Current Date

Search
Close this search box.
Search
Close this search box.

ഈമാനും അമലും

വിശുദ്ധ ഖുർആനിലുടനീളം ഇരട്ട സഹോദരങ്ങളെപ്പോലെ ചേർത്ത് പറയുന്നതാണ് ഈ മാനും അമലു സ്വാലിഹാത്തും. (വിശ്വാസവും കർമവും ) “അമല് ” എന്നു പറഞ്ഞാൽ നമസ്കാരം, നോമ്പ് പോലുള്ള അനുഷ്ഠാനങ്ങൾ മാത്രമല്ല. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ച ഒരാളുടെ ജീവിതത്തിലെ മാനസികവും ശാരീരികവും സാമ്പത്തികവുമായ മുഴുവൻ പ്രവർത്തനങ്ങളുമത്രെ. ഉദ്ദേശ്യം ( നീയ്യത്ത്) ശുദ്ധമായതെന്തും പുണ്യകർമം ആണ്.

ഖുർആൻ കാണുക: “പരലോകം കാംക്ഷിക്കു കയും സത്യവിശ്വാസിയായിക്കൊണ്ട് അതിന്റെ പ്രവർത്തനം പ്രവർത്തിക്കുകയും ചെയ്തവർ, അത്തരം ആളുകളുടെ പ്രയത്ന ങ്ങൾ വിലമതിക്കപ്പെടുന്നതാകുന്നു” (അൽ ഇസ്രാഅ:19). സത്യവിശ്വാസവും സൽപ്രവർത്തനങ്ങളും വിത്തും വൃക്ഷവും പോലെ പരസ്പരം ചേർന്നു നിൽക്കേണ്ടതാണ്. ഒരിക്കലും അവ വേർപ്പെടാവതല്ല.

ഇതിൽ മുഖ്യം വിശ്വാസം (ഈമാൻ) ആകുന്നു. ഒരാളുടെ സത്യവിശ്വാസം പൂർണമാണെങ്കിൽ കർമവശാൽ വന്നു പോകുന്ന വീഴ്ചകൾ പൊറുക്കപ്പെടും. ഈമാൻ അപൂർണമോ വികലമോ ആണെങ്കിൽ കർമങ്ങളുടെ ആധിക്യം അതിന് പകരമാവില്ല. വിശ്വാസം വികലമായവർക്ക് പരലോകത്തേക്ക് വേണ്ട കുറ്റമറ്റ പ്രവർത്തനം അസാധ്യമാകുന്നു. ഈമാനിൽ ശിർക് കലർന്നാലാവട്ടെ പ്രയത്നങ്ങളെ മുഴുവൻ അത് നശിപ്പിക്കും. അല്ലാഹുവും റസൂലും കാണിച്ചു തന്നിട്ടില്ലാത്ത മതകർമങ്ങൾ (ബിദ്അത്ത് ) നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നുണ്ടെങ്കിൽ അവ കണ്ടെത്തി ഉപേക്ഷിക്കണം.”നിങ്ങളുടെ കർമങ്ങൾ നിങ്ങൾ നിഷ്ഫലമാക്കിക്കളയരുത് ” എന്ന് വിശുദ്ധ ഖുർആൻ (47: 32 ) മുന്നറിയിപ്പു നൽകിയ ട്ടുണ്ട്.

ഉറച്ച സത്യവിശ്വാസമുള്ളവർക്കേ സമുചിതമായ അധ്വാന പരിശ്രമങ്ങിലേർപ്പെട്ട് പരലോകവിജയം കരസ്ഥമാക്കാൻ കഴിയൂ. സത്യവിശ്വാസം ഉള്ളിൽ ഇറങ്ങിയ ഒരാൾക്ക്
അലസനായി / അലസയായി സമയം കളയാനാവില്ല. കൃത്യമായ നമസ്കാരങ്ങൾ, ദഅവത്ത്, ഇസ് ലാഹ്, പള്ളി മഹല്ല് സംരക്ഷണം, ജനസേവനം, തുടങ്ങി സാമൂഹിക രാഷ്ട്രീയ പ്രവർത്തനങ്ങൾ വരെ സ്വന്തം അറിവും കഴിവും അനുസരിച്ച് അവർ ചെയ്തു കൊണ്ടിരിക്കും.

ഇസ് ലാമിന്റെ വർണം കൊണ്ട് ലോകത്തെ മാറ്റിപ്പണിത വിപ്ലവകാരികളായ സ്വഹാബികളാണ് ഇതിന് നമുക്കുള്ള മാതൃക. “രാത്രി സന്യാസികളും പകൽ അശ്വാരൂഢരും” എന്നാണ് അവർ വിളിക്കപ്പെട്ടത്. ഉപര്യുക്ത ഖുർആൻ സൂക്തത്തിൽ അല്ലാഹു പ്രയോഗിച്ചത് “സഅയ് ” എന്ന പദമാണ്. പ്രത്യേകം മനസ്സിലാക്കപ്പെടേണ്ടതാണീ പ്രയോഗം. നമുക്ക് ഏറെ സുപരിചിതം കൂടിയാണീ പദം. ഹജ്ജി ൽ നാം “സഅയ് ” ചെയ്യാറുണ്ട്.

അറിയാമല്ലോ.. “സഅയ് “ലെ അധ്വാനം തികച്ചും “ഭൗതികം ” ആയിരുന്നു. കുടിനീരിനു വേണ്ടി പ്രവാചക പത്നി ഹാജറ (റ) നടത്തിയ ത്യാഗനിർഭരമായ ഓട്ടമായിരുന്നു അത്. അതിനർത്ഥം തികച്ചും “ഭൗതികം ” എന്ന് തോന്നുന്ന അധ്വാന പരിശ്രമങ്ങൾ പോലും ഇസ് ലാമിൽ പുണ്യകരമാണെന്നാണ്. ഉദാഹരണത്തിന് കുടുംബം പോറ്റാനും നല്ല സമ്പാദ്യത്തിനുമുള്ള അധ്വാനം.

ഈമാൻ, മുഉമിൻ എന്നൊക്കെ പറയുമ്പോൾ അതിന് വിശ്വാസത്തിന്റെ ഒരു തലം മാത്രമല്ല ഉളളത് എന്ന കാര്യം ആഴത്തിൽ തന്നെ മനസ്സിലാക്കപ്പെടേണ്ടതാണ്. ഒപ്പം ഒരാളുടെ പ്രവർത്തനത്തിന് ഈമാനിന്റെ അടിത്തറയില്ലെങ്കിൽ, അത് എത്ര നല്ലതായി നമുക്ക് തോന്നിയാലും എല്ലാം നഷ്ടപ്പെട്ടു പോകുന്ന ദുരവസ്ഥയും മുന്നിൽ കാണണം.

Related Articles