കമലാസുരയ്യ

Jun 16 - 2012
Quick Info

പേരുകള്‍ : മാധവിക്കുട്ടി, കമലാദാസ്
ജനനം : 1934 മാര്‍ച്ച് 31, പുന്നയൂര്‍കുളം
ഇസ്‌ലാമാശ്ലേഷണം : 1999 ഡിസംബര്‍ 16
മരണം : 2009 മേയ് 31, പൂനെ
പുരസ്‌കാരം : എഴുത്തച്ചന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പോയട്രി പ്രൈസ്, കെന്റ് അവാര്‍ഡ്.

Best Known for

മാധവിക്കുട്ടി, കമലാദാസ് എന്നീ പേരുകളില്‍ ലോകസാഹിത്യത്തില്‍ തന്നെ ശ്രദ്ധേയമായ എഴുത്തുകാരി. 1999 ഡിസംബര്‍ 16-ന് ഇസ്‌ലാം ആശ്ലേഷിച്ചതിനെ തുടര്‍ന്ന് 'സുറയ്യ' എന്ന പേര് സ്വീകരിച്ചു.

മഹാകവി നാലപ്പാട്ട് നാരായണമേനോനടക്കം ഒട്ടനവധി പ്രതിഭാശാലികള്‍ക്ക് ജന്മം നല്‍കിയ പുന്നയൂര്‍ക്കുളം നാലപ്പാട്ട് തറവാട്ടംഗം. ജനനം 1934 മാര്‍ച്ച് 31-ന്. പിതാവ് വി.എം. നായര്‍. മാതാവ് പ്രശസ്ത കവിയത്രി നാലപ്പാട്ടു ബാലാമണിയമ്മ. ഔപചാരിക വിദ്യാഭ്യാസങ്ങളോ മാസ്റ്റര്‍ ഡിഗ്രികളോ ഇല്ലെങ്കിലും പ്രതിഭാവിലാസം കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായി.

കഥ, കവിത, നോവല്‍, ആത്മകഥ, ഓര്‍മക്കുറിപ്പുകള്‍ അടക്കം നിരവധി രചനകളിലൂടെ ലോക സാഹിത്യത്തില്‍ ഇടം നേടി. പ്രശസ്തമായ 'ടൈം' വാരിക അതിന്റെ പേജുകളില്‍ കമലയെ ഫീച്ചര്‍ ചെയ്തിട്ടുണ്ട്. വിവിധ ഇംഗ്ലീഷ് ആനുകാലികങ്ങളില്‍ പോയട്രി എഡിറ്ററായി സേവനമനുഷ്ഠിച്ചു. കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. 'സസ്‌നേഹം', 'യാ അല്ലാഹ്' എന്ന രണ്ട് ഗ്രന്ഥങ്ങള്‍ ഐ.പി.എച്ച് പ്രസിദ്ധീകരിച്ചു. 'ബാല്യകാല സ്മരണകള്‍', 'വര്‍ഷങ്ങള്‍ക്കുമുമ്പ്', 'ഡയറിക്കുറിപ്പുകള്‍', 'നീര്‍മാതളം പൂത്തകാലം', 'ഒറ്റയടിപ്പാതകള്‍' എന്നിവ ആത്മകഥാംശമുള്ള നല്ല രചനകളാണ്.

കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, തിരുമലാബ (കര്‍ണാടക ഗവണ്‍മെന്റ്) ആശാന്‍ വേള്‍ഡ് പ്രൈസ്, എന്‍.വി. പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, ഏഷ്യന്‍ പോയട്രി അവാര്‍ഡടക്കം ഒട്ടേറെ പുരസ്‌കാരങ്ങളും ബഹുമതികളും നേടി. 1984-ല്‍ നോബല്‍ പ്രൈസിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. ആത്മകഥയുടെ 'കരീഷിമ' എന്ന ജപ്പാന്‍ ഭാഷാ വിവര്‍ത്തനം ജപ്പാന്‍ യൂണിവേഴ്‌സിറ്റിയില്‍ ടെക്സ്റ്റ് ബുക്കാണ്. സുറയ്യയുടെ ഇസ്‌ലാമിക കവിതകള്‍ കെ. മൊയ്തു മൗലവി അറബിയില്‍ വിവര്‍ത്തനം ചെയ്തത് പുസ്തക രൂപത്തിലായിട്ടുണ്ട്.

കമലാദാസ് എന്ന പേരില്‍ 4000-ല്‍ പരം സൈറ്റുകളില്‍ സുറയ്യയെക്കുറിച്ച് വിശദ വിവരങ്ങളുണ്ട്. റിസര്‍വ് ബാങ്ക് ഡയറക്ടറായി റിട്ടയര്‍ ചെയ്ത മാധവദാസായിരുന്നു ഭര്‍ത്താവ്. പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം.ഡി. നാലപ്പാട്ടടക്കം മൂന്നു മക്കളുണ്ട്. 2009 മേയ് 31ന് പൂനെയില്‍ വെച്ച് അന്തരിച്ചു.