സമൂഹത്തിന് നന്മ പകരുന്ന സൗഹൃദങ്ങള്‍

عَنْ مُعَاذٍ قَالَ : قَالَ رَسُولُ اللهِ صلى الله عليه وسلم : قَالَ اللَّهُ عَزَّ وَجَلَّ : وَجَبَتْ مَحَبَّتِي لِلْمُتَحَابِّينَ فِيَّ وَالْمُتَزَاوِرِينَ فِيَّ وَالْمُتَبَاذِلِينَ فِيَّ وَالْمُتَجَالِسِينَ فِيَّ.

മുആദുബ്‌നു ജബലി(റ)ല്‍ നിന്ന് നിവേദനം. അല്ലാഹു പറഞ്ഞതായി പ്രവാചകന്‍ അരുളി: എന്റെ പേരില്‍ പരസ്പരം സ്‌നേഹിക്കുകയും സന്ദര്‍ശിക്കുകയും കൊടുക്കുകയും ഒന്നിച്ചിരിക്കുകയും ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും എന്റെ സ്‌നേഹം ലഭിക്കും (മുവത്വ)

وَجَبَ : അനിവാര്യമായി, നിര്‍ബന്ധമായി
مَحَبَّة : സ്‌നേഹം  
المتحابون : പരസ്പരം സ്‌നേഹിക്കുന്നവര്‍
المتزاورون : പരസ്പരം സന്ദര്‍ശിക്കുന്നവര്‍
المتباذلون : പരസ്പരം കൊടുക്കുന്നവര്‍
المتجالسون : ഒരുമിച്ചിരിക്കുന്നവര്‍, സംഗമിക്കുന്നവര്‍

ഏതൊരു പദ്ധതിയുടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ ആളുകള്‍ക്ക് നല്ല പങ്കുണ്ട്. ഇസ്‌ലാമിന്റെ കാര്യവും വ്യത്യസ്തമല്ല. സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്തുകയും മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനുള്ള യജ്ഞത്തില്‍ ഒറ്റക്കെട്ടായി അണിനിരക്കുകയും ചെയ്യുന്ന ആളുകളുടെ നിറസാന്നിധ്യമാണ് ഇസ്‌ലാമിന് ഉണര്‍വ് നല്‍കുന്നത്. അതിന് ആവശ്യമായ ചില ഗുണങ്ങളാണ് ഉപരിസൂചിത ഹദീസില്‍ എണ്ണിപ്പറയുന്നത്. അല്ലാഹുവിന്റെ പേരിലുള്ള പരസ്പര സ്‌നേഹം, ആ സ്‌നേഹവും ബന്ധവും ഊട്ടിയുറപ്പിക്കാനുതകുന്ന സൗഹൃദ സന്ദര്‍ശനങ്ങള്‍, അല്ലാഹുവിന് വേണ്ടി സമ്പത്തും സമയവും അധ്വാനവും ചെലവഴിക്കാനുള്ള സന്നദ്ധത, ഇസ്‌ലാമിന് വേണ്ടിയുള്ള സംഗമങ്ങള്‍, പരസ്പരം ഗുണകാംക്ഷ തുടങ്ങിയവ അതിലെ സുപ്രധാന വശങ്ങളാണ്.

ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ കൈവരുന്ന സൗഭാഗ്യമാണ് നല്ല സുഹൃത്തുക്കള്‍. ഭൗതിക താല്‍പര്യങ്ങളില്‍ നിന്ന് മുക്തമായ സൗഹൃദത്തിന് മാറ്റ് കൂടും. ആദര്‍ശത്തിന്റെ പേരിലുള്ള സൗഹൃദമാണെങ്കില്‍ അതിന്റെ തിളക്കം വീണ്ടും വര്‍ധിക്കുന്നു. പക്ഷേ അത്തരം സൗഹൃദങ്ങള്‍ കുറവാണെന്ന് മാത്രം. ആദര്‍ശ സഹോദരങ്ങളെ അല്ലാഹുവിന് വളരെ  ഇഷ്ടമാണ്. അവരില്‍ ഒരാള്‍ അപരനെ സന്ദര്‍ശിക്കാനിറങ്ങിയാല്‍ അവന് മലക്കുകളുടെ ആശീര്‍വാദമുണ്ടാകുമെന്നും അത് സ്വര്‍ഗത്തില്‍ ഒരു പ്രത്യേക ഭവനം ലഭ്യമാവാന്‍ ഇടയാക്കുമെന്നും ഹദീസുകളില്‍ കാണാം (തിര്‍മിദി).

അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുന്ന എന്നതിനേക്കാള്‍ വലിയ സൗഭാഗ്യം വേറെയില്ല. ഒരേ ആദര്‍ശത്തിന്റെ വക്താക്കള്‍ എന്ന നിലക്കുള്ള സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും മാഹാത്മ്യമാണ് മുകളിലുദ്ദരിച്ച ഹദീസിന്റെ പ്രമേയം. സമ്പത്ത്, സ്ഥാനമാനങ്ങള്‍, സൗന്ദര്യം, സഹപഠനം, സഹവാസം, സഹപ്രവര്‍ത്തനം തുടങ്ങിയവയെല്ലാം സൗഹൃദത്തിന്റെ അടിസ്ഥാനമാവാറുണ്ട്. എന്നാല്‍ സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ, ഞങ്ങള്‍ അല്ലാഹുവിന്റെ ദാസന്‍മാര്‍ എന്ന ഒറ്റക്കാരണത്താല്‍ പരസ്പരം സ്‌നേഹിക്കുകയും ഇസ്‌ലാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഒരുമിച്ചിരിക്കുകയും ആ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പരസ്പര സന്ദര്‍ശനങ്ങള്‍ ശീലമാക്കുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധനവും സമയവും അധ്വാനവും വിനിയോഗിക്കുകയും ചെയ്യുന്നവരെ തീര്‍ച്ചയായും ഞാന്‍ സ്‌നേഹിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം ആവേശപൂര്‍വം ഉള്‍ക്കൊണ്ടവരായിരുന്നു സഹാബികള്‍. അല്ലാഹുവിന് വേണ്ടി അമൂല്യമായതെന്തും ത്യജിക്കാന്‍ അവര്‍ക്ക് പ്രചോദനമായത് അല്ലാഹുവിന്റെ സ്‌നേഹം കിട്ടുമെന്ന പ്രതീക്ഷയാണ്. ആ സ്‌നേഹം ലഭിച്ചാല്‍ പിന്നെ എല്ലാം ഭദ്രം. ലഭിച്ചില്ലെങ്കിലോ, മറ്റെന്തുകിട്ടിയിട്ടും വലിയ പ്രയോജനമുണ്ടാവില്ല.

ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ഒരാള്‍ തന്റെ ആദര്‍ശ സഹോദരനെ സന്ദര്‍ശിച്ചാല്‍, അല്ലാഹു തന്റെ സമീപസ്ഥരായ മലക്കുകളോട് പറയും: എന്റെ ദാസന്‍ എന്റെ പേരില്‍ ഒരാളെ സന്ദര്‍ശിച്ചിരിക്കുന്നു. അതിനാല്‍ അവനെ സല്‍ക്കരിക്കേണ്ടത് എന്റെ ബാധ്യതയാകുന്നു. (ബസ്സാര്‍)

സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുന്നവനാണ് യഥാര്‍ഥ സുഹൃത്ത്. നിസ്വാര്‍ഥമായ സൗഹൃദത്തില്‍ മാത്രമേ അങ്ങനെയൊരു ദൃശ്യം കാണാനാവുകയുള്ളൂ. മുസ്‌ലിം സമൂഹത്തിലെ ഓരോ അംഗത്തെയും തന്റെ ശരീരത്തിലെ ഒരവയവം പോലെ കാണുന്നവനാണ് വിശ്വാസി എന്ന പ്രവാചകന്റെ വാക്കുകള്‍ വിശ്വാസികള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴമാണ് സൂചിപ്പിക്കുന്നത്. അങ്ങനെയൊരു ബന്ധം വളര്‍ത്തിയെടുത്താല്‍ ലഭിക്കുന്ന സമ്മാനമാണ് അല്ലാഹുവിന്റെ സ്‌നേഹം.

അല്ലാഹുവിന്റെ സ്‌നേഹം ലഭിക്കുക എന്നത് നിസാരമായ കാര്യമല്ല. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ പ്രവാചകന്‍ പറയുന്നു: അല്ലാഹു ഒരു ദാസനെ സ്‌നേഹിച്ചാല്‍, ജിബ്‌രീലിനോട് പറയും: ഞാന്‍ ഇന്നയാളെ സ്‌നേഹിക്കുന്നു. അതിനാല്‍ നീയും അയാളെ സ്‌നേഹിക്കുക. അപ്പോള്‍ ജിബ്‌രീലും അയാളെ സ്‌നേഹിക്കും. പിന്നീട് വാനലോകത്ത് ഇപ്രകാരം വിളംബരം ചെയ്യും: അല്ലാഹു ഇന്നയാളെ സ്‌നേഹിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളും അയാളെ സ്‌നേഹിക്കുക. അങ്ങനെ വാനലോകത്തുള്ളവര്‍ അയാളെ സ്‌നേഹിക്കും. പിന്നീട് ഭൂമിയില്‍ അയാള്‍ക്ക് സ്വീകാര്യത ലഭിക്കും. (മുസ്‌ലിം)

അല്ലാഹുവിന് വേണ്ടി സ്വാര്‍ഥ താല്‍പര്യങ്ങളില്ലാതെ ഒരാളെ സ്‌നേഹിക്കുക എന്നത് ഈമാനിന്റെ മാധുര്യം ലഭിക്കാന്‍ ഉണ്ടാവേണ്ട മൂന്ന് കാര്യങ്ങളില്‍ ഒന്നാണെന്ന് പ്രവാചകന്‍ വ്യക്തമാക്കുകയുണ്ടായി (ബുഖാരി). അതുപോലെ, അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്‌നേഹിച്ചവര്‍ക്ക് അന്ത്യനാളില്‍ പ്രത്യേക തണല്‍ ലഭിക്കുമെന്നും, അവര്‍ക്ക് ലഭിക്കുന്ന സ്ഥാനവും പ്രതിഫലവും കണ്ട് പ്രവാചകന്‍മാരും ശുഹദാക്കളും വരെ അത് കിട്ടാന്‍ കൊതിക്കുമെന്നുമൊക്കെയുള്ള ഹദീസുകള്‍ ദൈവമാര്‍ഗത്തിലെ സാഹോദര്യത്തിന്റെയും ദൃഢമായ സൗഹൃദത്തിന്റെയും മൂല്യമാണ് വ്യക്തമാക്കുന്നത്.

ആദര്‍ശ സാഹോദര്യത്തിനാണ് ആദര്‍ശ വിയോജിപ്പുളള രക്തബന്ധത്തേക്കാള്‍ സത്യവിശ്വാസികള്‍ മുന്‍ഗണന നല്‍കുകയെന്ന ഖുര്‍ആനിന്റെ പ്രസ്താവന കൂടി ഇതിനോട് നാം ചേര്‍ത്ത് വായിക്കേണ്ടതാണ്.. അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ളവര്‍ അല്ലാഹുവിനോടും അവന്റെ ദൂതനോടും പോരടിക്കുന്നവരോട് സ്‌നേഹത്തില്‍ വര്‍ത്തിക്കുന്നതായി നീയൊരിക്കലും കാണുന്നതല്ല; പോരടിക്കുന്നവര്‍ അവരുടെ പിതാക്കളോ സന്താനങ്ങളോ സഹോദരന്‍മാരോ കുടുംബാംഗങ്ങളോ ആയിരുന്നാലും. (അല്‍മുജാദില: 22)

വിവിധ പ്രസ്ഥാനങ്ങില്‍ അണിചേരുന്നതോടെ പരസ്പരം ശത്രുക്കളെപ്പോലെ പെരുമാറുന്നത് ഇസ്‌ലാമികമായി എങ്ങനെ ന്യായീകരിക്കാനാവും? അല്ലാഹുവിനും ഇസ്‌ലാമിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ സ്വാര്‍ഥ താല്‍പര്യങ്ങള്‍ മാറ്റി വെച്ചാല്‍ തീരുന്നതല്ലേ ഈ ശത്രുത? ഒരേ ആദര്‍ശത്തിന്റെ ആളുകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത ശത്രുതയാവുന്നത് എത്ര നീചമാണ്! മരണപ്പെട്ടാല്‍ പരേതന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും സാധിക്കാത്തത്ര അകല്‍ച്ച വിവിധ സംഘടനാ നേതാക്കള്‍ക്കിടയില്‍ പ്രകടമാവുന്നത് എത്ര ദൗര്‍ഭാഗ്യകരമാണ്! ഭൗതികവാദികളായ രാഷ്ട്രീയക്കാര്‍ പോലും ഇക്കാര്യത്തില്‍ എത്രയോ ഭേദമല്ലേ?

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus