Current Date

Search
Close this search box.
Search
Close this search box.

റാശിദുല്‍ ഗന്നൂശി

gannushi.jpg

ജനാധിപത്യത്തേയും ഇസ്‌ലാമിനേയും കുറിച്ച ഗവേഷണങ്ങളിലൂടെയും തുനീഷ്യയിലെ പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ടു. ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ മുഖ്യമാര്‍ഗദര്‍ശിയായും സൈദ്ധാന്തികനായും വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ പേരില്‍ തുനീഷ്യന്‍ ഗവണ്‍മെന്റ് പുറത്താക്കിയതിനെത്തുടര്‍ന്ന് 22 വര്‍ഷക്കാലം ബ്രിട്ടനില്‍ പ്രവാസജീവിതം നയിച്ച ഗന്നൂശി 2011 ജനുവരി 30 ന് തുനീഷ്യയില്‍ തിരിച്ചെത്തി.

1941 ജൂണ്‍ 22ന് തെക്കന്‍ തുനീഷ്യയിലെ ഖാബിസ് പ്രവിശ്യയിലെ ഹാമ്മ ഗ്രാമത്തില്‍ ഒരു പാവപ്പെട്ട പരമ്പരാഗത കര്‍ഷക കുടുംബത്തിലായിരുന്നു ഗന്നൂശിയുടെ ജനനം. അമ്മാവന്‍ ബശീര്‍, ഗന്നൂശിയുടെ രാഷ്ട്രീയകാഴ്ച്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. പതിനാറാം വയസ്സില്‍ ഗന്നൂശിയുടെ കുടുംബം ഖാബിസ് നഗരത്തില്‍ പ്രാക്റ്റീസ് ചെയ്യുന്ന ജ്യേഷ്ഠന്റെ അടുത്തേക്ക് താമസം മാറി. നഗരത്തിലേക്കുള്ള ഈ കുടിയേറ്റം ഗന്നൂശിയുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.

1959ല്‍ തുനീഷ്യയിലെ അസ്സൈത്തൂന സര്‍വ്വകലാശാലയില്‍ ഇസ്‌ലാമികപഠനത്തിന് ചേര്‍ന്നു. 1964ല്‍ ഈജിപ്തിലെ കൈറോ യൂനിവേഴ്‌സിറ്റിയില്‍ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേര്‍ന്നു പഠനം തുടങ്ങി. ഈജിപ്ഷ്യന്‍ പ്രസിഡന്റ് ജമാല്‍ അബ്ദുന്നാസിറും തുനീഷ്യന്‍ പ്രസിഡന്റ് ഹബീബ് ബുര്‍ഗീബയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് സിറിയയിലെത്തുകയും ഡമാസ്‌കസ് സര്‍വ്വകലാശാലയില്‍ തത്വശാസ്ത്രത്തിന് ചേരുകയും ചെയ്തു. കുറഞ്ഞ കാലം യൂറോപ്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു. പിന്നീട് ഫ്രാന്‍സിലെ ഡൊബോണ്‍ സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷ പഠനത്തിന് ശേഷം തിരിച്ചെത്തി അന്നഹ്ദ രൂപീകരിച്ചു. 1967-ലെ അറബ്-ഇസ്രയേല്‍ യുദ്ധകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സൈനികപരിശീലനം നല്‍കി ഇസ്രായേലിനെതിരെ പൊരുതാന്‍ അനുമതി കൊടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹവും സഹപ്രവര്‍ത്തകരും രംഗത്തിറങ്ങി. 1965-ല്‍ ഗന്നൂശി യൂറോപ്യന്‍ പര്യടനത്തിനു പുറപ്പെട്ടു. തുനീഷ്യയില്‍ ആരംഭിച്ച അറബ് വിപ്ലവങ്ങള്‍ക്ക് പിന്നില്‍ ഗന്നൂശിയായിരുന്നു.

നാഗരികതയിലേക്കുള്ള വഴി, നാമും പാശ്ചാത്യരും, വിയോജിപ്പിനുള്ള അവകാശവും ഐക്യം എന്ന ബാധ്യതയും, ഫലസ്തീന്‍ പ്രശ്‌നം വഴിത്തിരിവില്‍, അവകാശങ്ങള്‍, ഇസ്‌ലാമിക രാഷ്ട്രത്തിലെ പൊതുസ്വാതന്ത്ര്യം, ഖദ്ര്‍ ഇബ്‌നു തൈമിയയുടെ വീക്ഷണത്തില്‍, മതേതരത്വവും പൊതുസമൂഹവും ഒരു താരതമ്യം, ഇസ്‌ലാമിക പ്രസ്ഥാനവും മാറ്റവും, തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനാനുഭവങ്ങള്‍, സ്ത്രീ ഖുര്‍ആനിലും മുസ്‌ലിം ജീവിതത്തിലും എന്നതാണ് ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍.

 

Related Articles