രക്ഷയുടെയും വിജയത്തിന്റെയും ഇടമാണ് 'മഫാസ്' കൊണ്ടുദ്ദേശിക്കുന്നത്. മരുഭൂമിയില്‍ വെള്ളം കുറഞ്ഞാല്‍ അതില്‍ നിന്നുള്ള മോചനത്തെ കുറിച്ച ശുഭപ്രതീക്ഷയില്‍ 'മഫാസത്' എന്നതിനെ വിളിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. മനുഷ്യന്‍ എപ്പോഴാണ് വിജയിക്കുന്നതെന്ന് ഖുര്‍ആന്‍ നമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. അല്ലാഹു പറയുന്നു: 'ആര്‍ നരകത്തില്‍ നിന്ന് അകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപെടുകയും ചെയ്തുവോ അവന്‍ വിജയിച്ചു.' (ആലുഇംറാന്‍: 185)

ഉദ്യാനങ്ങളും മുന്തിരി വള്ളികളും
വിജയ സ്ഥാനത്ത് എന്തൊക്കെ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പിന്നീട്ട് ഖുര്‍ആന്‍ വിവരിക്കുന്നത്. എന്നിട്ട് പറയുന്നു: 'ഉദ്യാനങ്ങളും മുന്തിരിള്ളികളും' ഈന്തപ്പനനകളാലും മറ്റ് വൃക്ഷങ്ങളാലും വലയം ചെയ്ത ഉദ്യാനത്തെ കുറിക്കുന്നതിനാണ് 'ഹദീഖത്' എന്ന പദം ഉപയോഗിക്കുന്നത്. അതിന്റെ ബഹുവചനമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'ഹദാഇഖ്'. വലയം ചെയ്യപ്പെട്ടത് എന്നതാണ് ഭാഷാപരമായി അതിന്റെ അര്‍ത്ഥം. മുന്തിരിവള്ളികള്‍ ഉദ്യാനത്തിന്റെ ഭാഗമാണെങ്കിലും അത് പ്രത്യേകമായി എടുത്തു പറഞ്ഞിരിക്കുന്നത് സവിശേഷമായ അതിന്റെ പ്രാധാന്യത്തെ കുറിക്കുന്നതിന് വേണ്ടിയാണ്.

സമപ്രായക്കാരികളായ സുന്ദരികളും
മുഴുത്ത മാറിടമുള്ള സ്ത്രീയെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന പദമാണ് 'കാഇബ്'. 'കവാഇബ്' അതിന്റെ ബഹുവചനവും. സമപ്രായക്കാരായ കന്യകകളായതിനാല്‍ ഇടിഞ്ഞ മാറിടങ്ങളായിരിക്കുകയില്ല അവരുടേത്, മറിച്ച് ഉയര്‍ന്നതായിരിക്കും. ഒരേ പ്രായത്തിലുള്ളവരെ കുറിക്കുന്നതിനാണ് 'അത്‌റാബ്' എന്ന് ഉപയോഗിച്ചിട്ടുള്ളത്. മറ്റൊരിടത്ത് അല്ലാഹു പറയുന്നു: 'അവരുടെ മണവാട്ടികളെ നാം പുതുതായി സവിശേഷം സൃഷ്ടിക്കുന്നു. അവരെ കന്യകകളും മണവാളരോട് അനുരാഗമുള്ളവരും സമവയസ്‌കരുമാക്കും.' (അല്‍വാഖിഅ: 35-38) കന്യകകളാണ് അതുകൊണ്ടുദ്ദേശ്യമെന്ന് ഇതിനെ വിശദീകരിച്ചു കൊണ്ട് ള്വഹ്ഹാക് പറഞ്ഞിട്ടുണ്ട്. അറബി കവിതകളിലും ഈയര്‍ത്ഥത്തില്‍ പ്രയോഗിച്ചതായി കാണാം.

നിറഞ്ഞ ചഷകങ്ങളും
മദ്യം പാനം ചെയ്യാന്‍ ഉപയോഗിക്കുന്ന പാത്രത്തെ കുറിക്കുന്ന പദമാണ് 'ഇനാഅ്'. ബുദ്ധിക്ക് ദോഷം ചെയ്യാത്ത സ്വര്‍ഗീയ പാനീയമാണത്. അല്ലാഹു പറയുന്നത് കാണുക: 'കുടിക്കുന്നവര്‍ക്ക് ആനന്ദം പകരുന്ന മദ്യപ്പുഴകളുമുണ്ട്.' (മുഹമ്മദ് : 15)
നിറഞ്ഞ് നില്‍ക്കുന്നതിനെ കുറിക്കുന്നതിനാണ് 'ദിഹാഖ്' എന്നുപയോഗിക്കുന്നത്. മദ്യത്തിന് വലിയ മഹത്വമാണ് അവര്‍ കല്‍പിച്ചിരുന്നത്. മദ്യംനല്‍കുന്നയാള്‍ നിശ്ചിത അളവല്ലാതെ അളന്ന് നല്‍കുമായിരുന്നില്ല. മദ്യപാനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമായിരുന്നു ചഷകം നിറഞ്ഞ് നില്‍ക്കുന്നത്. അതുകൊണ്ടാണ് സ്വര്‍ഗത്തിലെ ചഷകം നിറഞ്ഞതായിരിക്കുമെന്ന് പ്രത്യേകം പറഞ്ഞത്.

കെട്ട വര്‍ത്തമാനങ്ങളോ വ്യാജങ്ങളോ കേള്‍ക്കുകയില്ല
സ്വര്‍ഗാവകാശികളായ മുത്തഖികള്‍ക്ക് സന്തുഷ്ടമായ ഒരു ജീവിതമാണ് അവിടെ ഒരുക്കിവെച്ചിട്ടുള്ളതെന്ന് അല്ലാഹു എടുത്തു പറയുന്നു. നല്ല ആഹാരത്തിനും പാനീയത്തിനും കണ്ണിന് കുളിര്‍മയേകുന്ന കാഴ്ച്ചകള്‍ക്കും പുറമെ അനാവശ്യ സംസാരത്തില്‍ നിന്നും കളവില്‍ നിന്നും അവരുടെ കാതുകളെ കാത്തു സംരക്ഷിക്കുമെന്നും അല്ലാഹു പറയുന്നു. അതായത് കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തത് ഒന്നും അവരവിടെ കേള്‍ക്കുകയില്ല.

ഇഹലോകത്ത് വിശ്വാസികളുടെ സ്വഭാവഗുണമായി അല്ലാഹു പറയുന്നു: 'അനാവശ്യങ്ങളില്‍ നിന്ന് തിരിഞ്ഞു കളയുന്നവര്‍.' (അല്‍-മുഅ്മിനൂന്‍: 3) 'കെടുവചനങ്ങള്‍ കേള്‍ക്കാനിടയായാല്‍ അതില്‍നിന്ന് അകന്നുമാറുന്നവര്‍.' (അല്‍-ഖസസ്: 55) ഇത്തരത്തില്‍ സൂക്ഷമത പാലിച്ചവര്‍ക്ക് അല്ലാഹു ഇത്തരത്തില്‍ ഒരു പ്രതിഫലം നല്‍കുന്നതില്‍ ഒട്ടും അത്ഭുതമില്ല. അവര്‍ കാത്തുസൂക്ഷിച്ച വിശുദ്ധി കളങ്കപ്പെടുത്തുന്ന തരത്തിലുള്ള എല്ലാ പ്രയോജനമില്ലാത്ത സംസാരത്തില്‍ നിന്നും കളവില്‍ നിന്നും അല്ലാഹു അവരെ സംരക്ഷിക്കും.

നിരര്‍ത്ഥകമായിട്ടുള്ള അനാവശ്യ സംസാരമാണ് 'ലഗ്‌വ്' കൊണ്ടുദ്ദേശിക്കുന്നത്. 'വെള്ളിയാഴ്ച്ച ഇമാം ഖുതുബ നടത്തികൊണ്ടിരിക്കെ നിന്റെ കൂട്ടുകാരനോട് 'മിണ്ടാതിരിക്ക്' എന്ന് പറഞ്ഞാല്‍ നീ അനാവശ്യമായി സംസാരിച്ചു.' എന്ന് ഒരു ഹദീഥില്‍ (ലഗൗത എന്ന പദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.) കാണാം.  സ്വര്‍ഗവാസികള്‍ നിറഞ്ഞ ചഷകങ്ങളില്‍ നിന്ന് കുടിച്ചാലും അതവരുടെ ബുദ്ധിക്ക് മാറ്റം വരുത്തുകയില്ല. ആളുകള്‍ ഇവിടെ ചെയ്യുന്നത് പോലെ അനാവശ്യമോ നിരര്‍ത്ഥകമോ ആയ സംസാരം അവരില്‍ നിന്നുണ്ടാവുകയുമില്ല. അവര്‍ പരസ്പരം കളവ് പറയുകയില്ല. അതുകൊണ്ട് തന്നെ കളവ് കേള്‍ക്കുന്ന ഒരു സാഹചര്യവും അവിടെയുണ്ടാവില്ല.

നാഥനില്‍ നിന്നുള്ള പ്രതിഫലവും മതിയായ ഔദാര്യവും
മുകളില്‍ പരാമര്‍ശിക്കപ്പെട്ട സ്വര്‍ഗീയാനുഗ്രഹങ്ങളെല്ലാം അല്ലാഹു പ്രതിഫലമായി അവര്‍ക്ക് നല്‍കുന്നതാണ്. അല്ലാഹുവിന്റെ ഔദാര്യത്തിന്റെയും കാരുണ്യത്തിന്റെയും ഫലമാണത്. അവന്റെ ഭാഗത്ത് നിന്ന് അക്രമമോ അന്യായമോ ഉണ്ടാകുമെന്ന് ആരും ഭയക്കേണ്ടതില്ല. നിന്റെ കാര്യങ്ങളെല്ലാം നോക്കുകയും നിന്നെ പരിചരിക്കുകയും സംരക്ഷിക്കുകയും നിരന്തരം അനുഗ്രഹങ്ങളാല്‍ പൊതിയുകയും ചെയ്ത നാഥനില്‍ നിന്നുള്ള പ്രതിഫലമാണിതെന്നാണ് പറയുന്നത്.

നല്‍കുന്നതില്‍ ഒരു പിശുക്കും ഇല്ലാത്ത, ദാരിദ്ര്യം ബാധിക്കാത്ത സമ്പന്നനായ അങ്ങേയറ്റം ഉദാരനായ അല്ലാഹുവില്‍ നിന്നുള്ള ഔദാര്യമാണത്. മതിയായ തരത്തില്‍ പൂര്‍ണമായി നല്‍കുന്നതിനെ കുറിക്കാനാണ് 'ഹിസാബന്‍' എന്നുപയോഗിച്ചിരിക്കുന്നത്. ലഭിക്കുന്നവന്‍ എനിക്ക് മതി എന്നു പറയുന്ന തരത്തില്‍ ധാരാളമായി നല്‍കുമെന്ന് ചുരുക്കം. (തുടരും)

മൊഴിമാറ്റം: നസീഫ്‌

നരകത്തില്‍ ധിക്കാരികളെ കാത്തിരിക്കുന്നത്
അല്ലാഹുവിന്റെ മഹത്വം വിളിച്ചോതുന്ന ദിനം

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics