Current Date

Search
Close this search box.
Search
Close this search box.

ഹജ്ജിലേയും ഉംറയിലേയും സാങ്കേതിക പദങ്ങൾ

ഹജ്ജും ഉംറയും അതുമായി ബന്ധപ്പെട്ട മറ്റു ആരാധനാ കർമ്മങ്ങളിലും വരുന്ന സാങ്കേതിക പദങ്ങൾ നിരവധിയാണ്. ഹജ്ജും ഉംറയും ചെയ്യുന്ന ആളുകൾക്ക് അവയുടെ കർമ്മശാസ്ത്ര നിയമങ്ങളും രീതികളും മനസ്സിലാക്കാനും കർമ്മങ്ങൾ സുഗമമാക്കാനും സഹായിക്കുന്ന ഏതാനും സാങ്കേതിക പദങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

1- ഫവാത്ത്: ഒരു കാര്യം അതിന്റെ നിശ്ചിത സമയത്ത് ചെയ്യാതിരിക്കലാണ് ഫവാത്ത്. അറഫയിൽ നിൽക്കാതിരുന്നതിനാൽ ഹജ്ജ് നഷ്ടപ്പെടലാണ് ഇവിടെ ഉദ്ദേശ്യം. എന്നാൽ, ഉംറയിൽ അതൊരു പ്രശ്നമല്ല. കാരണം ഉംറ ഒരു പ്രത്യേക സമയം നിശ്ചയിക്കപ്പെട്ട ആരാധനാ കർമ്മമല്ല.

2- ഇഹ്സ്വാർ: അസുഖത്താലോ ശത്രുവിനാലോ ഹജ്ജിൽ നിന്നും ഉംറയിൽ നിന്നും തടയപ്പെടുന്നതിനാണ് ഇഹ്സ്വാർ എന്ന് പറയുന്നത്.

3- ആഫാഖി: ഇഹ്റാമിനുള്ള സ്ഥലങ്ങളായ മീഖാത്തിന് പുറത്തുള്ള ആൾക്കാണ് ആഫാഖി എന്ന് പറയുന്നത്. അത് മക്ക നിവാസിയാണെങ്കിലും അങ്ങനെത്തന്നെ. ഹല്ലിയ്യാണ് അതിന്റെ വിപരീത പദം. മീഖാത്തിനു അകത്തുള്ളവൻ എന്നർത്ഥം. എന്നാൽ, മക്കയുടെ ഹറം പരിധിക്ക് ഉള്ളിലുള്ളവരെ വിളിക്കുന്നത് ഹറമിയ്യ്‌ എന്നാണ്.

4- ഇസ്തിലാം: തിക്കിത്തിരക്കുണ്ടാക്കാതെ സാധ്യമാകുമെങ്കിൽ ഹജറുൽ അസ്‌വദ് തൊട്ട് മുത്തുന്നതിനാണ് ഇസ്തിലാം എന്ന് പറയുന്നത്. തിരക്ക് ഇല്ലായെങ്കിലാണ് ഇത് സുന്നത്തുള്ളത്. തിരക്കുണ്ടെങ്കിൽ പിന്നെ ഹജറുൽ അസ‌വദിന് നേരെ കൈ ചൂണ്ടലാണ് നല്ലത്.

5- ഇള് തിബാഅ്: ഇഹ്റാമിന്റെ വസ്ത്രം ധരിക്കലാണത്. വലത് കൈയിന്റെ കക്ഷത്തിലൂടെ ഇടത്ത് തോളിൽ ഇടുന്നതാണ് അതിന്റെ രൂപം. ഒരു പ്രവർത്തനത്തിൽ ഉന്മേഷം കിട്ടാൻ ആളുകൾ ചെയ്യുന്നതാണത്. ഹജ്ജിൽ ഹാജി ചെയ്യുന്നതും അത് തന്നെയാണ്.

6- തൽബിയത്ത്: ഹാജിയോ ഉംറ ചെയ്യുന്ന വ്യക്തിയോ ഇഹ്റാമിന് ശേഷം “ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്‌ ലബ്ബൈക്ക ലാ ശരീക്ക ലക ലബ്ബൈക്ക്‌, ഇന്നൽ ഹംദ വന്നിഅ്മത്ത ലക വൽ മുൽക്ക്, ലാ ശരീക്ക ലക്” എന്ന് ചൊല്ലുന്നതിനാണ് തൽബിയ്യത്ത് എന്ന് പറയുന്നത്. ലാ ഇലാഹ ഇല്ലല്ലാഹ്‌, മുഹമ്മദു റസൂലുല്ലാഹ്‌ എന്ന് പലയാവർത്തി ചൊല്ലലാണ് തഹ് ലീല്.

7- ഇഹ്റാം: ഹജ്ജ്, ഉംറ കർമ്മങ്ങളിലേക്ക് പ്രവേശിക്കലാണ് ഇഹ്റാം. ഇഹ്റാം വസ്ത്രം ധരിച്ചത് കൊണ്ടോ മീഖാത്തിൽ എത്തിയത് കൊണ്ടോ ഹജ്ജിലും ഉംറയിലും പ്രവേശിക്കുന്നില്ല, അതിനു നിയ്യത്ത് തന്നെ വേണം. നിയ്യത്തിന്റെ സ്ഥാനം ഹൃദയമാണ്. അതിനൊത്തു നാവു കൊണ്ട് ഉച്ചരിക്കൽ സുന്നത്തുമാണ്.

8- മീഖാത്ത്: ഹജ്ജും ഉംറയും ചെയ്യുന്നവർക്ക് ഇഹ്റാം ചെയ്യാൻ ശരീഅത്ത് നിർണ്ണയിച്ച സ്ഥലങ്ങൾക്കാണ് മീഖാത്ത്‌ എന്ന് പറയുന്നത്. ഹജ്ജും ഉംറയും ഉദ്ദേശിക്കുന്നവർ ഏതെങ്കിലും ഒരു മീഖാത്തിൽ വെച്ച് ഇഹ്റാം ചെയ്യൽ നിർബന്ധമാണ്. ഇഹ്റാമിന്‌ മുമ്പ് മീഖാത്തു വിട്ടുകടക്കൽ അനുവദനീയമല്ല. ഇറാഖിലെ ആളുകൾക്ക് മഹാനായ ഉമർ(റ) നിർദ്ദേശിച്ചു കൊടുത്തത് പോലെ ദുൽ ഹുലൈഫ, യലംലം, ജുഹ്ഫ, ഖർന് മനാസിൽ എന്നിവയാണത്.

9- ഇഫ്റാദ്: ഹജ്ജിന് മാത്രമായി ഇഹ്റാം ചെയ്യുന്നതിനാണ് ഇഫ്റാദ് എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ഹജ്ജിന് മുഫ്റദ് എന്ന് പറയപ്പെടുന്നു.

10- തമത്തുഅ്: ഹജ്ജിന് തൊട്ടുമുമ്പ് ഉംറ നിർവഹിക്കുകയും അതിനു ശേഷം ഇഹ്റാമിൽ നിന്ന് വിരമിക്കുകയും ചെയ്യുന്നതിന് പറയുന്ന പേരാണിത്. അതിനു ശേഷം ഹജ്ജിന് വേണ്ടി പുതുതായി ഇഹ്റാം ചെയ്യും. ഇങ്ങനെ ചെയ്യുന്ന വ്യക്തിയെ മുതമത്തിഅ് എന്നാണ് പറയുക.

11: ഖിറാൻ: ഹജ്ജിനും ഉംറക്കും വേണ്ടി ഒരുമിച്ച് ഇഹ്റാം ചെയ്യുകയോ അല്ലെങ്കിൽ ഹജ്ജ് മാസം ഉംറക്ക് വേണ്ടി ഇഹ്റാം ചെയ്യുകയും അതുവച്ച് തന്നെ ഹജ്ജിൽ പ്രവേശിക്കുകയും ചെയ്യുന്നതിനാണ് ഖിറാൻ എന്ന് പറയുന്നത്.

12- അൽ- അജ്ജു വസ്സജ്ജു: തൽബിയത്തു ഉച്ചത്തിൽ ചൊല്ലുന്നതിനാണ് അജ്ജ് എന്ന് പറയുന്നത്. എന്നാൽ, അല്ലാഹുവിനോടുള്ള വിധേയത്വമെന്നോണവും പാവങ്ങളെ ഭക്ഷിപ്പിക്കുന്നതിന് വേണ്ടിയും ഉദ്ഹിയത്ത് മൃഗത്തേയോ ഹദിയ്‌ മൃഗത്തേയോ അറുക്കുന്നതിനാണ് സജ്ജ് എന്ന് പറയുക. “ഏറ്റവും നല്ല ഹജ്ജ് അജ്ജും സജ്ജുമാണ്” എന്ന തിരുവചനമുണ്ട് (ഇബ്ൻ മാജ, തിർമുദി).

13- ഇഫാദത്ത്: അറഫയിൽ നിന്നതിനു ശേഷം ഹജ്ജിൽ നിന്നും മടങ്ങുന്നതിനാണ് ഇഫാദത്ത് എന്ന് പറയുന്നത്. അനുഗ്രഹം തേടുന്നതിൽ നിങ്ങൾക്ക് കുറ്റമൊന്നുമില്ല. “അറഫാത്തിൽ നിന്നു മടങ്ങുമ്പോൾ മശ്അറുൽ ഹറാമിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുക”(ബഖറ: 198) എന്ന ഒരു സൂക്തമുണ്ടല്ലോ.

14- റഫസ്, ഫുസൂഖ്, ജിദാൽ: റഫസ്‌ എന്നത് കൊണ്ടുള്ള വിവക്ഷ ലൈംഗിക ബന്ധത്തിൽ ഏർപ്പെടലാണ്. ഇഹ്റാം ചെയ്തൊരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം അത് നിഷിദ്ധവുമാണ്. മൃഗത്തെ വേട്ടയാടൽ, നഖം മുറിക്കൽ തുടങ്ങി ഇഹ്റാം സമയത്ത് ചെയ്യുന്ന എല്ലാ തെറ്റായ പ്രവർത്തികൾക്കും ഫുസൂഖ് എന്ന് പറയാം. ജിദാൽ എന്ന് പറഞ്ഞാൽ പരസ്പര തർക്കമാണ്. ഇഹ്റാം കെട്ടിയ ഒരാളെ സംബന്ധിച്ചെടുത്തോളം പരസ്പര തെറി വിളികളിലേക്കും അക്ഷേപത്തിലേക്കും മറ്റു തെറ്റായ പ്രവർത്തികളിലേക്കും ചെന്നെത്തുന്ന രീതിയിൽ മറ്റൊരാളോട് തർക്കിക്കുന്നതോ ദേഷ്യം പിടിപ്പിക്കുന്നതോ ഭൂഷണമല്ല.

15- സഇയ്: ഹജ്ജിലും ഉംറയിലും ത്വവാഫിന് ശേഷം സ്വഫാ മർവാക്കിടയിൽ ഏഴ് തവണ നടക്കുന്നതാണ് സഇയ്.

16- അൽ-മയ്‌ലാനുൽ അഖ്ളറാൻ: സ്വഫാ മർവാക്കിടയിലെ രണ്ടു പച്ച തൂണുകളാണിത്. ഇതിനിടയിലാണ് ഹജ്ജ് ചെയ്യുന്നവരും ഉംറ ചെയ്യുന്നവരും സഇയ് കർമ്മം നിർവഹിക്കുന്നത്‌. മനസ്സിലാകുന്ന രീതിയിൽ അവ പ്രത്യേകം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.

17- ത്വവാഫ്: തുടർച്ചയായി ഒരു ഇടർച്ചയുമില്ലാതെ കഅബക്ക്‌ ചുറ്റും ഏഴ് തവണ വലയം ചെയ്യുന്നതാണ് ത്വവാഫ്.

18- റമൽ: ത്വവാഫിനിടയിൽ ചവിട്ടടികൾ അടുപ്പിച്ച് വെച്ച് ചാട്ടമാകാത്ത രീതിയിൽ ധൃതിയിൽ നടക്കുന്നതിനാണ് റമൽ എന്ന് പറയുന്നത്. ആദ്യ മൂന്നു ത്വവാഫിലാണ് അത് സുന്നത്തുള്ളത്ത്, അത് തന്നെ പുരുഷന്മാർക്ക് മാത്രം.

19- ത്വവാഫുൽ ഖുദൂം: ഹജ്ജിന് മുന്നിടുന്ന സമയത്ത് ചെയ്യുന്ന ത്വവാഫാണിത്. അത് സുന്നത്തായ കർമ്മമാണ്.

20- ത്വവാഫുൽ ഇഫാളത്ത്: അറഫയിൽ നിന്ന് മടങ്ങിയതിന് ശേഷം അറവ് ദിവസം ചെയ്യുന്ന ത്വവാഫ് ആണിത്. ഇത് ഹജ്ജിന്റെ അഭിവാജ്യ ഘടകങ്ങളിലൊന്നാണ്.

21- ത്വവാഫുൽ വിദാഅ്: ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ചെയ്യുന്ന ത്വവാഫ്. സ്വദേശത്തേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇത് ചെയ്യുന്നത്. ഹജ്ജിൽ ഇത് നിർബന്ധ ത്വവാഫാണ്. ഉംറയിലിത് നിർബന്ധമല്ലെങ്കിലും ചെയ്യലാണ് ഉത്തമം.

22- അയ്യാമുത്തശ് രീഖ്: അറവ് ദിവസത്തിന് ശേഷമുള്ള മൂന്ന് ദിവസം. അന്നേ ദിവസം അവർ മാംസം വെയിലിൽ ഉണക്കാൻ ഇടുന്നത് കൊണ്ടാണ് ഈ പേര് വന്നത്. ഈ ദിവസങ്ങളിൽ അവർ മാംസം ചെറിയ കഷ്ണങ്ങളാക്കുകയും ഉണക്കുകയും വിതരണം നടത്തുകയും ചെയ്യും. ഇതിന് അൽഅയ്യാമുൽ മഅ്ദൂദാത്ത് എന്നും പേരുണ്ട്.

23- അൽ-ഹജ്ജുൽ അക്ബർ: അറവ് ദിവസമാണിത്. അന്നേ ദിവസം ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നത് കൊണ്ടാണ് ഈ പേരുവന്നത്. അല്ലാഹു പറയുന്നത് നോക്കൂ: “മഹത്തായ ഹജ്ജ് സുദിനത്തിൽ അല്ലാഹുവിന്റെയും റസൂലിന്റെയും പക്കൽ നിന്നു ജനങ്ങൾക്കുള്ള അറിയിപ്പാണിത്”(തൗബ: 3).

24- യൗമുത്തർവിയ്യ: ദുൽഹിജ്ജ എട്ടാം നാൾ. അന്നേ ദിവസം തീർഥാടകർ മിനായിലേക്കും അറഫയിലേക്കും പോകാൻ വെള്ളം കരുതിവെക്കുന്നതിനാലാണ് ഈ പേരുവന്നത്. മിനായിലേക്കു രാപ്പാർക്കാൻ പുറപ്പെടുന്ന ദിവസമാണിത്.

25- യൗമുൽഖർറ്: അറവ് ദിവസത്തിന് തൊട്ടടുത്ത ദിവസം, അഥവാ ദുൽഹജ്ജ് പതിനൊന്ന്. കല്ലേറ് പൂർത്തീകരിക്കാൻ മിനായിൽ രാപ്പാർക്കുകയും തങ്ങുകയും ചെയ്യുന്നത് കൊണ്ടാണ് ഈ പേരുവന്നത്.

26- യൗമുന്നഹ്ർ: പവിത്രമായ ഈദുൽ അദ്ഹായുടെ ഒന്നാം ദിനം, അഥവാ ദുൽഹിജ്ജ പത്ത്. അല്ലാഹുവിനോടുള്ള ആരാധനയുടെ ഭാഗമായി ഇന്നേ ദിവസം നാൽക്കാലികലെ അറവ് നടുത്തന്നതിനാൽ ഈ പേരുവന്നു. മിനായിലെ കല്ലേറിന് ശേഷം ബലിമൃഗത്തെ അറുക്കുന്നതിനാണ്‌ നഹ്ർ എന്ന് പറയുക.

27- യൗമുന്നഫ്‌ർ: ജംറയിലെ കല്ലേറിന് ശേഷം മക്കയിലേക്ക് പോകുന്ന ദിവസമാണിത്. ഇത് ഒന്നാം യൗമുന്നഫ്‌റാണ്, അഥവാ ദുൽഹജ്ജ് പന്ത്രണ്ട്. അയ്യാമുത്തശ് രീഖിലെ അവസാന ദിവസം ദുൽഹജ്ജ് പതിമൂന്നിന് രണ്ടാം യൗമുന്നഫ്‌റാണ്.

28- റമ് യുൽ ജിമാർ: യൗമുന്നഫ്‌ർ, അയ്യാമുത്തശ് രീഖ് എന്നീ ദിവസങ്ങളിൽ ഹാജിമാർ ചെയ്യുന്ന പുണ്യ കർമ്മമാണിത്. പ്രത്യേകമായ രീതിയിൽ ഏഴ് ചരൽകല്ലുകൊണ്ട് എറിയുക. മൂന്ന് ജംറകളാണുള്ളത്; ആദ്യ ജംറ, മധ്യ ജംറ, അവസാന ജംറ. മൂന്നും മസ്ജിദുൽ ഖീഫിനടുത്താണ് സ്ഥിതിചെയ്യുന്നത്.

29- ഹദിയ്‌: ഹാജി കൂടെ കൊണ്ടുപോവുകയോ അറുക്കാനെന്ന ഉദ്ദേശത്തിൽ വാങ്ങുകയോ ചെയ്യുന്ന മൃഗമാണിത്. മക്കയിൽ വെച്ച് അറുക്കാൻ കഅബയിലേക്ക് നൽകുന്ന സമ്മാനമാണ് ഹദിയ്‌.

30- തഖ് ലീദുൽ ഹദിയ്‌: ഹദിയ്‌ ആണെന്ന് അറിയപ്പെടാൻ വേണ്ടി മൃഗത്തിന്റെ കഴിത്തിൽ കെട്ടുന്ന വസ്തു.

31- ഇശ്ആറുൽ ഹദിയ്‌: ഒട്ടകത്തെ ഖിബ്‌ലയിലേക്ക് മുന്നീടിച്ച് ഹദിയ്‌ ആണെന്ന് അറിയിക്കുന്ന രീതിയിൽ അതിന്റെ പൂഞ്ഞയിൽ കുത്തി രക്തം ഒലിപ്പിക്കുന്നതിനു പറയുന്നത്. ഒട്ടകം പോലെ മറ്റു മാടുകളിലും അത് ചെയ്യും.

32- ഫിദിയത്തുൽ അദാ: തുന്നിക്കൂട്ടിയത് ധരിക്കുക, സുഗന്ധം ഉപയോഗിക്കുക എന്നിവ പോലെ ഇഹ്റാം സമയത്ത് നിഷിദ്ധമായ കാര്യങ്ങൾ ചെയ്തതിനു പരിഹാരമെന്നോണം അല്ലാഹുവിന് സമർപ്പിക്കുന്നത്.

33- ബദനത്ത്: ഒട്ടകം, മാട് എന്നിവക്ക് പറയുന്നത്. ആടിനും പറയുമെന്ന് ഒരു അഭിപ്രായമുണ്ട്. അതല്ല, വലിയ ശരീരമായതിനാൽ ഒട്ടകത്തിന് മാത്രം പ്രത്യേകമായ പേരാണ് എന്നും അഭിപ്രായമുണ്ട്. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞത് നിരുപാധികം ആൺ, പെൺ ഒട്ടകങ്ങൾക്കാണ്.

34- മുസ്‌ദലിഫ: അറഫയിൽ നിന്ന് സൂര്യാസ്തമയത്തിന് ശേഷം തങ്ങാൻ വേണ്ടി ഇറങ്ങുന്ന സ്ഥലം. അവിടെ വെച്ച് മഗ് രിബ്, ഇഷാഅ് നമസ്കാരങ്ങൾ ഒന്നിച്ച് ഖസ്‌റ് ആക്കി നിർവഹിക്കും.

35- മഖാമു ഇബ്റാഹീം: കഅബയുടെ കവാടത്തിന് നേരെ ചില്ലിനാൽ നിർമ്മിക്കപ്പെട്ടത്. അതിൽ ഇബ്റാഹീം നബിയുടെ പാദ സ്പർശമേറ്റ കല്ലുണ്ട്. അതിൽ കയറി നിന്നാണ് ഇബ്റാഹീം നബി കഅബ നിർമ്മിച്ചത്. ത്വവാഫ് കഴിഞ്ഞതിന് ശേഷം അതിനു പിന്നിൽ നിന്ന് രണ്ട് റക്അത്ത് നമസ്കരിക്കൽ സുന്നത്തുണ്ട്.

36- ഖീഫ്: മിനായിലെ അറിയപ്പെട്ട സ്ഥലം. മസ്ജിദുൽ ഖീഫ്‌ എന്ന പേരിൽ വിശാലമായ വലിയ പള്ളിയുണ്ടവിടെ. അറവു ദിവസം ഇമാം അവിടെ നമസ്കരിക്കും.

37- ഹിജ്ർ ഇസ്മാഈൽ: കഅബയെ ചുറ്റുന്ന എടുപ്പ്. അതിനു 1.3 മീറ്റർ ഉയരമുണ്ട്. കഅബയുടെ ഭാഗം തന്നെയായതിനാൽ അതിനകത്ത് ത്വവാഫ് ചെയ്താൽ ശരിയാകില്ല.

38- മുൽതസിം: ഹജറുൽ അസ്‌വദുൻറെയും കഅബയുടെ കവാടത്തിനുമിടയിലെ സ്ഥലം. ഇവിടെ വെച്ച് ഹാജിമാർ പ്രത്യേകമായി പ്രാർത്ഥിക്കുന്നു.

39- അർറുകുനുൽ യമാനിയ്യ്‌: ഹജറുൽ അസ്‌വദിന്റെ തൊട്ട് മുമ്പുള്ള റുക്‌ന്. വലത് ഭാഗത്ത് ആയതിനാൽ യമാനിയ്‌ എന്ന് പറയുന്നു. ത്വവാഫ് ചെയ്യുമ്പോൾ അവിടെ കൈ തൊട്ട് ചുംബിക്കൽ സുന്നത്തുണ്ട്. തിരക്ക് കാരണം അതിനു സാധ്യമായില്ല എങ്കിൽ ആംഗ്യം കാണിക്കേണ്ടതില്ല.

40- മീസാബ്: മഴ വെള്ളം ഒലിച്ചു പോകാൻ കഅബക്ക്‌ മുകളിൽ തയ്യാറാക്കപ്പെട്ട പാത്തി. അതിനു മീസാബുർറഹ്മ എന്നും പേരുണ്ട്. കഅബയുടെ വടക്കേ ചുമരിൽ ഉയരത്തിൽ ഒത്ത നടുക്കാണ് അത് സ്ഥിതി ചെയ്യുന്നത്.

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles