Current Date

Search
Close this search box.
Search
Close this search box.

ഖാലിദ് മിശ്അല്‍

Khaled_Meshaal.png

ശൈഖ് അഹ്മദ് യാസീന്‍, ഡോ. അബ്ദുല്‍ അസീസ് റന്‍തീസി എന്നീ മുന്‍നിര നേതാക്കളുടെ രക്തസാക്ഷ്യത്വത്തിന് ശേഷം ഹമാസിനെ നയിക്കുന്നത്‌ മിശ്അലാണ്. അനുയായികള്‍ അബുല്‍വലീദ് എന്നു വിളിക്കുന്ന അദ്ദേഹം അറബ് മുസ്‌ലിം ലോകത്ത് ജനപ്രീതിയുള്ള നേതാക്കളില്‍ ഒരാളാണ്.

ജോര്‍ഡാനിന്റെ ഭാഗമായിരുന്ന വെസ്റ്റ്ബാങ്കിലെ റാമല്ല നഗരത്തിന് സമീപം സില്‍വാദ് ഗ്രാമത്തില്‍ 1956-ല്‍ ജനിച്ചു. 1967-ല്‍ കുടുബത്തോടൊപ്പം കുവൈത്തിലേക്ക് പോയി. പിതാവ് കുവൈത്തില്‍ പള്ളി ഇമാമായിരുന്നു. 1971-ല്‍ 15ാം വയസ്സില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനില്‍ അംഗമായി. കുവൈത്ത് സര്‍വ്വകലാശാലയില്‍ ഊര്‍ജ്ജതന്ത്രം വിദ്യാര്‍ഥിയായിരിക്കെ ലിസ്റ്റ് ഓഫ് ദി ഇസ്‌ലാമിക് റൈറ്റ് എന്ന വിദ്യാര്‍ഥി സംഘടനക്ക് രൂപം നല്‍കി.

1987-ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം കുവൈത്തില്‍ ഊര്‍ജ്ജതന്ത്രം അധ്യാപനായി ജോലി നോക്കി. 1987-ല്‍ ഗസ്സയിലെ ഇഖ്‌വാന്‍ നേതാക്കള്‍ ഇസ്‌ലാമിക ചെറുത്തു നില്‍പ്പ് പ്രസ്ഥാനത്തിന് (ഹമാസ്) രൂപം നല്‍കിയപ്പോള്‍ സംഘടനയുടെ കുവൈത്ത് ചാപ്റ്ററിന്റെ നേതാവായി.

കുവൈത്തിലെ ഇറാഖ് അധിനിവേശത്തെ(1990) തുടര്‍ന്ന് ഫലസ്തീനികളെ പോലെ മിശ്അലും ജോര്‍ദാനിലേക്ക് ചേക്കേറി. മിശ്അലിന്റെ അമ്മാന്‍ യാത്രക്ക് ജോര്‍ഡാന്‍ ഭരണാധികാരി ഹുസൈന്‍ രാജാവിന്റെ ആശീര്‍വാദവുമുണ്ടായിരുന്നു. പി. എല്‍. ഒ നേതാവ് യാസിര്‍ അറഫാത്ത് ജോര്‍ദാനെ പ്രവര്‍ത്തനമേഖലയാക്കിയ കാലമായിരുന്നു അത്. ജോര്‍ദാനില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന അറഫാത്തിന് ബദലായി മിശ്അലിനെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് ഉദ്ദ്യേശ്യമായിരുന്നു രാജാവിന്റെ നീക്കത്തിന് പിന്നില്‍. ഒമാനിലെ ഹമാസ് ബ്യൂറോയുടെ ചുമതല മിശ്അലിനായിരുന്നു. തുടക്കത്തില്‍ ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യമനുവദിച്ചിരുന്ന ഹുസൈന്‍ രാജാവ് സമ്മര്‍ദ്ധങ്ങള്‍ക്ക് അടിമപ്പെട്ട് നിലപാട് മാറ്റി. ഹമാസിനെ സൂഷ്മനിരീക്ഷണത്തിന് വിധേയമാക്കിയ ഭരണകൂടം 1999-ല്‍ ഒമാനിലെ ഓഫീസ് അടച്ചു പൂട്ടി മിശ്അലിനെയും സഹപ്രവര്‍ത്തകരെയും തടങ്കലിലാക്കി. ജോര്‍ഡാനില്‍ നിന്ന് പുറത്താക്കപ്പെട്ട മിശ്അല്‍ രണ്ട് വര്‍ഷം ദോഹയില്‍ പ്രവാസിയായി കഴിഞ്ഞശേഷം 2001-ല്‍ കുടുബത്തോടൊപ്പം ദമാസ്‌കസിലേക്ക് താമസം മാറ്റി.

സംഘടനാ തീരുമാനപ്രകാരം ഫലസ്തീനിലേക്ക് പോവാതെ ദമാസ്‌കസിലിരുന്നാണ് കാര്യങ്ങള്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്. ഫലസ്തീന്‍ ഭൂപദേശത്തിന് പുറത്തായതിനാല്‍ ഹമാസ് ഏര്‍പ്പെടുത്തുന്ന സഞ്ചാര സ്വാതന്ത്ര്യ നിയന്ത്രണം അദ്ദേഹത്തെ ബാധിക്കുന്നില്ല. അതിനാല്‍ തന്നെ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഇതുവഴി സാധിക്കുന്നു. 2005-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഫലസ്തീന്‍ അതോറിറ്റിയുടെ ഭരണം ഹമാസിന് ലഭിച്ചു. തുടര്‍ന്ന് പുട്ടിന്‍ അദ്ദേഹത്തെ റഷ്യയിലേക്ക് സ്വാഗതം ചെയ്ത് സ്വീകരിച്ചിരുന്നു. 2006-ല്‍ യു.എസ് നയതന്ത്ര ഉദ്യോഗസ്തരുമായും കൂടിക്കാഴ്ച നടന്നു. ഹമാസിന് കീഴില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മിശ്അല്‍ നേതൃത്വം നല്‍കുന്നു. 2006-ല്‍ മാത്രം 100 മില്യണ്‍ ഡോളര്‍ അദ്ദേഹം സമാഹരിച്ചു. ഇസ്രായേലിന്റെ പരസ്യമായ വധഭീഷണി നേരിട്ടു കൊണ്ടിരിക്കെയാണ് ഈ യാത്രകളെല്ലാം നടത്തുന്നതും.

 

Related Articles