Current Date

Search
Close this search box.
Search
Close this search box.

സുന്നത്ത് നമസ്കാരങ്ങൾ

അഞ്ചു നേരത്തെ നിർബന്ധ നമസ്കാരങ്ങൾക്ക് പുറമേ സുന്നത്തായ ചില നമസ്കാരങ്ങൾ കൂടി നബി(സ) നമുക്കു പഠിപ്പിച്ചുതന്നിട്ടുണ്ട്. ഉപേക്ഷിക്കുന്നത് കുറ്റമല്ലാത്തതും അനുഷ്ഠിക്കുന്നത് പുണ്യവുമായ കാര്യത്തിനാണല്ലോ സുന്നത്തായ കർമം എന്നു പറയുന്നത്. നമ്മുടെ ഫർദ് നമസ്കാരങ്ങളിൽ പല ന്യൂനതകളുമുണ്ടായിരിക്കും. ആ കുറവുകൾ നികത്തുവാൻ സുന്നത്തു നമസ്കാരങ്ങൾ കുറേയൊക്കെ സഹായകമായിത്തീരുന്നതാണ്. സുന്നത്തു നമസ്കാരങ്ങൾ അധികരിപ്പിക്കുക വഴി നാം അല്ലാഹുവിങ്കലേക്ക് കൂടുതൽ കൂടുതൽ അടുപ്പമുള്ളവരായിത്തീരുന്നു.

നബി(സ) സാധാരണയായി അനുഷ്ഠിച്ചുകൊണ്ടിരുന്ന ഏതാനും സുന്നത്തു നമസ്കാരങ്ങളെക്കുറിച്ച് മാത്രമേ ഇവിടെ വിവരിക്കുന്നുള്ളൂ.

“റവാത്തിബ്’
റവാതിബ് സുന്നത്തുകളിൽ വളരെ ശ്രേഷ്ഠവും പ്രധാനവുമായത് പത്ത് റക്അത്ത് നമസ്കാരമാകുന്നു: ഉുഹ് റിന്റെ മുമ്പും ശേഷവും ഈരണ്ടു റക്അത്തുകൾ, മ​ഗ് രിബിന്റെയും ഇശാഇന്റെയും ശേഷം ഈരണ്ടു റക്അത്തുകൾ, സുബ്ഹിന്റെ മുമ്പ് രണ്ട് റക്അത്ത്.

സാധാരണ നിത്യകർമമെന്നോണം ഫർദു നമസ്കാരങ്ങളുടെ കൂടെ അനുഷ്ഠിച്ചുപോരുന്നതുകൊണ്ടാണ് ഇവയ്ക്ക് “റവാതിബ്’ എന്നു പറയുന്നത്. “നിത്യമായി ആചരിക്കുന്നവ’ എന്നാണിതിന്റെ അർഥം.

“റവാതിബു’കളുടെ റക്അത്തുകൾ അധികരിപ്പിച്ചുകൊണ്ട് താഴെ പറയും വിധത്തിലും നമസ്കരിക്കാവുന്നതാണ്: ഉുഹ് റിന്റെ മുമ്പും ശേഷവും നന്നാല്, അസ്വ് റിന്റെ മുമ്പ് നാല്, മ​ഗ് രിബിന്റെ മുമ്പും ശേഷവും ഈരണ്ട്, സുബ്ഹിന്റെ മുമ്പ് രണ്ട്. എന്നാൽ വളരെ ബലപ്പെട്ട സുന്നത്തുകളായിട്ടുള്ളത് ആദ്യം പറഞ്ഞ പത്തു റക്അത്തുകളാകുന്നു. സുന്നത്തു നമസ്കാരങ്ങളിൽ “ഫാത്തിഹ’ യുടെ ശേഷം ഖുർആനിൽനിന്ന് ഏതെങ്കിലും സൂറത്ത് ഓതുന്നത് ഉത്തമമാകുന്നു.

ഫർദു നമസ്കാരത്തിന്റെ സമയമായാൽ അതിന്റെ മുമ്പുള്ള സുന്നത്തു നമസ്കാരത്തിന്റെ സമയമായി. ഫർദു നമസ്കരിച്ചു കഴിഞ്ഞാൽ ശേഷമുള്ള സുന്നത്തു നമസ്കാരത്തിന്റെ സമയവും ആയി.

“വിത്റ്’
വിത്റ് ഏറ്റവും ബലപ്പെട്ട സുന്നത്താകുന്നു. അതിൽ ഉപേക്ഷ വരുത്താതിരിക്കുവാൻ വളരെ ശ്രദ്ധിക്കണം. ഇശാഅ് നമസ്കരിച്ചു കഴിഞ്ഞാൽ വിത്റിന്റെ സമയമായി. പിന്നെ അതിന്റെ സമയം സുബ്ഹ് വരെ നീണ്ടു നില്ക്കുന്നു. ഇശാഅ് നമസ്കാരത്തിന്റെ ശേഷമുള്ള സുന്നത്തു നമസ്കാരം കഴിഞ്ഞ ശേഷമാണ് വിത്റ് നമസ്കരിക്കേണ്ടത്. വിത്റ് ഒന്നോ, മൂന്നോ, അഞ്ചോ, ഏഴോ, ഒമ്പതോ, പതിനൊന്നോ റക്അത്തുകളായി നമസ്കരിക്കാം. ഏതായാലും അവസാനത്തെ റക്അത്ത് ഒറ്റയായിരിക്കണം.

മൂന്നു റക്അത്ത് വിത്റ് നമസ്കരിക്കുകയാണെങ്കിൽ ആദ്യത്തെ രണ്ടു റക്അത്തിന്റെ അവസാനത്തിൽ തശഹ്ഹുദും സ്വലാത്തും ചൊല്ലി സലാം ചൊല്ലി വിരമിക്കുകയും പിന്നെ ഒറ്റ റക്അത്ത് നമസ്കരിക്കുകയും ചെയ്യാം. അല്ലെങ്കിൽ മഗ്രിബ് നമസ്കരിക്കുന്നതുപോലെ ആദ്യത്തെ അത്തഹിയ്യാത്തിന്റെ ശേഷം സലാം ചൊല്ലി വിരമിക്കാതെ ഒരു റക്അത്ത് തുടർത്തി നമസ്കരിക്കുകയും ചെയ്യാം. ആദ്യത്തെ തശഹ്ഹുദിന്നിരിക്കാതെ മൂന്ന് റക്അത്ത് ഒന്നായി നമസ്കരിച്ച ശേഷം അവസാനം അത്തഹിയ്യാത്തും സ്വലാത്തും മറ്റും ചൊല്ലി സലാം പറഞ്ഞു പിരിയുകയും ചെയ്യാം.

വിത്റ് മൂന്നു റക്അത്ത് നമസ്കരിക്കുമ്പോൾ ആദ്യത്തെ റക്അത്തിൽ ഫാതിഹയുടെ ശേഷം سَبِّحِ اسْمَ رَبِّكَ الْأَعْلَى എന്ന സൂറത്തും രണ്ടാമത്തെ റക്അത്തിൽ قُلْ يَا أَيُّهَا الْكَافِرُونَ എന്ന സൂറത്തും മൂന്നാമത്തേതിൽ സൂറത്തുൽ ഇഖ്ലാസും( قُلْ هُوَ اللَّهُ أَحَدٌ ) മുഅവ്വദതൈനിയും ( അൽഫലഖ്, അന്നാസ് ) ഓതുന്നത് ഉത്തമമാകുന്നു. വിത്റ് നമസ്കാരത്തിനു ശേഷം سبحان الملك القدوس എന്ന് മൂന്ന് പ്രാവശ്യം അല്പം ഉറക്കെ ചൊല്ലുന്നതും സുന്നത്താകുന്നു. ശേഷം رب الملائكة والروح എന്നു ചൊല്ലുന്നതും സുന്നത്താണ്.

സുന്നത്ത് നമസ്കാരങ്ങൾ (ii)
“തറാവീഹ്’
റമദാൻ മാസത്തിൽ ഇശാഅ് നമസ്കരിച്ച ശേഷമാണ് തറാവീഹ് നമസ്കാരത്തിന്റെ സമയം. റമദാനിന്റെ രാത്രികളിൽ ദീർഘനേരം ഖുർആൻ ഓതിക്കൊണ്ടുള്ള ഈ നമസ്കാരം വളരെ ശ്രേഷ്ഠമാകുന്നു. ഈരണ്ടു റക്അത്ത് കഴിഞ്ഞ് സലാം ചൊല്ലിക്കൊണ്ടാണ് നമസ്കരിക്കേണ്ടത്. തറാവീഹ് എട്ടു റക്അത്തും ഇരുപത് റക്അത്തും നമസ്കരിക്കാറുണ്ട്. റക്അത്തുകളുടെ എണ്ണം അധികരിച്ചില്ലെങ്കിലും ദീർഘസമയം നിന്നു ഖുർആൻ ഓതുകയും റുകൂഉം സുജൂദും ദീർഘിപ്പിക്കുകയും ചെയ്യുന്നതായാൽ അതാണുത്തമം. ശേഷം വിത്റ് നമസ്കരിക്കണം. രാത്രിയിലെ അവസാന നമസ്കാരം “വിത്റ്’ ആയിരിക്കണം.

റമദാനിൽ തറാവീഹും വിത്റും ജമാഅത്തായി നമസ്കരിക്കൽ സുന്നത്താകുന്നു.

തഹിയ്യത്ത് നമസ്കാരം
പള്ളിയിൽ പ്രവേശിച്ചാൽ ഒരു കാഴ്ച സമർപ്പിക്കുന്നതുപോലെ ആദ്യം രണ്ട് റക്അത്ത് നമസ്കരിക്കൽ സുന്നത്താകുന്നു. രണ്ടു റക്അത്ത് നമസ്കരിച്ച ശേഷമാണ് ഇരിക്കേണ്ടത്. ഇതിനാണ് തഹിയ്യത്ത് നമസ്കാരം എന്നു പറയുന്നത്. തഹിയ്യത്ത് നമസ്കാരത്തിന്റെ സമയം പള്ളിയിൽ പ്രവേശിച്ച ശേഷം ഇരിക്കുന്നതുവരെയാകുന്നു.

ദുഹാ നമസ്കാരം
സൂര്യൻ ഉദിച്ചു സുമാർ ഒരു കുന്തത്തിന്റെയത്ര ഉയർന്നു കഴിഞ്ഞതുമുതൽ ഉച്ച വരെയാണ് “ദുഹാ’ നമസ്കാരത്തിന്റെ സമയം. പൂർവാഹ്ന സമയത്തിനാണ് ദുഹാ എന്നു പറയുന്നത്. നമസ്കാരം ചുരുങ്ങിയാൽ രണ്ടു റക്അത്തും ഏറിയാൽ എട്ടു റക്അത്തും ആകുന്നു.

ഏതാനും സുന്നത്തു നമസ്കാരങ്ങളെക്കുറിച്ചു മാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ. മറ്റു ചില സുന്നത്തുകൾ കൂടിയുണ്ട്. അത് പിന്നീട് പഠിക്കാം.

ഖുനൂത്ത്
ഒരു പ്രത്യേക പ്രാർഥനയാണ് ഖുനൂത്ത്. നമസ്കാരത്തിന്റെ അവസാന റക്അത്തിലെ ഇഅ്തിദാലിലാണ് അത് ചൊല്ലേണ്ടത്. വിത്റ് നമസ്കാരത്തിലെ അവസാന റക്അത്തിന്റെ ഇഅ്തിദാലിൽ കൈ ഉയർത്തിക്കൊണ്ട് താഴെ ചേർക്കുന്ന ഖുനൂത്ത് ഓതുന്നത് ഉത്തമമാകുന്നു.
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ إِنَّكَ تَقْضِي وَلاَ يُقْضَى عَلَيْكَ وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ اللهم صلِّ ععلى النبي محمد

അല്ലാഹുവേ! നീ നേർവഴിയിലാക്കിയവരുടെ കൂടെ എന്നെയും നേർവഴിയിലാക്കേണമേ! നീ സൗഖ്യം നല്കിയവരുടെ കൂടെ എനിക്കും സൗഖ്യം നല്കേണമേ! നീ രക്ഷാ കർത്തൃത്വം ഏറ്റെടുത്തവരുടെ കൂടെ എന്റെ രക്ഷാകർത്തൃത്വവും ഏറ്റെടുക്കേണമേ! നീ നല്കിയിട്ടുള്ളതിൽ എനിക്ക് ബറകത്ത് ചെയ്യേണമേ! നീ വിധിച്ചിട്ടുള്ള നാശത്തിൽനിന്നു എന്നെ നീ കാത്തു രക്ഷിക്കേണമേ! നിശ്ചയമായും നീ വിധിക്കുന്നു
നിന്റെ മേൽ വിധിക്കപ്പെടുകയില്ല. നിശ്ചയം, നിന്ദ്യനാവില്ല, നീ സ്നേഹം പുലർത്തിയവൻ (നീ ആരുമായി സ്നേഹം പുലർത്തുന്നുവോ അവൻ നിന്ദ്യനായിത്തീരുകയില്ല.) നീ ആരുമായി ശത്രുത പുലർത്തിയോ അവൻ പ്രതാപവാനാവുകയുമില്ല. നീ അനുഗ്രഹം തികഞ്ഞവൻ. നീ ഉന്നതനായിട്ടുള്ളവൻ. മുഹമ്മദ് നബി(സ)ക്ക് നീ ഗുണം ചെയ്യേണമേ!

മുസ്ലിംകൾക്ക് വല്ല ആപത്തും സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ചു സമയത്തെ ഫർദു നമസ്കാരങ്ങളിലും ഖുനൂത്ത് ഓതുന്നത് നല്ലതാകുന്നു.

Related Articles