എന്താണ് ചരിത്രഗ്രന്ഥങ്ങളുടെ കാവിവല്‍ക്കരണം?

നമ്മുടെ ഉപഭൂഖണ്ഡത്തിന് ഒരു പൊതുവായ ഭൂതകാലമുണ്ട്; ചരിത്രം പരസ്പരം പങ്കുവെക്കുന്നു, വ്യത്യസ്ത രാഷ്ട്രീയ പ്രത്യശാസ്ത്രങ്ങള്‍ ഉള്‍വഹിക്കുന്ന സംഘങ്ങള്‍ ഒരേ ചരിത്രത്തെ തന്നെ വിവിധങ്ങളായ രീതിയിലാണ് നോക്കികാണുന്നത്. കേന്ദ്രത്തില്‍ ഭരണമാറ്റം സംഭവിച്ചതോടു കൂടി പ്രമുഖ സ്ഥാപനങ്ങളുടെ നയങ്ങളിലും വമ്പിച്ച മാറ്റങ്ങള്‍ സംഭവിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്, നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രൈയിനിംഗ് പോലെയുള്ള സ്ഥാപനങ്ങളുടെ തലപ്പത്ത് ഇപ്പോള്‍ ഇരിക്കുന്നത് ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിവുതെളിയിച്ച് യോഗ്യത നേടിയവരല്ല, മറിച്ച് ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തോടുള്ള അവരുടെ അടുപ്പമാണ് അവരെ ആ സ്ഥാനങ്ങളിലെത്തിച്ചത്. ചരിത്രം, വിദ്യഭ്യാസം തുടങ്ങി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക എല്ലാ വിഷയങ്ങളിലും ഗവേഷണങ്ങള്‍ നടത്തുന്നത് മേല്‍ സൂചിപ്പിച്ച സ്ഥാപനങ്ങളാണ്. ബി.ജെ.പിയുടെ പിതൃസംഘടനയായ ആര്‍.എസ്.എസിന്റെ കാര്‍മികത്വത്തിലാണ് നയംമാറ്റം നയിക്കപ്പെടുന്നത്. ഹിന്ദു ദേശീയവാദമാണ് ആര്‍.എസ്.എസിന്റെ രാഷ്ട്രീയാദര്‍ശം. അതാകട്ടെ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഇന്ത്യന്‍ ദേശീയവാദമാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപിടിക്കുന്നത്. 2015 മാര്‍ച്ച് മൂന്നിന് ആര്‍.എസ്.എസ് തലവന്‍ (സര്‍സംഘ്ചാലക്) ഇന്ത്യന്‍ ചരിത്രം കാവിവല്‍ക്കരിക്കണമെന്ന് പറഞ്ഞിരുന്നു. അദ്ദേഹത്തെ പിന്തുണച്ച് ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി മനോഹര്‍ ജോഷി രംഗത്ത് വന്നു കൊണ്ട് ഇന്ത്യന്‍ ചരിത്രം കാവിവല്‍ക്കരിക്കണമെന്ന ആഹ്വാനം അനിവാര്യമാണെന്ന് പറഞ്ഞു. ചരിത്ര പുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുന്നതില്‍ ബഹുമാനപ്പെട്ട മന്ത്രി അഭിമാനം കൊള്ളുകയും ചെയ്തു.

ചരിത്ര പുസ്തകങ്ങള്‍ കാവിവല്‍ക്കരിക്കുക എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? 1998-ലെ വാജ്‌പെയിയുടെ എന്‍.ഡി.എ ഗവണ്‍മെന്റില്‍ മാനവ വിഭവ ശേഷി വികസന മന്ത്രിയായിരുന്നു നേരത്തെ സൂചിപ്പിച്ച ഡോ. ജോഷി. വിദ്യഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നതും അദ്ദേഹം തന്നെയായിരുന്നു. കരിക്കുലം, വിദ്യഭ്യാസം, സാമൂഹ്യ ശാസ്ത്ര-ചരിത്ര പുസ്തകങ്ങള്‍ എന്നിവയില്‍ ഗുരുതരമായ മാറ്റങ്ങള്‍ വരുത്തിയ ഡോ. ജോഷിയുടെ നീക്കത്തെ വിമര്‍ശിക്കാന്‍ ബുദ്ധിജീവികളും പുരോഗമന ചിന്താഗതിക്കാരായ ചരിത്രകാരന്‍മാരും വികസിപ്പിച്ചെടുത്ത പദമാണ് 'കാവിവല്‍ക്കരണം'. അദ്ദേഹത്തിന്റെ ഭരണകാലയളവില്‍ അവതരിപ്പിക്കപ്പെട്ട പുസ്തകങ്ങളിലെല്ലാം തന്നെ, 'മനുവിന്റെ മക്കളായതു കൊണ്ടാണ് നമ്മള്‍ മനുഷ്യ അല്ലെങ്കില്‍ മാനവ് എന്ന പേരില്‍ അറിയപ്പെടുന്നത്, ശാസ്ത്രജ്ഞന്‍മാര്‍ സസ്യങ്ങളെ ജീവനില്ലാത്തവയായിട്ടാണ് കണക്കാക്കുന്നത് അതേസമയം ഹിന്ദുക്കള്‍ സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്നാണ് വിശ്വസിക്കുന്നത്, രജപുത്ര പാരമ്പര്യമായ സതിയില്‍ നാം അഭിമാനിക്കണം' തുടങ്ങിയ പ്രസ്താവനകള്‍ ഉണ്ടായിരുന്നു. മാധ്യകാലഘട്ടത്തെ സംബന്ധിച്ചും ഒരുപാട് അസംബന്ധങ്ങള്‍ എഴുന്നെള്ളിച്ചിരുന്നു; സമുദ്രഗുപ്ത ചക്രവര്‍ത്തിയാണ് ഖുതുബ് മിനാര്‍ നിര്‍മിച്ചത്, അതിന്റെ യഥാര്‍ത്ഥ പേര് വിഷ്ണു സ്തംബ എന്നായിരുന്നു. അധികാരം നേടുന്നതിന് വേണ്ടി ശിവാജിയും അഫ്‌സല്‍ ഖാനും തമ്മില്‍ നടന്ന യുദ്ധങ്ങള്‍, അക്ബറും മഹാറാണാ പ്രതാപും തമ്മില്‍ നടന്ന പോരാട്ടം, ഗുരു ഗോവിന്ദ് സിങും ഔറംഗസേബും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍, ഇവക്കെല്ലാം തന്നെ മതത്തിന്റെ നിറം നല്‍കി.

ഈ മാറ്റിത്തിരുത്തലുകളെല്ലാം തന്നെ പ്രൊഫഷണലുകള്‍, പുരോഗമന ചിന്തകര്‍, മതേതര ചരിത്രകാരന്‍മാര്‍ തുടങ്ങിയവരുടെ പണ്ഡിതോചിതമായ വിമര്‍ശനത്തിന് പാത്രമാവുകയുണ്ടായി. അത്തരത്തിലുള്ള ചരിത്രാവതരണത്തെ അവര്‍ 'വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം' എന്ന് വിളിച്ചു. ചരിത്രത്തെ കാവിവല്‍ക്കരിക്കുകയല്ല മറിച്ച് വളച്ചൊടിക്കപ്പെട്ട ചരിത്രം കേവലം തിരുത്തിയെഴുതുക മാത്രമാണ് ചെയ്യുന്നത് എന്ന് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ (2003 ഏപ്രില്‍) അതേ മുരളി മനോഹര്‍ ജോഷി പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ടതോടെ തിരിയാന്‍ തുടങ്ങിയിരിക്കുന്നു; കാവിവല്‍ക്കരണം എന്ന അതേ സാങ്കേതികപദം അഭിമാനം കൊള്ളേണ്ട ഒന്നായാണ് അദ്ദേഹം കാണുന്നത്.

വര്‍ഗീയ ചരിത്രരചനക്ക് ബ്രിട്ടീഷുകാരാണ് ഇന്ത്യയില്‍ വിത്തുപാകിയത്. മതത്തിന്റെ കണ്ണിലൂടെ ചരിത്രപ്രതിഭാസങ്ങളെ നോക്കിക്കാണുന്നു എന്നതാണ് ഈ ചരിത്രരചനാ സമ്പ്രദായത്തിന്റെ പ്രത്യേകത. ഒരേ ചരിത്രം തന്നെ ഭേദഗതികള്‍ വരുത്തിയതിന് ശേഷമാണ് ഹിന്ദു-മുസ്‌ലിം സാമുദായികവാദികള്‍ സ്വീകരിച്ചത്. ചരിത്രാതീത കാലം മുതല്‍ക്ക് തന്നെ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായിരുന്നെന്നും, മുസ്‌ലിംകളും ക്രിസ്ത്യാനികളും വിദേശികളാണെന്നുമുള്ള ചരിത്രം ഒരുപാട് കൂട്ടലുകള്‍ക്കും കിഴിക്കലുകള്‍ക്കും ശേഷം ഹിന്ദു വര്‍ഗീയവാദികളും, ഹിന്ദു ദേശീയവാദികളും ചേര്‍ന്ന് അവതരിപ്പിച്ചു. എട്ടാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ കാസിം സിന്ദ് പിടിച്ചെടുത്തത് മുതല്‍ക്കാണ് മുസ്‌ലിം സാമുദായിക ചരിത്രം ആരംഭിക്കുന്നത്. ഈ ഭൂമിയുടെ ഭരണാധികാരികള്‍ മുസ്‌ലിംകളായിരുന്നത് കൊണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോകുകയാണെങ്കില്‍ അധികാരം മുസ്‌ലിംകള്‍ക്ക് കൈമാറണമെന്ന് അവര്‍ വാദിച്ചു. ഈ ചരിത്രാഖ്യാനത്തിന്റെ ഒരു പതിപ്പ് പാകിസ്ഥാനിലെ ചരിത്രപുസ്തകങ്ങളില്‍ ഇന്നും പ്രചാരത്തിലുണ്ട്.

ഇതിന് നേര്‍വിപരീതമായി, മതേതരര്‍ എന്നറിയപ്പെടുന്ന ഡെമോക്രാറ്റിക് ഇന്ത്യന്‍ നാഷണല്‍ മൂവ്‌മെന്റ് അവതരിപ്പിച്ച ചരിത്ര കാഴ്ച്ചപ്പാടില്‍ രാജാവിന്റെ മതമായിരുന്നില്ല അദ്ദേഹത്തിന്റെ നയരൂപീകരണത്തിന്റെ നിര്‍ണായക ഘടകമായി വര്‍ത്തിച്ചത്. ഇതേ കാഴ്ച്ചപ്പാട് സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു മഹാത്മാ ഗാന്ധിയും മുന്നോട്ട് വെച്ചിരുന്നു. തന്റെ ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നു, 'മുസ്‌ലിം ഭരണാധികാരികള്‍ക്ക് കീഴില്‍ ഹിന്ദുക്കളും, ഹിന്ദു ഭരണാധികാരികള്‍ക്ക് കീഴില്‍ മുസ്‌ലിംകളും സുഖസന്തോഷങ്ങളോടെ ജീവിച്ചു. തമ്മിലടി ആത്മഹത്യാപരമാണെന്ന് ഇരുകൂട്ടരും മനസ്സിലാക്കിയിരുന്നു. ഭീഷണികള്‍ക്ക് മുന്നില്‍ തങ്ങളുടെ മതം ഉപേക്ഷിക്കാന്‍ ഇരുകൂട്ടരും ഒരുക്കമായിരുന്നില്ല. അതുകൊണ്ടു തന്നെ സമാധാനത്തോടെ ജീവിക്കാന്‍ അവര്‍ തീരുമാനിച്ചു. ഇംഗ്ലീഷുകാരുടെ ആഗമനത്തോടെ കലഹങ്ങള്‍ വീണ്ടും ആരംഭിച്ചു... ഹിന്ദുക്കളും മുസ്‌ലിംകളും ഒരേ പൂര്‍വ്വികരില്‍ നിന്ന് ഉരുവെടുത്തവരാണെന്നും, ഒരേ രക്തമാണ് അവരുടെ ഞരമ്പുകളിലൂടെ പ്രവഹിക്കുന്നതെന്നും നമ്മളെന്തു കൊണ്ട് ഓര്‍ക്കുന്നില്ല? ഒരു മതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കുന്നത് മൂലം ആളുകള്‍ തമ്മില്‍ ശത്രുക്കളായി മാറുകയോ? മുഹമ്മദന്റെ ദൈവം ഹിന്ദുവിന്റെ ദൈവത്തില്‍ നിന്നും വ്യത്യസ്തമാണെന്നോ? ഒരേ സ്ഥലത്ത് ഒന്നിക്കുന്ന വ്യത്യസ്ത വഴികളാണ് മതങ്ങള്‍. അവസാനം ഒരേ ലക്ഷ്യസ്ഥാനത്ത് എത്തുമെന്നിരിക്കെ വ്യത്യസ്ത വഴികള്‍ തെരഞ്ഞെടുക്കുന്നതില്‍ എന്താണ് പ്രശ്‌നം? എന്താണ് ഈ കലഹങ്ങളുടെ മൂലഹേതു?

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും ബ്രിട്ടീഷുകാര്‍ അവതരിപ്പിച്ച ചരിത്രരചനാ സമ്പ്രദായം കുറച്ച് കാലം ഇന്ത്യയില്‍ നിലനിന്നിരുന്നു. ഘട്ടംഘട്ടമായാണ് ഗൗരവതരമായ ചരിത്രഗവേഷണവും, യുക്ത്യാധിഷ്ഠിത സമീപനവും ചരിത്രഗ്രന്ഥങ്ങളിലേക്ക് പ്രവേശിച്ച് തുടങ്ങിയത്. എന്‍.സി.ആര്‍.ടിയുടെ രൂപീകരണത്തോടെ സാമുദായികാടിസ്ഥാനത്തിലുള്ള ചരിത്രാഖ്യാനങ്ങളെ യുക്തിഭദ്രതയോടെയുള്ള ചരിത്രവീക്ഷണങ്ങള്‍ പകരം വെച്ചു. 1998 മുതല്‍ ബി.ജെ.പി നയിക്കുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് അധികാരത്തിലേറിയതോടെ കരിക്കുലത്തിന്റെ വര്‍ഗീയവല്‍ക്കരണവും, വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണവുമായി ഡോ. ജോഷി രംഗത്തു വന്നു. 2004-ല്‍ എന്‍.ഡി.എ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ ഭരണത്തിലേറി. അവരുടെ നേതൃത്വത്തില്‍ ഘട്ടംഘട്ടമായി ഒരുപരിധിവരെ വിഭ്യാഭ്യാസത്തില്‍ യുക്തി ചിന്തയും, ശാസ്ത്രീയ മനോഭാവത്തിന്റെ ജീവചൈതന്യവും പുനഃസ്ഥാപിക്കപ്പെട്ടു. അതുപോലെ ചരിത്രഗ്രന്ഥങ്ങളില്‍ നിന്നും ഒരുപരിധി വരെ വര്‍ഗീയാടിസ്ഥാനത്തിലുള്ള ചരിത്രാഖ്യാനങ്ങള്‍ എടുത്തുമാറ്റപ്പെട്ടു. ഇന്ത്യയിലായാലും പാകിസ്ഥാനിലായാലും 'മതകീയ ദേശീയവാദ'ത്തിന്റെ രാഷ്ട്രീയ അജണ്ടക്കൊപ്പിച്ച് രചിക്കപ്പെടുന്ന കെട്ടുകഥളാണ് ഒരുതരത്തില്‍ സാമുദായികാടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെടുന്ന ചരിത്രാഖ്യാനങ്ങള്‍. അങ്ങനെ ഇന്ത്യയില്‍ താജ് മഹല്‍ ശിവക്ഷേത്രമായ തേജോ മഹാലയ് ആയി മാറുന്നു, സ്വാതന്ത്രസമരം മുസ്‌ലിംകള്‍ക്കെതിരെയുള്ള മതപരമായ യുദ്ധമായി അവതരിപ്പിക്കപ്പെടുന്നു, ക്ഷേത്രങ്ങള്‍ തകര്‍ത്തു എന്ന പേരിലും, വാളു കൊണ്ട് ഇസ്‌ലാം പ്രചരിപ്പിച്ചു എന്ന പേരിലും മുസ്‌ലിം രാജാക്കന്‍മാര്‍ അധിക്ഷേപിക്കപ്പെടുന്നു. രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വേണ്ടി വിഭാഗീയ മനോനില പ്രോത്സാഹിപ്പിക്കപ്പെടുന്നു.  പാകിസ്ഥാനിലെ പുസ്തകങ്ങളില്‍ മുസ്‌ലിം രാജാക്കന്‍മാര്‍ വീരപുരുഷന്‍മാരാണ്, അതേ സമയം ഹിന്ദു രാജാക്കന്‍മാര്‍ ഒന്നുമല്ല!

ആര്‍.എസ്.എസ് നടത്തി കൊണ്ടിരിക്കുന്ന സരസ്വതി ശിശു മന്ദിര്‍സ്, ഏകല്‍ വിദ്യാലയാസ്, വിദ്യാ ഭാരതി തുടങ്ങിയ വിദ്യാലയങ്ങളില്‍ ഔദ്യോഗിക പുസ്തകങ്ങളുടെ കൂടെ തന്നെ അവരുടേതായ ചരിത്ര വീക്ഷണവും പഠിപ്പിക്കപ്പെടുന്നുണ്ട്. ആര്‍.എസ്.എസിന്റെ സ്‌കൂളുകളിലെ ഈ പാഠപുസ്തകങ്ങളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുവാനായി അവര്‍ നിര്‍ദ്ദേശിക്കുന്നത്. വൈവിധ്യങ്ങളുടെ കേദാരമായ നമ്മുടെ ബഹുസ്വര രാഷ്ട്രത്തെ വിഭജിക്കുന്നതിന് പ്രസ്തുത നീക്കം ഹേതുവായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics