അന്നാസിആത്ത്

അല്ലാഹു കല്‍പിച്ചിട്ടുള്ളത് പ്രകാരം ആലോചനയോടെ വായിക്കുന്ന ഒരാള്‍ക്ക് ഒട്ടേറെ ഫലങ്ങള്‍ പകര്‍ന്നു നല്‍കുന്ന മക്കിയായ അധ്യായമാണിത്. 'നാസിആത്തി'നെയും തുടര്‍ന്ന പരാമര്‍ശിക്കുന്നവയെയും പിടിച്ചാണയിട്ടാണ് അധ്യായം ആരംഭിക്കുന്നത്. ശേഷം 'മഹാ പ്രകമ്പനത്തിന്റെ ദിവസത്തെ' കുറിച്ചാണ് അല്ലാഹു പറയുന്നത്. 'ഈ ജനം ചോദിക്കുന്നു: `ഞങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക് മടക്കപ്പെടുമെന്നോ; ദ്രവിച്ച എല്ലുകളായ ശേഷം?` എന്നതിലൂടെ് പുനരുത്ഥാനത്തിലേക്കാണ് വിവരണം നീങ്ങുന്നത്. തുടര്‍ന്ന് അല്ലാഹുവെ ഭയക്കുന്നവര്‍ക്ക് ഗുണപാഠമുള്‍ക്കൊള്ളാനായി മൂസാ നബിയുടെയും ഫിര്‍ഔനിന്റെയും കഥ വിവരിക്കുന്നു.

ശേഷം ആകാശഭൂമികളുടെയും അവക്കിടയിലുള്ള സകലതിന്റെയും സൃഷ്ടിപ്പിനെ കുറിച്ചാണ് ചോദിക്കുന്നത്. 'നിങ്ങളുടെ സൃഷ്ടിയാണോ കൂടുതല്‍ പ്രയാസകരം, അതല്ല ആകാശത്തിന്റെയോ?' നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കും വിഭവമായിട്ടാണ് ഇതെല്ലാം പടച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് പ്രസ്തുത വിവരണം അവസാനിപ്പിക്കുന്നത്.

അതിന് ശേഷം അന്ത്യദിനത്തെയും അതില്‍ സംഭവിക്കുന്നതിനെയും കുറിച്ചാണ് പരാമര്‍ശിക്കുന്നത്. 'അതിഘോരമായ ആ വിപത്ത് വന്നെത്തിയാല്‍' ജനങ്ങളെ സ്വര്‍ഗാവകാശികളെന്നും നരകാവകാശികളെന്നും വേര്‍തിരിക്കും. 'ധിക്കാരമനുവര്‍ത്തിക്കുകയും ഐഹികജീവിതത്തിന് മുന്‍ഗണന കല്‍പിക്കുകയും ചെയ്തിരുന്നവന്റെ താവളം നരകം തന്നെയാകുന്നു. എന്നാല്‍ തന്റെ റബ്ബിന്റെ സമക്ഷം നില്‍ക്കേണ്ടിവരുന്നതിനെ ഭയപ്പെടുകയും ആത്മാവിനെ ദുര്‍മോഹങ്ങളില്‍നിന്നകറ്റി നിര്‍ത്തുകയും ചെയ്തവനോ, അവന്റെ താവളം സ്വര്‍ഗമാകുന്നു.' അന്ത്യദിനം എന്ന് സംഭവിക്കുമെന്ന നിഷേധികളുടെ ചോദ്യത്തോടെയാണ് അധ്യായം അവസാനിപ്പിക്കുന്നത്.

സൃഷ്ടികളെ പിടിച്ചാണയിട്ട് ആരംഭിക്കുന്ന അധ്യായങ്ങള്‍
സവിശേഷമായ വിശേഷഗുണങ്ങളുള്ള സൃഷ്ടികളെ ആ വിശേഷണത്താല്‍ വിശേഷിപ്പിച്ച് സത്യം ചെയ്ത് ആരംഭിക്കുന്ന വിശുദ്ധ ഖുര്‍ആനിലെ അഞ്ച് അധ്യായങ്ങളില്‍ നാലാമത്തേതാണ് 'അന്നാസിആത്ത്'. എന്നാല്‍ പ്രസ്തുത വിശേഷണത്താലുള്ള പരിചയപ്പെടുത്തല്‍ മുഴുവന്‍ ജനങ്ങളും ഒരുപോലെ അംഗീകരിക്കുന്ന സൂക്ഷ്മമായ നിര്‍വചനം ആയിരിക്കണമെന്നുമില്ല.

ഇപ്രകാരം സൃഷ്ടികളെ പിടിച്ചാണയിട്ട് ആരംഭിക്കുന്ന ഈ അധ്യായങ്ങള്‍ക്ക് അവ മക്കയില്‍ അവതരിച്ചതാണെന്ന സവിശേഷത കൂടിയുണ്ട്. നമ്മുടെ ബുദ്ധിയും മനസ്സും ആകര്‍ഷിക്കുന്നതിന് ഏത് സൃഷ്ടിയെ പിടിച്ച് സത്യം ചെയ്യണമെന്നുള്ളത് തീരുമാനിക്കാനുള്ള അധികാരം അല്ലാഹുവിന് മാത്രമാണ്. അവനുദ്ദേശിക്കുന്ന സൃഷ്ടിയുടെ പേരില്‍ അവന്‍ സത്യം ചെയ്യുന്നു. അസ്സ്വാഫ്ഫാത്ത്, അദ്ദാരിയാത്ത്, അല്‍-മുര്‍സലാത്ത്, അന്നാസിആത്ത്, അല്‍-ആദിയാത്ത് എന്നിവയാണ് സൃഷ്ടികളെ പിടിച്ചാണയിട്ട് ആരംഭിക്കുന്ന അഞ്ച് സൂറത്തുകള്‍. അതില്‍ നാലാമത്തേതായ അന്നാസിആത്തിന്റെ മുന്നിലാണ് ഇപ്പോള്‍ നാം ഉള്ളത്.

എന്താണ് അന്നാസിആത്ത്?
അന്നാസിആത്ത് എന്താണെന്ന് നിര്‍ണയിക്കുന്നതില്‍ പൂര്‍വകാല മുഫസ്സിറുകള്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഉദ്ദേശ്യം മലക്കുകളാണെന്ന് പറഞ്ഞവരുണ്ട്. മനുഷ്യന്റെ റൂഹ് പിടിക്കുമ്പോള്‍ മുങ്ങിചെന്ന് ശക്തമായി വലിച്ചെടുക്കുന്നവയും നിസ്സാരമായ ഒരു കെട്ടഴിക്കുന്നത് പോലെ എളുപ്പത്തില്‍ ഊരിയെടുക്കുന്നവയുമുണ്ടെന്ന് അവര്‍ വിശദീകരിക്കുന്നു.

ഇമാം റാസി അദ്ദേഹത്തിന്റെ തഫ്‌സീറുല്‍ കബീറില്‍ പറയുന്നു: അറിയുക, ഈ അഞ്ച് വാക്കുകളും ഒരു വസ്തുവിന്റെ തന്നെ അഞ്ച് വിശേഷണങ്ങളാകാനുള്ള സാധ്യതയുണ്ട്. അപ്രകാരം അല്ലാതിരിക്കാനുള്ള സാധ്യതയുമുണ്ട്. ഒന്നാമത്തെ സാധ്യത പ്രകാരമുള്ള വീക്ഷണങ്ങളിലെ ഒന്നാമത്തെ വീക്ഷണമാണ് അവയെല്ലാം മലക്കുകളുടെ വിശേഷണങ്ങളാണെന്നുള്ളത്. മനുഷ്യരുടെ ജീവന്‍ ഊരിയെടുക്കുന്ന മലക്കുകള്‍ നിഷേധികളുടെ ജീവനെ അവര്‍ കഠിനമായി ഊരിയെടുക്കുന്നു. അപ്രകാരം സാവധാനം ഊരിയെടുക്കുക എന്ന അര്‍ത്ഥമാണ് 'നശ്ത്ത്' എന്നതിനുള്ളത്. വിശ്വാസികളുടെ റൂഹ് പിടിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട മലക്കുകളാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. ആദ്യം പറഞ്ഞത് നിഷേധികളുടെ റൂഹ് പിടിക്കുന്ന മലക്കുകളെ കുറിച്ചാണ്. 'നശ്ത്ത്', 'നസ്അ്' തമ്മിലുള്ള വ്യത്യാസം ശക്തിയില്‍ വലിച്ചെടുക്കലാണ് 'നസ്അ്' എങ്കില്‍ വളരെ നൈര്‍മല്യത്തോടെയും അനുകമ്പയോടെയും ഊരിയെടുക്കലാണ് 'നശ്ത്ത്'. കിണറ്റില്‍ നിന്ന് ബക്കറ്റില്‍ വെള്ളം കോരിയെടുക്കുന്നത് പോലെയാണ് മലക്കുകള്‍ വിശ്വാസികളുടെ റൂഹ് പിടിക്കുക. (തുടരും)

മൊഴിമാറ്റം: നസീഫ്‌

നീന്തി മുന്നേറുന്ന മലക്കുകള്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics