തൗബ പ്രതിരോധമാണ്

'തൗബ' (പശ്ചാത്താപം) എന്നത് മനുഷ്യനെ തെറ്റുകളില്‍ നിന്നും സംരക്ഷിക്കുന്ന ഒരു പ്രതിരോധ കവചമാണ്. ഒരു പാപിയായ മനുഷ്യന്‍ തന്റെ തെറ്റുകളില്‍ നിന്നും പശ്ചാത്തപിച്ചു മടങ്ങിയില്ലായെങ്കില്‍ ധാരാളം തെറ്റുകുറ്റങ്ങള്‍ അവനില്‍ നിന്നും സംഭവിച്ചുകൊണ്ടേയിരിക്കും. 'തൗബ'ക്ക് വ്യക്തിയിലും സമൂഹത്തിലും നിര്‍മാണാത്മകമായ സ്വാധീനം ചെലുത്താന്‍ കഴിയും. പാപങ്ങള്‍ വര്‍ജ്ജിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും മൊത്തത്തില്‍, മനുഷ്യന് സമാധാനവും സല്‍പ്രതീക്ഷയും തൗബയിലൂടെ ലഭിക്കുന്നു. അങ്ങനെ സൃഷ്ടാവിനോടും സമസൃഷ്ടികളോടുമുള്ള സഹവര്‍ത്വത്തിന്റെ പുത്തന്‍ അധ്യായങ്ങള്‍ തുറക്കപ്പെടുന്നു. തൗബ കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കുന്നു. പ്രത്യേകിച്ചും ഒരു സമൂഹത്തിലെ വ്യക്തികളെ സദ്‌വൃത്തരാക്കുന്നതില്‍ നിന്നും തടയുന്ന എല്ലാവിധ തെറ്റുകളെയും തൗബ ഇല്ലാതാക്കുന്നു. ആളുകള്‍ എത്രതന്നെ തെറ്റുകള്‍ ചെയ്തു കൂട്ടിയാലും തന്റെ ദാസന്മാര്‍ക്കു മുന്നില്‍ പശ്ചാത്താപത്തിന്റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നു വച്ചു എന്നത് അല്ലാഹു ചെയ്ത വലിയൊരു അനുഗ്രഹമാണ്. അല്ലാഹു പശ്ചാത്താപം നിര്‍ബന്ധമാക്കിയിരുന്നില്ലായെങ്കില്‍ ലോകവും ലോകരും നാശത്തില്‍ അകപ്പെടുകയും ജീവിതം നിരര്‍ഥകമാവുകയും ആത്മഹത്യകള്‍ വര്‍ധിക്കുകയും ചെയ്യുമായിരുന്നു.

നൂറാളുകളെ നിര്‍ദാക്ഷിണ്യം വധിച്ച മനുഷ്യന്റെ കഥ വളരെ വിശ്രുതമാണ്. അബൂസഈദ് അല്‍ ഖുദ്‌രിയില്‍ നിന്നും നിവേദനം: റസൂല്‍(സ) അരുള്‍ ചെയ്തു: 'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊലപ്പെടുത്തിയ ഒരു മനുഷ്യന്‍ നിങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നു. അങ്ങനെ അയാള്‍ ലോകത്തെ ഏറ്റവും വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പുരോഹിതന്റെ അടുക്കല്‍ ചെന്നിട്ട് ചോദിക്കുകയും ചെയ്തു: 'തൊണ്ണൂറ്റി ഒമ്പത് ആളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ'? പുരോഹിതന്‍ പറഞ്ഞു: 'ഇല്ല'. അങ്ങനെ അയാള്‍ ആ പുരോഹിതനെ കൊല്ലുകയും നൂറ് എണ്ണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പിന്നീട് അയാള്‍ മറ്റൊരു വലിയ പണ്ഡിതനെ കുറിച്ച് അന്വേഷിക്കുകയും ഒരു പണ്ഡിതന്റെ അടുത്ത് ചെന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു: 'നൂറാളുകളെ കൊന്നവന് പശ്ചാത്താപമുണ്ടോ'? പണ്ഡിതന്‍ പ്രതിവചിച്ചു: 'തീര്‍ച്ചയായും. ആരാണ് അവന്റെയും തൗബയുടെയും ഇടയില്‍ മറയിടുക'? അദ്ദേഹം തുടര്‍ന്നു: 'നീ ഇന്ന ഇന്ന രാജ്യത്തേക്ക് പോവുക. അവിടെ അല്ലാഹുവിനെ ആരാധിക്കുന്ന ആളുകളുണ്ടാവും. അവരോടൊപ്പം നീ അല്ലാഹുവിനെ ആരാധിക്കുക. നിന്റെ പഴയ നാട്ടിലേക്ക് പോവരുത്. അത് ദുഷിച്ച സ്ഥലമാണ്'. അങ്ങനെ ആ മനുഷ്യന്‍ പണ്ഡിതന്‍ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു. വഴിമധ്യേ അയാള്‍ മരണമടഞ്ഞു. അയാളുടെ കാര്യത്തില്‍ കാരുണ്യത്തിന്റെ മലക്കുകളും ശിക്ഷയുടെ മലക്കുകളും തമ്മില്‍ തര്‍ക്കിച്ചു. കാരുണ്യത്തിന്റെ മാലാഖമാര്‍ പറഞ്ഞു: 'അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച ഹൃദയവുമായിട്ടാണ് ഇയാള്‍ വന്നിരിക്കുന്നത്'. ശിക്ഷയുടെ മലക്കുകള്‍ പറഞ്ഞു: 'ഇയാള്‍ ഇതുവരെ തീരെ നന്മ ചെയ്തിട്ടില്ല'. അപ്പോള്‍ മനുഷ്യരൂപത്തില്‍ ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ ഈ രണ്ട് ഭൂമികള്‍ക്കിടയിലെ (അയാളുടെ പഴയ നാടും അയാള്‍ പോവാനുദ്ദേശിച്ച നാടും) ദൂരം അളക്കുക; ഏതാണോ അടുത്ത് നില്‍ക്കുന്നത് അത് അയാള്‍ക്കുള്ളതാകുന്നു'. അങ്ങനെ അവര്‍ അളക്കുകയും അയാള്‍ പോവാന്‍ ഉദ്ദേശിച്ച സ്ഥലമാണ് കൂടുതല്‍ അടുത്തത് എന്ന് അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു. അങ്ങനെ ആ മനുഷ്യനെ കാരുണ്യത്തിന്റെ മാലാഖമാര്‍ സ്വീകരിക്കുകയും ചെയ്തു.'(മുസ്‌ലിം 2766)

അല്ലാഹുവിന്റെ കാരുണ്യത്തെ കുറിച്ചുള്ള നിരാശ ഒഴിവാക്കുക, തൗബയിലേക്ക് ഓടിയടുക്കുക, വിവരമുള്ളവരെ കുറിച്ച് അന്വേഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പ്രസ്തുത ഹദീസ് ഉള്‍കൊള്ളുന്നത്. അജ്ഞതയുടെ അടിസ്ഥാനത്തില്‍ ഫത്‌വ നല്‍കിയ മനുഷ്യന്‍ വധിക്കപ്പെട്ടു. പക്ഷേ പണ്ഡിതനാകട്ടെ, കൊലപാതകിയായ ആ മനുഷ്യന് മുന്നില്‍ പശ്ചത്താപത്തിന്റെയും പ്രതീക്ഷകളുടെയും സാധ്യതകളെ വിവരിക്കുകയും നിരപരാധികളായ മനുഷ്യരുടെ ജിവനെടുക്കാന്‍ അയാള്‍ക്ക് പ്രേരകമാവുന്ന മുഴുവന്‍ ചുറ്റുപാടുകളെയും ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും അയാള്‍ക്ക് മാര്‍ഗ്ഗദര്‍ശനം അരുളുകയുമാണ് ചെയ്തത്.

ഡോ: വഹബ സുഹൈലി പറയുന്നു: 'ഇസ്‌ലാമിക ശരീഅത്ത് അതിന്റെ വിധിവിലക്കുകള്‍ക്ക് പിന്നില്‍ ലക്ഷ്യമിടുന്നത്, ഐഹിക ജീവിതത്തിലെ നന്മകളുടെ സംരക്ഷണവും പാരത്രിക ലോകത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കലുമാണ്. എന്നല്ല, പ്രാമാണികമായി യഥാര്‍ത്ഥത്തില്‍ ഈ ജീവിതം എന്നത് നാളേക്കുള്ള കരുതിവെപ്പാണെന്നും അത് വ്യക്തമാക്കുന്നു. തദടിസ്ഥാനത്തില്‍, തൗബ എന്നത് 'തെറ്റിന് ശിക്ഷ'എന്ന പൊതു നിയമത്തെ/സമൂഹ നന്മയെ ഇല്ലാതാക്കുന്ന ഒന്നല്ല. വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാനുള്ള ധൈര്യം നല്‍കലോ, തെറ്റുകളെ നിസ്സാരമായി കാണാനുള്ള സാഹചര്യം സൃഷ്ടിക്കലോ അല്ല തൗബ. പ്രത്യുത, സത്യസന്ധമായ പശ്ചാത്താപം തെറ്റുകുറ്റങ്ങളെയും അതിലേക്കുള്ള സാഹചര്യങ്ങളെയും വേരോടെ പിഴുതെറിയുകയാണ് ചെയ്യുന്നത്. ചെയ്ത കുറ്റത്തിന് ശിക്ഷ നല്‍കുന്നത് കുറ്റവാളിയുടെ നന്മ ലക്ഷ്യമിട്ടാണെങ്കില്‍, ആ ലക്ഷ്യ പ്രാപ്തിക്ക് ഏറ്റവും അനുയോജ്യമായത് തെറ്റുകാരന് അവന്‍ എത്ര വലിയ പാപിയാണെങ്കിലും പ്രതീക്ഷയുടെ വാതായനങ്ങള്‍ തുറന്ന് കൊടുക്കുന്നത് തൗബ എന്ന ആയുധമാണ്.' (ഇസ്‌ലാമിക കര്‍മ്മശാസ്ത്രവും അതിന്റെ സൂചകങ്ങളും പേ. 5553)

അല്ലാഹു തന്റെ ദാസന്മാരെ തൗബ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതായി വിശുദ്ധ ഖുര്‍ആനില്‍ കാണാം: 'ദാസന്മാരില്‍ നിന്നും പശ്ചാത്താപം സ്വീകരിക്കുന്നതും അവരുടെ പാപങ്ങള്‍ പൊറുത്തു കൊടുക്കുന്നതും അവനാകുന്നു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും അവന്‍ അറിയുന്നുണ്ട്.' (അശ്ശൂറാ:25)
'ഇനിയും അവര്‍ പശ്ചാത്തപിക്കുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ'(അല്‍ മാഇദ:74)

അതുപോലെ അല്ലാഹു പശ്ചാത്തപിക്കുന്നവരുടെ തിന്മകളെ നന്മകളാക്കി മാറ്റും എന്ന് മറ്റൊരിടത്ത് അഭിസംബോധന ചെയ്യുന്നു: 'പശ്ചാത്തപിക്കുകയും സത്യവിശ്വാസം കൈകൊണ്ട് സല്‍ക്കര്‍മ്മങ്ങളിലേര്‍പ്പെടുകയും ചെയ്തവനൊഴിച്ച്;അത്തരം ജനത്തിന്റെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റികൊടുക്കുന്നതാകുന്നു. അവന്‍ ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ.' (അല്‍ ഫുര്‍ഖാന്‍:70)

വിശുദ്ധ ഖുര്‍ആനില്‍ പാപികളായ ആളുകള്‍ക്ക് പ്രതീക്ഷക്ക് വക നല്‍കുന്നതും പാപങ്ങള്‍ പൊറുത്തുകൊടുക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം ഉള്‍കൊണ്ടിട്ടുള്ളതുമായ ചില ആയത്തുകളുണ്ട്. അല്ലാഹു പറയുന്നു: 'സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു നിങ്ങളുടെ സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറ്റം പൊറുക്കുന്നവനും ദയാപരനുമല്ലോ.' (അസ്സുമര്‍:53)

ഒരടിമ തൗബ ചെയ്യുമ്പോള്‍ അല്ലാഹു സന്തോഷിക്കുമെന്ന് ഹദീസുകളില്‍ കാണാം. അനസ് ബിന്‍ മാലിക്ക്(റ)വില്‍ നിന്ന് നിവേദനം, റസൂല്‍ (സ)അരുള്‍ ചെയ്തു: 'അല്ലാഹുവിന് തന്റെ ദാസന്‍ പശ്ചാത്തപിക്കുന്ന സമയത്ത് അങ്ങേയറ്റം സന്തോഷമുണ്ടാകും. നിങ്ങളില്‍ ഒരാളെക്കാളും; അവന്‍ തന്റെ ഒട്ടകവുമായി വിജനമായ ഒരു സ്ഥലത്തായിരിക്കെ, ആ ഒട്ടകം അവനില്‍ നിന്നും നഷ്ടപ്പെട്ടു. അതിന്റെ പുറത്തായിരുന്നു അവന്റെ പാഥേയം. വളരെയധികം നിരാശയോട് കൂടി അയാള്‍ ഒരു മരത്തണലില്‍ കിടന്നു. അങ്ങനെയിരിക്കെ ആ ഒട്ടകമതാ അവന്റെ അടുത്ത് നില്‍ക്കുന്നു. സന്തോഷാധിക്യത്താല്‍ അവന്‍ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവേ, നീ എന്റെ അടിമയും ഞാന്‍ നിന്റെ രക്ഷിതാവുമാകുന്നു'. (സന്തോഷത്തിന്റെ ആധിക്യത്താല്‍ അവന് വാക്കുകള്‍ മാറിപ്പോയി).' (സ്വഹീഹ് മുസ്‌ലിം, 2747)

ഉപര്യുക്ത കാര്യങ്ങള്‍ ഒരു മുസ്‌ലിമായ വ്യക്തിയെ പാപങ്ങള്‍ ഉപേക്ഷിക്കുവാനും പശ്ചാത്താപത്തിലേക്ക് ഓടിയടുക്കുവാനും പാപത്തിന്റെ മുഴുവന്‍ ശേഷിപ്പുകളെയും വര്‍ജ്ജിക്കുവാനും ഉദ്യുക്തനാക്കുന്നു. അങ്ങനെ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന മൗലികമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനും സ്വജീവിതത്തെ അതിന്മേല്‍ കെട്ടിപ്പടുക്കാനും തൗബ ഒരു വിശ്വാസിയെ പ്രാപ്തനാക്കുന്നു.

പിശാചിന്റെ പ്രലോഭനങ്ങളില്‍ നിന്നും തെറ്റു കുറ്റങ്ങളില്‍ നിന്നുമുള്ള പ്രതിരോധ കവചമത്രെ തൗബ. പാപത്തിന്റെ പാഴ്‌ച്ചേറില്‍ നിന്നും പരിശുദ്ധിയുടെ ഏടുകളാണ് 'തൗബ'യിലൂടെ തുറക്കപ്പെടുന്നത്. തന്മൂലം, മനുഷ്യന്‍ അല്ലാഹുവിലേക്ക് അടുക്കുന്നു. അക്കാര്യം അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കുന്നു: 'തീര്‍ച്ചയായും അല്ലാഹു ശുദ്ധിയുള്ളവരെയും പശ്ചാത്താപികളെയും ഇഷ്ടപ്പെടുന്നു.' (അല്‍ ബഖറ: 222)

വിവ: മുഖ്താര്‍ ഈരാറ്റുപേട്ട

leave a comment

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഇസ്‌ലാം ഓണ്‍ലൈവിന്റേതാവണമെന്നില്ല. അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും വ്യക്തിപരവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.

comments powered by Disqus

Related Topics