ഫാറൂഖ് കോളേജിലെ പെമ്പിളെ ആമ്പിളെ ഒരുമൈ

വാര്‍ത്തകളിലും വരികളിലും പേജുകളിലും നവമാധ്യമങ്ങളിലും നിറയെ ഇപ്പോള്‍ കേള്‍ക്കുന്ന വിശേഷം ഫാറൂഖ് കോളേജിലെ ആണ്‍ പെണ്‍ ഇടപെടലുകളെക്കുറിച്ചാണ്. മിക്ക സാമൂഹിക പ്രവര്‍ത്തകരും മാധ്യമങ്ങളും ഫാറൂഖ് കോളേജിലുണ്ടായ വിഷയത്തെ പര്‍വതീകരിച്ചുകാണിക്കുകയും ആരോപണപ്രത്യാരോപണങ്ങള്‍ നിര്‍ബാധം നടന്നുകൊണ്ടിരിക്കുകയുമാണ്.

കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗവും നീതിന്യായവ്യവസ്ഥയും തള്ളിക്കളഞ്ഞ ലവ് ജിഹാദെന്ന വിഷയം കേരളീയ മതസൗഹാര്‍ദ്ദ രംഗത്ത് കൊണ്ടുവരികയും മതങ്ങള്‍ തമ്മില്‍ അസ്പൃഷ്യത ഉണ്ടാക്കുകയും ചെയ്യുന്നതില്‍ ഭംഗിയായി റോള്‍ വഹിച്ച കേരള കൗമുദിയുടെ ഈ ലക്കം ഇറങ്ങിയിരിക്കുന്ന് മേല്‍ പറഞ്ഞ വിഷയവുമായാണ്. നാലോളം ലേഖനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് കൗമുദിയില്‍ ഉണ്ട്

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്ലാസ്സ്മുറികളില്‍ അടുത്തടുത്തിരുന്ന് പഠിക്കാനുള്ള അവകാശത്തിനായി ഉള്ള സമരമെന്ന നിലയില്‍ ഫാറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്ന വിഷയത്തെ ചുരുക്കി കാണരുതെന്നും ഇതൊരു വ്യക്തമായൊരു അജണ്ടയുടെ ഭാഗമാണെന്നും കാമ്പസിലെ പെമ്പിലെ ആമ്പിളെ ഒരുമെ എന്ന് ലേഖനത്തിലൂടെ ദിപിന്‍ മാനന്തവാടി പറയുന്നു. ഫാറൂഖ് കോളേജില്‍ നിലനില്‍ക്കുന്ന ആണ്‍-പെണ്‍ വിവേചനം കൃത്യമായൊരു മതബോധയാഥാസ്ഥിതിക കാഴ്ചപ്പാടില്‍ നിന്നു വന്നതാമെന്നും പൂര്‍വിദ്യാര്‍ഥികള്‍ ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ടുമെന്നാണ് ലേഖകന്റെ വാദം. ആണും പെണ്ണും അന്യഗ്രഹ ജീവികളെപ്പോലെ ഇടകലരാതെ ജീവിക്കണമെന്നു പറയുന്നത് തികഞ്ഞ താലിബാന്‍ മോഡലാണെന്നാണ് ലേഖകന്റെ ഉറപ്പിക്കുന്നുണ്ട്. മലാല യൂസുഫ് സായി എന്ന പെണ്‍കുട്ടിയുടെ കഥ ഇവിടെ ഓര്‍മിപ്പിക്കുന്നുമുണ്ട്. പൊതു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പറ്റുന്ന സ്ഥാപനങ്ങള്‍ മതബോധങ്ങളുടെ ചട്ടക്കൂടുകള്‍ സൃഷ്ടിക്കുന്നത് ജനാധിപത്യപരമാണോയെന്ന ചിന്ത ഉയര്‍ന്നുവേരേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.

ഫാറൂഖ് കോളേജ് അധികൃതരില്‍ നിന്നും ഈ വിഷയവുമായി ബന്ധപ്പെട്ട പുറത്താക്കപ്പെട്ട ദിനു എന്ന കുട്ടി തന്റെ അനുഭവം പറയുന്നതും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട കോഴിക്കോട് ക്രിസ്ത്യന്‍ കോളേജില്‍ പന്തിഭോജനമെന്ന പേരില്‍ പരസ്പരം ഭക്ഷണം വാരിക്കൊടുത്തു പരിപാടി നടത്തിയ അനുഭവം മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എം.എ ഹിസ്റ്ററി വിദ്യാര്‍ഥിയായ ജിന്‍സിന്‍ പങ്കുവെക്കുന്നതും മറ്റു പേജുകളിലൂടെ പോവുമ്പോള്‍ കാണാം.

'താലിബാന്‍ ക്ലാസ്സെടുക്കുന്നു'എന്ന പേരില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി. ശംസീര്‍ മറ്റൊരു ലേഖനവും ഇതില്‍ എഴുതിയിരിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തൊട്ടുരുമ്മി പറ്റിയിരിക്കേണ്ടെന്നുള്ള അഭിപ്രായം ഇസ്‌ലാം വിരുദ്ധ നിലപാടായിട്ടാണദ്ദേഹം വ്യാഖ്യാനിക്കുന്നത്. ചൈനയില്‍ പോയിട്ടെങ്കിലും വിദ്യ അഭ്യസിക്കാന്‍ പഠിപ്പിച്ച പ്രവാചകനോടുള്ള അസഹിഷ്ണുതയോടാണദ്ദേഹം അതിനെ ചേര്‍ത്തുവെക്കുന്നത്. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വായിക്കാനും പഠിക്കാനുമാണ് ഖുര്‍ആന്‍ പറഞ്ഞതെന്നും ഇത്തരത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഒരുമിച്ചിരുന്ന് പഠിക്കുന്ന ഒരു തലമുറയോട ്ഒരുമിച്ചിരുന്ന് പഠിക്കരുത് പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ പോകരുത് എന്നു പറയുന്നത് ഇസ്‌ലാമിക ദര്‍ശനത്തെ ശരിയായ അര്‍ഥത്തില്‍ മനസ്സിലാക്കാത്തരാണെന്നും അവരാണ് യഥാര്‍ഥ ഇസ്‌ലാമിന്റെ ആളുകളായി രംഗപ്രവേശനം ചെയ്യുന്നതെന്നും അദ്ദേഹം ലേഖനത്തില്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട്.

മറ്റുവിഷയങ്ങളില്‍ തീവ്ര മതേതര നിലപാടുകാരനെന്നു സ്വയം വിശേിപ്പിക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് നേതാവ് കെ.എം ഷാജി ഫാറൂഖ് കോളേജ് മാനേജ്‌മെന്റിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത ്ഗൗരവമായി വിശകലനം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം പറയുന്നുണ്ട്. കെ.എം ഷാജിയും മതതീവ്രവാദി സംഘടനകളും പറയുന്നതുപോലെ കേരളത്തിലെ മുസ്‌ലിം ജനവിഭാഗം അത്ര യഥാസ്ഥിതകരെല്ലെന്നും തട്ടം ധരിച്ച് കോളേജിലേക്കുപോകുന്ന മുസ്‌ലിം പെണ്‍കുട്ടികലുടെ പുതു തലമുറയെ വീട്ടിലിരുത്താനുള്ള ഇക്കൂട്ടരുടെ ശ്രമം വിലപ്പോവില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

ബഹുഭൂരിപക്ഷം മുസ്‌ലിംകളുള്ള കാശ്മീരില്‍ പോലുമില്ലാത്ത നിയമങ്ങള്‍ സമുദാത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന 'അബ്ദുറബ്ബ് മനസ്സിലാക്കാന്‍ വേണ്ടി' അതേ ടൈറ്റിലോടുകൂടി തന്നെ ഫാറൂഖ് കോളേജ് വിഷയത്തില്‍ കലാ കൗമുദിയില്‍ മറ്റൊരു ലേഖനമെഴുതിയിരിക്കുന്നത് ടി.എന്‍ ഗോപകുമാറാണ്. ഒന്നിച്ചിരുന്ന് പഠിക്കട്ടെ ജീവിതം അറിയട്ടെ എന്ന തലക്കെട്ടില്‍ അധ്യാപികയും എഴുത്തുകാരിയുമായ സൂജ സൂസന്റെ മറ്റൊരു ലേഖനവും ഉണ്ട്. 2015 നവംബര്‍ 29 ലേതാണ് ഈ ലേഖനങ്ങള്‍.
ജനാധിപത്യത്തിന്റെ നാലാം തൂണായ പത്രവര്‍ത്തകര്‍ക്കും നടത്തിപ്പുകാര്‍ക്കുമൊന്നും വാര്‍ത്തകളെ അന്വേഷിച്ചുപോകാതെ തനിയെ വാര്‍ത്തകള്‍ ഇങ്ങോട്ടുവരുന്ന കാലമാണിതെന്നു ഈ വിഷയത്തിലുള്ള ചാനല്‍ ചര്‍ച്ചകളും ലേഖനങ്ങളിലൂടെയുള്ള വിഷകലനങ്ങളും കാണുമ്പോള്‍ തോന്നുന്നു.

തണല്‍തേടിച്ചെല്ലുന്നിടത്തിനെന്തു പറ്റി
ഉച്ചവെയിലിന്റെ ആലസ്യമകറ്റാന്‍ തണല്‍ തേടി ആല്‍മരത്തണലിലേക്കു നീങ്ങുമ്പോള്‍ മനസ്സും ശരീരവും തണുക്കും വേരുകള്‍ ഭൂമിയില്‍ ആഴ്ന്നിറങ്ങി ശാഖകള്‍ വിരിച്ച് ആകാശം മുട്ടെ തലയുയര്‍ത്തി നില്‍ക്കുന്ന ആ വൃക്ഷം പോലെയായിരുന്നു ഒരു കാലത്ത് നമ്മുടെ കുടുംബം സന്തോഷത്തിലും സന്താപത്തിലും കൂട്ടാവുന്ന കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്ന ഭൂമിയിലെ ഇടം. അതു ചുരുങ്ങി അണുകുടുംബമായും അതും ചുരുങ്ങി ഏകാന്തതയിലേക്കും മാറുമ്പോള്‍ നിസ്സഹായതയിലേക്കു മനുഷ്യന്‍ നീങ്ങും. വിള്ളല്‍ വീഴുന്ന നമ്മുടെ കുടുംബ സംവിധാനത്തിനെക്കുറിച്ചുള്ള വര്‍ത്തമാനം ഈ ലക്കം ആരാമം മാസികയിലുണ്ട്, കുടുംബം സ്വര്‍ഗത്തിലേക്കുള്ള രാജ പാത എന്ന പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടിയുടെയും ഉടയുന്ന കുടുംബം സദാചാര കേരളം എന്ന കുഞ്ഞിക്കണ്ണന്‍ വാണിമേലിന്‍രെയും ഈ രൂപത്തിലുള്ള ശ്രദ്ദേയമായ ലേഖനങ്ങളാണ്. 2015 ഡിസംബര്‍ ലക്കത്തിലേതാണ് ലേഖനങ്ങലെങ്കിലും മാസികയെന്ന നിലയില്‍ വിപണിയില്‍ ഇപ്പോള്‍ തന്നെ ലഭ്യമാണ്.

സംവരണത്തിന്റെ സാമൂഹിക പ്രസക്തി
രാജ്യത്തെ വിദ്യാഭ്യാസ സാമൂഹിക തൊഴില്‍ രംഗത്ത് പിന്നോക്കം നില്‍ക്കുന്ന സമൂഹത്തെ കൈപിടിച്ചുയര്‍ത്താന്‍ ഭരണഘടനാ ശില്‍പികളാലും വിവിധ ഭരണ കര്‍ത്താക്കളാല്‍ നിയമിതമാക്കപ്പെട്ട കമ്മീഷന്‍ ശുപാര്‍ശകളാലും രൂപപ്പെട്ടുവന്നതാണ് സംവരണം, സംവരണത്തെ ഇന്ന് രാഷ്ടരീയ ലാഭത്തിനുവേണ്ടി തെറ്റിദ്ധരിപ്പിച്ചു ജനങ്ങളില്‍ പലരും പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. സംവരണ സമുദാഗംമായ എസ്.എന്‍.ഡി.പി യുടെ ഇന്നത്തെ നേതാവായ വെള്ളാപ്പള്ളി നടേഷന്‍ പോലും അദ്ദേഹത്തിന്‍രെ സ്ഥാപിതതാല്‍പര്യത്തിനായി അതുപേക്ഷിക്കണമെന്നു വാദിക്കുകയാണ്. ഈ പശ്ചാത്തലത്തിലായിരിക്കണം അതുമായി ബന്ധപ്പെട്ട ലേഖനവും അഭിമുഖവും പ്രബോധനം വാരിക ചര്‍ച്ചക്കെടുത്തത്. 'സംവരണ വിരുദ്ധ രാഷ്ട്രീയത്തിന് ഇന്ത്യയില്‍ ഇടമില്ല' എന്ന തലക്കെട്ടില്‍ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറുമായുള്ള ബഷീര്‍ തൃപ്പനച്ചി നടത്തുന്ന നീണ്ട സംഭാഷണം ഈ ലക്കം (2015 ലക്കം25 നവംബര്‍) പ്രബോധനം മാസികയിലുണ്ട്. കൂടാതെ സംവരണത്തിന്റെ സാമൂഹിക പ്രസക്തി എന്ന പേരില്‍ പ്രൊഫ ബദീഉസ്സമാന്‍ വിവിധ കമ്മീഷനുകളെയും അവരതില്‍ പറഞ്ഞ കാര്യങ്ങളെയും പ്രതിപാദിച്ചുകൊണ്ട് കാമ്പുള്ള മറ്റൊരു ലേഖനവും എഴുതിയിരിക്കുന്നു. കാലം ആവശ്യപ്പെടുന്ന വര്‍ത്തമാനങ്ങളും ചിന്തയുമാണിത് രണ്ടിന്റെയും ഉള്ളടക്കം.

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics