അന്ത്യദിനത്തിനായുള്ള മുന്നൊരുക്കം

'ആ ദിനം തികഞ്ഞ സത്യമാകുന്നു. ഇഷ്ടമുള്ളവന്‍ തന്റെ നാഥങ്കലേക്കു മടങ്ങാനുള്ള മാര്‍ഗം സ്വീകരിച്ചുകൊള്ളട്ടെ. അടുത്തുവരുന്ന ശിക്ഷയെക്കുറിച്ച് നാം നിങ്ങള്‍ക്ക് താക്കീത് തന്നുകഴിഞ്ഞു. ഓരോ വ്യക്തിയും തന്റെ കരങ്ങള്‍ നേരത്തേ പ്രവര്‍ത്തിച്ചിട്ടുള്ളതൊക്കെയും കാണുന്ന ദിവസം. സത്യനിഷേധി, `ഹാ കഷ്ടം, ഞാന്‍ മണ്ണായിപ്പോയെങ്കില്‍` എന്നു വിലപിക്കുന്ന ദിവസം!'

മുമ്പ് പറയപ്പെട്ട തരത്തില്‍ അവര്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്ന ദിനത്തിലേക്ക് ചൂണ്ടി കൊണ്ടാണ് 'ദാലിക' (അത്, അവ എന്നിങ്ങനെ ദൂരെയുള്ള വസ്തുക്കളെ കുറിക്കുന്നതിന് ഉപയോഗിക്കുന്ന പദം) എന്നാല്‍ ഇവിടെ വിദൂരതയെ കുറിക്കുന്ന ആശയമല്ല ഇതിന്. സൂചിപ്പിക്കപ്പെട്ട വസ്തു വളരെ അടുത്താണെങ്കിലും അതിന്റെ മഹത്വവും പ്രാധാന്യവും ഔന്നിത്യവും കുറിക്കുന്നതിന് 'ദാലിക' എന്നുപയോഗിക്കാറുണ്ട്. സത്യമായ ആ ദിനം സുസ്ഥിരമായ യാഥാര്‍ത്ഥ്യമാണ്. അതില്‍ യാതൊരു വിധ അസംഭവ്യതയോ സംശയമോ ഇല്ല. അതില്‍ യാതൊരു വിധ വളച്ചൊടിക്കലും ഇല്ല.

പറയപ്പെട്ട രൂപത്തില്‍ തന്നെ പ്രസ്തുത ദിനത്തിന്റെ സംഭവ്യതയെ കുറിച്ച് ആണയിടുന്നു. അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയവര്‍ അല്ലാഹുവില്‍ അഭയം തേടുകയും അവനിലേക്കും അവന്റെ മഹത്തായ പ്രതിഫലത്തിലേക്കുമുള്ള മാര്‍ഗം സ്വീകരിക്കുകയും ചെയ്യട്ടെ. അല്ലാഹുവിലുള്ള വിശ്വാസവും അവനോടുള്ള അനുസരണവും സല്‍കര്‍മങ്ങളുമാണ് അതിനുള്ള മാര്‍ഗം. അവന്‍ എന്തെങ്കിലും നന്മ പ്രവര്‍ത്തിച്ചാല്‍ അല്ലാഹുവിലേക്കത് മടക്കും, തിന്മയാണെങ്കില്‍ അത് തന്റെ തന്നെ വീഴ്ച്ചയായി കണക്കാകുകയും ചെയ്യും. 'എല്ലാ നന്മകളും നിന്റെ കൈകളിലാണ്, തിന്മ നിന്നിലേക്കുള്ളതല്ല.' എന്ന പ്രവാചക വചനത്തിന്റെ ആശയവും അത് തന്നെയാണ്.

നാം നിങ്ങള്‍ക്ക് താക്കീത് തന്നുകഴിഞ്ഞു
വലിയൊരു അപകടം സംഭവിക്കുന്നതിന് മുമ്പ് അതിനെ മുന്നറിയിപ്പ് നല്‍കുകയാണ്. അല്ലാഹുവിനെ നിഷേധിക്കുകയും അവന്റെ ദൂതന്‍മാരെ കളവാക്കുകയും അന്ത്യദിനത്തെ കുറിച്ച അവരുടെ താക്കീതുകളെ തള്ളിക്കളയുകയും ചെയ്തിരിക്കുന്നവര്‍ക്ക് അല്ലാഹു ഒരുക്കിയിരിക്കുന്നതാണ് ആ മഹാവിപത്ത്. ഈ സൂക്തം അവതരിക്കുമ്പോള്‍ നബി(സ)യുടെ മുന്നിലുള്ള നിഷേധികളെ മാത്രമല്ല, മുഴുവന്‍ ലോകത്തെയുമാണ് ഇത് അഭിസംബോധന ചെയ്യുന്നത്.

അടുത്ത ശിക്ഷ എന്ന് പറഞ്ഞിരിക്കുന്നത് അത് സംഭവിക്കുമെന്ന ഉറപ്പിനെ കുറിക്കുന്നതിന് വേണ്ടിയാണ്. തീര്‍ച്ചയായും അത് വരിക തന്നെ ചെയ്യും. വരുന്നതെല്ലാം അടുത്താണ്. മുന്നറിയിപ്പിന്റെ പരിധിയില്‍ വരുന്നതെല്ലാം അതില്‍ പെട്ടതാണ്. അല്ലാഹു പറയുന്നു: 'ഈ ജനം അത് കാണുന്ന ദിവസം, (തങ്ങള്‍ ഇഹത്തില്‍ അല്ലെങ്കില്‍ മൃതാവസ്ഥയില്‍) ഒരു സായാഹ്നമോ അഥവാ അതിന്റെ പൂര്‍വാഹ്നമോ മാത്രമേ കഴിച്ചുകൂട്ടിയിട്ടുള്ളൂ എന്നോണമാണവര്‍ക്ക് തോന്നുക.' (അന്നാസിആത്ത്: 46)

ഇബ്‌നു അത്വിയ പറയുന്നു: ശിക്ഷ വിദൂരത്താണെങ്കില്‍ തന്നെയും അത് യാഥാര്‍ത്ഥ്യമാണെന്നതിനെ കുറിക്കുന്ന ആലങ്കാരിക പ്രയോഗമാണ് അടുത്താണെന്നുള്ളത്. അല്ലാഹു പറയുന്നത് കാണുക: 'ഈ ജനം അത് വിദൂരമെന്ന് കരുതുന്നു. നാമോ സമീപത്തു കണ്ടുകൊണ്ടിരിക്കുകയാണത്.' (അല്‍-മആരിജ്: 6,7) വളരെ അടുത്തുള്ള ഒന്നിനെ പോലെ യാഥാര്‍ത്ഥ്യമാണത് എന്നര്‍ത്ഥം.

മുന്നറിയിപ്പ് നല്‍കപ്പെട്ട ശിക്ഷ കൊണ്ടര്‍ത്ഥമാക്കുന്നത് പരലോക ശിക്ഷയാണെന്ന് നേരത്തെ പറഞ്ഞു. മുസ്‌ലിംകള്‍ ബഹുദൈവ വിശ്വാസികളോട് നടത്തുന്ന യുദ്ധങ്ങളില്‍ അവരെ വധിക്കുന്നതും ബന്ധനസ്ഥരാക്കുന്നതും അവര്‍ക്കുള്ള ശിക്ഷയാണ്. മുഖാതല്‍ പറയുന്നു: ബദ്‌റില്‍ ഖുറൈശികളെ വധിച്ചതിനെ കുറിച്ചാണിത്. മക്കാവിജയത്തിലെയും ഹുനൈനിലെയും ശിക്ഷയെയും അതുള്‍ക്കൊള്ളുന്നു. അല്ലാഹു തന്നെ അക്കാര്യം പറയുന്നു: 'നിങ്ങളുടെ കൈകളാല്‍ അല്ലാഹു അവരെ ശിക്ഷിക്കും.' (അത്തൗബ: 14) 'അത് കൂടാതെ ധിക്കാരികള്‍ക്ക് ഒരു ശിക്ഷയുണ്ട്.' (അത്തൂര്‍: 47)

അന്ത്യദിനത്തിന്റെ ശിക്ഷ മരണവും പുനരുജ്ജീവിപ്പലും അതിന്റെ ഭയാനകളുമാണെന്ന് വ്യക്തമാണ്. അല്ലാഹു പറയുന്നു: 'അന്ത്യസമയം ഇമവെട്ടുംപോലെ മാത്രമാണ്. അല്ലെങ്കില്‍ അതിനെക്കാള്‍ വേഗതയുള്ളത്.' (അന്നഹ്ല്‍: 77) മരിച്ചവരെല്ലാം അതില്‍ പുനരുജ്ജീവിപ്പിക്കപെടുന്നു. സ്വര്‍ഗാവകാശികളായ ആളുകള്‍ സ്വര്‍ഗത്തിലെ തങ്ങളുടെ സ്ഥാനം കാണും. അതേസമയം നരകാവകാശികള്‍ നിന്ദ്യതയാണ് കണ്‍മുന്നില്‍ കാണുക. അല്ലാഹു പറയുന്നു: 'ഓരോ വ്യക്തിയും തന്റെ കരങ്ങള്‍ നേരത്തേ പ്രവര്‍ത്തിച്ചിട്ടുള്ളതൊക്കെയും കാണുന്ന ദിവസം.' ആ ശിക്ഷയുടെ സമയത്ത് ഒരോരുത്തരും തങ്ങള്‍ പ്രവര്‍ത്തിച്ച നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും കാണുമെന്നാണ് അല്ലാഹു വിശദമാക്കുന്നത്.

ഈ സൂക്തത്തിലെ 'മര്‍അ്' കൊണ്ടുദ്ദേശ്യം വിശ്വാസിയാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അതായത് അവന് കാണാന്‍ തന്റെ പ്രവര്‍ത്തനങ്ങളുണ്ടാവും. എന്നാല്‍ തന്റെ ഒരു പ്രവര്‍ത്തനവും കാണാനാവാത്ത നിഷേധി മണ്ണായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോവുകയാണ്. ഒന്നാമത് പ്രയോഗിച്ച 'മര്‍അ്' വിശ്വാസിയെ കുറിക്കാനായതു കൊണ്ടാണ് 'കാഫിര്‍' എന്ന് ശേഷം പ്രത്യേകമായി പറഞ്ഞത്. എന്നാല്‍ മുഴുവന്‍ മനുഷ്യരുമാണ് അതുകൊണ്ടുദ്ദേശ്യം എന്നതാണ് പ്രബലം. ഓരോരുത്തരും അന്ന് താന്‍ സമ്പാദിച്ചത് കാണും. സമാനമായ രീതിയിലുള്ള പ്രയോഗങ്ങള്‍ വേറെയും സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. 'മനുഷ്യന്‍ (മര്‍അ്) തന്റെ സഹോദരനില്‍ നിന്ന് ഓടുന്ന ദിനം, മാതാവില്‍ നിന്നും പിതാവില്‍ നിന്നും.' (അബസ: 34,35) വിശ്വാസികളെയും അവിശ്വാസികളെയും സുകൃതവാന്‍മാരെയും അധര്‍മകാരികളെയുമെല്ലാം ഉള്‍ക്കൊള്ളുന്ന പ്രയോഗമാണത്.

ഭീകരമായ ആ ദിനത്തില്‍ അവിശ്വാസി ആഗ്രഹിച്ചു പോകുന്നത് മണ്ണായിരുന്നെങ്കില്‍ എന്നാണ്. അതായത് താന്‍ സൃഷ്ടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ അല്ലെങ്കില്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍.

മൊഴിമാറ്റം: നസീഫ്

അല്ലാഹുവിന്റെ മഹത്വം വിളിച്ചോതുന്ന ദിനം

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics