ഹിജാബ് ധരിക്കുന്നത് ആര്‍ക്കു വേണ്ടി?

അല്ലാഹുവിനെ പരിപാലകനായും, ഇസ്‌ലാമിനെ ജീവിതവ്യവസ്ഥയായും, മുഹമ്മദ് (സ)യെ നബിയായും, ഖുര്‍ആനെയും സുന്നത്തിനെയും മാര്‍ഗമായും വിശ്വസിക്കുന്ന മുസ്‌ലിം യുവതി ഹിജാബുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. ഞാനെന്തിന് ഹിജാബ് ധരിക്കണം? ആര്‍ക്കുള്ള അനുസരണമായിട്ട്? ഹിജാബിന്റെ അര്‍ത്ഥമെന്താണ്? അതിന്റെ ഉപാധികള്‍ എന്തൊക്കെയാണ്? ഈ നാല് ചോദ്യങ്ങള്‍ മുഖ്യമായതാണ്. അതിന്റെ ഉത്തരം അവള്‍ അറിയേണ്ടതുണ്ട്. ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തെളിവുകള്‍ കണ്ടെത്തിക്കൊണ്ടാവണം അത് അനുഷ്ഠിക്കേണ്ടത്.

ഹിജാബ് പരിശുദ്ധിയും മാന്യതയും മഹത്വവും നല്‍കുന്നു. വിഷം വമിക്കുന്ന കണ്ണിന്റെ തുറിച്ചു നോട്ടത്തില്‍ നിന്നും സംരക്ഷണമേകുന്നു. ഇസ്‌ലാമില്‍ സ്ത്രീക്ക് ഉയര്‍ന്ന മൂല്യമാണുള്ളത്. വിശ്വാസികള്‍ക്കിടയില്‍ തന്റേതായ സ്ഥാനം അവള്‍ക്കുണ്ട്. സ്ത്രീയെ വിലകുറഞ്ഞ ചരക്കാക്കുന്ന പടിഞ്ഞാറന്‍ പ്രഭൃതികള്‍ അവളെ ശാരീരികേച്ഛകളുടെ പൂര്‍ത്തീകരണത്തിന് ഉപയോഗിക്കുന്നു. മാത്രമല്ല, കച്ചവടച്ചരക്കുകള്‍ വിറ്റഴിക്കാനുള്ള പരസ്യപ്പലകയുമാണവള്‍. കോലംകെട്ടവളോ, വൃദ്ധയോ ആണെങ്കില്‍ പ്രൗഢയാണെങ്കില്‍ പോലും മാഗസിനുകളുടെ പുറംചട്ടയില്‍ അവളുടെ ചിത്രം വരുന്നില്ല, എയര്‍ഹോസ്റ്റസായി അവളെ ആവശ്യപ്പെടുന്നില്ല, അവളെ സഹായിക്കാന്‍ ആരെയും കാണുന്നില്ല.

ഇസ്‌ലാമിലെ സ്ത്രീ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്. അവള്‍ക്ക് എന്നും സ്ഥാനവും മഹത്വവുമുണ്ട്. ആ മാന്യതയും അന്തസ്സും പവിത്രതയും സംരക്ഷിക്കുന്ന അവകാശങ്ങള്‍ നിയമം അവള്‍ക്ക് നല്‍കുന്നു. ഇവിടെ അവള്‍ ബഹുമാന്യ മാതാവാണ്. കുലീനയായ ഇണയും സഹോദരിയുമാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ ധ്വജവാഹകരായ പുരുഷാന്തരങ്ങളുടെ ആദ്യ പാഠശാലയുമാണ്. ഒരു കവി വചനം:
ഉമ്മ കലാലയം, അതിനെ ഒരുക്കിയാല്‍
ഉത്കൃഷ്ട ധമനികള്‍ നീ ജനതതികളിലൊരുക്കി വെച്ചു
ഉമ്മ പൂവാടി, അതിന് ജീവനേകിയാല്‍
ഉറവ് കൊണ്ട്, എവിടെയുമത് തളിര്‍ക്കും
ഉമ്മ പൂര്‍വ്വിക ഗുരുക്കളുടെ ഗുരുനാഥന്‍
ഉമ്മയുടെ ഓര്‍മകള്‍ ദിഗന്തങ്ങള്‍ക്കപ്പുറം ജ്വലിച്ചു നില്‍ക്കും.  (ഹാഫിദ് ഇബ്‌റാഹീം)

സ്ത്രിയും പുരുഷനും അല്ലാഹുവിന്റെ അടിമകള്‍ എന്ന നിലയില്‍ തുല്യരാണ്. ആരായാലും ഖുര്‍ആനിനും സുന്നത്തിനുമൊപ്പം ചരിക്കണം. ഹിജാബ് ധരിക്കണമെന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. പരിപാലകനും സ്രഷ്ടാവും അന്നദാതാവുമായവനോടുള്ള അനുസരണത്തിന്റെ ഭാഗമാണ്. അല്ലാഹു പറയുന്നു: 'നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൗന്ദര്യപ്രകടനം പോലുള്ള സൗന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്.' (അല്‍ അഹ്‌സാബ്: 33) 'നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്.' (അഹ്‌സാബ്: 59)
ഹിജാബ് ധരിക്കുന്നതോട് കൂടി സ്ത്രീ അല്ലാഹുവിന്റെ കല്‍പന അനുസരിക്കുന്നു ആനുസരണ ആരാധനയാണല്ലോ. മരിക്കുന്നതിന് മുമ്പുതന്നെ അല്ലാഹുവിനെ അനുസരിക്കുക.

ചിലരെങ്കിലും ഹിജാബിനെ മനസ്സിലാക്കിയിരിക്കുന്നത് ഉമ്മമാരിലൂടെ കൈമാറിവന്ന സാമൂഹിക നടപടിയെന്നാണ്. യഥാര്‍ത്ഥത്തില്‍ സ്ത്രീയുടെ സുരക്ഷിതത്വത്തിനായി അല്ലാഹു നിയമമാക്കിയതാണത്.

ഹിജാബ് അല്ലാഹുവിന് തൃപ്തിപ്പെട്ടതാകണമെങ്കില്‍ ഏഴ് ഉപാധികള്‍ പാലിക്കേണ്ടതുണ്ട്.
ഒന്ന്: ശരീരം മുഴുവന്‍ മറയ്ക്കുന്നതാകുക. മുഖവും ഈ പരിധിയില്‍ ഉള്‍പ്പെടുന്നുവെന്ന അഭിപ്രായം ചില പണ്ഡിതര്‍ക്കുണ്ട്. അല്ലാഹു പറയുന്നു: 'അവര്‍ തങ്ങളുടെ ജില്‍ബാബുകള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടട്ടെ.' (അല്‍അഹ്‌സാബ്: 59) ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രമാണ് ജില്‍ബാബ്.

ചില സ്ത്രീകളുടെ കാര്യം അങ്ങേയറ്റം പരിതാപകരമാണ്. കഴുത്തും കൈകളും കാലുകളും തുറന്നിട്ടു കൊണ്ട് സുഗന്ധം പൂശി അങ്ങാടികളിലേക്ക് അവര്‍ പോകുന്നു. സ്ത്രീയുടെ അലങ്കാരമായ ലജ്ജയും ഭംഗിയും ഇവര്‍ എവിടെ ശേഷിപ്പിച്ചിരിക്കുന്നു? നബി (സ) പറഞ്ഞിരിക്കുന്നു: 'രണ്ട് കൂട്ടര്‍ നരകത്തിലാണ്. ഞാന്‍ അവരെ കണ്ടിട്ടില്ല. ഉടുത്തിട്ടുണ്ടെങ്കിലും നഗ്നരായി ചാഞ്ഞും ചരിഞ്ഞും നടക്കുന്ന സ്ത്രീകളാണവര്‍. അവരുടെ തലകള്‍ ഒട്ടകത്തിന്റെ ഇളകുന്ന പൂഞ്ഞകള്‍ പോലുണ്ട്. അവര്‍ സ്വര്‍ഗത്തില്‍ കടക്കുകയില്ല. അതിന്റെ സുഗന്ധം അവര്‍ക്കെത്തുകയില്ല. ഇത്രയിത്ര വഴിദൂരം അതിന്റെ പരിമളം എത്തുന്നതാണ്.' (മുസ്‌ലിം)
രണ്ട്: തൊലിപ്പുറം കാണാത്തതായിരിക്കണം. മറയ്ക്കലാണ് ഹിജാബിന്റെ ഉദ്ധേശ്യം. കാഴ്ചയെ മറയ്ക്കുന്നില്ലെങ്കില്‍ അതിന് ഹിജാബെന്ന് പറയപ്പെടുകയില്ല.
മൂന്ന്: വശീകരിക്കുന്ന തരത്തിലുള്ള അലങ്കാരങ്ങളോ വര്‍ണമോ ഉണ്ടാകരുത്. അല്ലാഹു പറയുന്നു: 'അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കട്ടെ.' (അന്നൂര്‍: 31) അന്യരെ ആകര്‍ഷിക്കാതിരിക്കാനാണ് ഹിജാബ്.
നാല്: ഇടുങ്ങിയതാകരുത്. വിശാലതയുണ്ടായിരിക്കണം. ശരീരാകൃതിയും അവയവ ഭാഗങ്ങളും നിഴലിച്ചു കാണുന്നതാകരുത്.
അഞ്ച്: വസ്ത്രം സുഗന്ധപൂരിതമാകരുത്. അത് പുരുഷന്മാരെ ഉന്മത്തരാക്കും. നബി തിരുമേനി (സ) പറഞ്ഞിരിക്കുന്നു: ഏതൊരു സ്ത്രീ സുഗന്ധം പൂശി വല്ല സദസ്സിന്റെയും അരികിലൂടെ പോയാല്‍ അവള്‍ ഇങ്ങിനെയാണ് ഇങ്ങിനെയാണ്. അതായത് അവള്‍ വ്യഭിചാരിണിയാണ്. (അബൂ ദാവൂദ്) എതെങ്കിലും സ്ത്രീ സുഗന്ധം പൂശി ആളുകള്‍ സുഗന്ധം ആസ്വദിക്കട്ടെയെന്ന് കരുതി അവര്‍ക്കരികിലൂടെ നടന്നാല്‍ അവള്‍ വ്യഭിചാരിണിയാണ്. (നസാഈ)
ആറ്: പുരുഷന്മാര്‍ ധരിക്കുന്നത് പോലുള്ളതാകരുത്. 'സ്ത്രീകളോട് സമാനരായ പുരുഷന്മാരെയും പുരുഷന്മാരോട് സമാനരായ സ്ത്രീകളേയും നബി തിരുമേനി (സ) ശപിച്ചിരിക്കുന്നു. (ബുഖാരി)
എഴ്: ഏത് വസ്ത്രമാണെങ്കിലും പ്രസിദ്ധിക്ക് വേണ്ടി ധരിക്കുന്നതാകരുത്. നബി(സ) പറഞ്ഞിരിക്കുന്നു: ആരെങ്കിലും പ്രതാപം കാണിക്കാനായി ഇഹലോകത്ത് വസ്ത്രം ധരിച്ചാല്‍ പരലോകത്തില്‍ അല്ലാഹു നിന്ദ്യതയുടെ വസ്ത്രം അവനെ ധരിപ്പിക്കും. അതില്‍ അവനെ കത്തിക്കുകയും ചെയ്യും.'
വിശ്വാസികളുടെ മാതാവായ ആഇശ(റ) പറയുന്നു: ഞാന്‍ നബി(സ)യോട് ചോദിച്ചു: വസ്ത്രങ്ങളുടെ താഴ്ഭാഗങ്ങള്‍ സ്ത്രീകള്‍ എന്ത് ചെയ്യാനാണ്? നബി(സ) പറഞ്ഞു: ഒരു ചാണ്‍ ഇറക്കിയിട്ടോളൂ. ആഇശ (റ) പറഞ്ഞു: അപ്പോള്‍ അവരുടെ കാല്‍പാദങ്ങള്‍ വെളിവാകും. നബി (സ) പറഞ്ഞു: ഒരു മുഴം ഇറക്കിധരിച്ചോളൂ, അതിലും കൂട്ടരുത്.

വിശ്വാസികളുടെ മാതാക്കള്‍ ഇറക്കിധരിക്കാന്‍ അനുവാദം ചോദിക്കുന്നു. നമ്മുടെ സ്ത്രീകള്‍ ഒരു ശ്രദ്ധയുമില്ലാതെ വസ്ത്രം ചെറുതാക്കിക്കൊണ്ടിരിക്കുന്നു.
ഈ ഉപാധികള്‍ പാലിക്കുമ്പോളാണ് സ്ത്രീ വസ്ത്രം ധരിച്ചവളാകുന്നതും ഭക്തയാകുന്നതും. ഹിജാബ് കേവലം കോലമല്ല. അപഥസഞ്ചാരം നടത്തുന്ന സമൂഹത്തില്‍ നിന്നുള്ള മറയാണത്. ഹിജാബിന്റെ കൂട്ടത്തില്‍ ഒതുക്കവും പാതിവൃത്യവും ലജ്ജയും മാന്യതയും ശീലമാക്കണം. ഇതൊന്നും ഇല്ലാതെ ഹിജാബ് ഒരു പ്രയോജനവും ചെയ്യുകയില്ല. പാതിവൃത്യവും ലജ്ജയും ഹിജാബില്ലാതെയും ഉപകാരപ്പെടുകയില്ല.

സ്വാതന്ത്യത്തിന്റെയും മുന്നേറ്റത്തിന്റെയും ചിഹ്നമായ മഹത്തായ ഹിജാബിലേക്കും അഴുക്ക് പുരണ്ട കരങ്ങള്‍ നീണ്ടുവന്നിരിക്കുന്നു. പവിത്രതയും ആഭിജാത്യവും ഊരിയെറിയാന്‍ വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. കുലീനര്‍ സ്ത്രീത്വത്തെയും ഇസ്‌ലാമിക അടയാളങ്ങളെയും ഊരിയെറിയുന്നവരല്ല. നമ്മുടെ ശത്രുക്കള്‍ ആവിഷ്‌കരിച്ച ഫാഷന്റെയും പരസ്യത്തിന്റെയും ഇരകളായ യുവതികള്‍ ഹിജാബും പര്‍ദയും അബായയും തുറന്നിടുകയും വെട്ടിച്ചുരുക്കുകയും ചെയ്യുന്നു. കാണുന്നതെന്തും അനുകരിക്കുന്ന അന്ധതയാണ് അവര്‍ക്കുള്ളത്.  ചിലരാകട്ടെ സാമൂഹിക സമ്പ്രദായമെന്ന നിലയിലാണത് ധരിക്കുന്നത്. വിശ്വാസത്തോടെയും പ്രതിഫലം കാംക്ഷിച്ചുമാണത് ധരിക്കേണ്ടത്.

വളരെ ലോലമായ നാടപോലുള്ള മഫ്തകള്‍ നമുക്ക് കാണേണ്ടി വരുന്നു. ചില അബായകള്‍ വശീകരിക്കുന്ന തരം തോരണങ്ങള്‍ തൂക്കിയ വിവിധ തരം വസ്ത്രങ്ങളും ദിനംപ്രതി വിപണി കീഴടക്കികൊണ്ടിരിക്കുന്നു. അല്ലാഹുവിനോട് സഹായം ചോദിക്കുക. യുവതികള്‍ അശ്രദ്ധരാകുമ്പോളെല്ലാം ശത്രുക്കള്‍ വലിയ ചതിക്കുഴികള്‍ ഒരുക്കിക്കൊണ്ടേയിരിക്കും. അറിഞ്ഞോ അറിയാതെയോ മുസ്‌ലിം യുവതികള്‍ ഈ കുഴപ്പക്കാരുടെ ചെരുപ്പിന്റെ വാറുകളായിരിക്കുന്നു. 'ഏതെങ്കിലും സമൂഹത്തോട് സദൃശ്യരാകുന്നവന്‍ അവരില്‍ പെട്ടവനാണ്', 'മറ്റുള്ളവരോട് സദൃശ്യരായവന്‍ നമ്മില്‍ പെട്ടവനല്ല', എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം വ്യക്തിത്വത്തിന് എതിരായ വസ്ത്രങ്ങളും ഒഴിവാക്കേണ്ടതാണ്. മുസ്‌ലിമല്ല എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കാവതല്ലല്ലോ.

മുസ്‌ലിം വനിതകള്‍ ഉണര്‍ന്നെണീക്കുക. ഖദീജയുടേയും ആഇശയുടേയും പൗത്രിമാരേ, സാവധാനത്തിലാണെങ്കിലും ഗൂഢാലോചന ശക്തമാണ്. തിന്മകള്‍ പൊടുന്നനെയല്ല കടന്നു വരുന്നത്. ഹിജാബ് അഴിപ്പിക്കല്‍ മാത്രമല്ല ശത്രുവിന്റെ ലക്ഷ്യം. ഹിജാബ് അഴിക്കുന്നതോടു കൂടി ലജ്ജയുടെ പളുങ്കുപാത്രമാണ് ഉടഞ്ഞു പോകുന്നത്. നബി (സ) പറഞ്ഞിരിക്കുന്നു: 'എന്റെ കാലംകഴിഞ്ഞാല്‍, സ്ത്രീയേക്കാള്‍ ഉപരിയായി പുരുഷനെ കുഴപ്പത്തിലാക്കുന്ന ഫിത്‌ന വേറെയില്ല'. സ്ത്രീയെ നശിപ്പിക്കുന്നതിലൂടെ സമൂഹത്തെ മുഴുവന്‍ നശിപ്പിക്കാനാവുമെന്ന് ഇസ്‌ലാമിന്റെ ശത്രുക്കളും മനസ്സിലാക്കിയിരിക്കുന്നു. കാട്ടാളത്തത്തിനും തിന്മകള്‍ക്കും എതിരില്‍ അടിപതറാതെ ഉറച്ചുനിന്ന് പ്രഖ്യാപിക്കുക. 'പവിത്രമായ കരങ്ങളാല്‍ എന്റെ ഹിജാബിന്റെ പരിശുദ്ധി ഞാന്‍ കാത്തുസൂക്ഷിക്കും, എന്റെ നന്മകളാല്‍ സമകാലികരേക്കാള്‍ ഞാന്‍ ഉയര്‍ന്നു നില്‍ക്കും.'

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics